head3
head1

ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തത് വിനയായി,അയര്‍ലണ്ട് പവര്‍കട്ട് ഭീഷണിയില്‍

ഡബ്ലിന്‍ : കോവിഡ് കെടുതികള്‍ക്കിടെ അയര്‍ലണ്ടുകാര്‍ക്ക് പവര്‍കട്ടിനെയും നേരിടേണ്ടി വന്നേക്കും. വിന്ററില്‍ വൈദ്യുതിക്ഷാമം നേരിടുമെന്ന ഭീഷണിയാണുയര്‍ന്നിട്ടുള്ളത്.കോവിഡ് പ്രതിസന്ധികള്‍ മൂലം ഡബ്ലിനിലെയും കോര്‍ക്കിലെയും ജനറേറ്ററുകള്‍ക്കുള്ള അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ പോയതും ഇയുവിന്റെ കാലാവസ്ഥാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് പവര്‍കട്ടിലേയ്ക്കുള്ള വഴിതുറക്കുന്നതെന്ന് രാജ്യത്ത് വൈദ്യുതി നെറ്റ് വര്‍ക്കിന് നേതൃത്വം നല്‍കുന്ന ഏയര്‍ ഗ്രിഡ് പറഞ്ഞു.

കോവിഡ് പാന്‍ഡെമിക് മൂലം ഡബ്ലിനിലും കോര്‍ക്കിലുമുള്ള രണ്ട് ഗ്യാസ് പവര്‍ പ്ലാന്റുകളിലെ അറ്റകുറ്റപ്പണികള്‍ വൈകിയിരുന്നു. മാത്രമല്ല,യൂറോപ്യന്‍ യൂണിയന്‍ കാലാവസ്ഥാ നിര്‍ദ്ദേശങ്ങളും വീടുകളുടെ വൈദ്യുതി ആവശ്യവും തമ്മില്‍ പൊരുത്തപ്പെടേണ്ടതുമുണ്ടെന്നും ഏയര്‍ ഗ്രിഡ് പറഞ്ഞു.

അയര്‍ലണ്ടിന്റെ വൈദ്യുതി ആവശ്യം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം ,പുനരുല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതിയുടെ ഉല്‍പ്പാദനം കുറയുകയുമാണ്. അതിനാല്‍ വിതരണവും ആവശ്യകതയും ബാലന്‍സ് ചെയ്യുന്നത് വലിയ സമ്മര്‍ദ്ദമാണുണ്ടാക്കുന്നതെന്ന് യൂണിവേഴ്സിറ്റി കോളജ് ഓഫ് കോര്‍ക്കിലെ എനര്‍ജി എന്‍ജിനീയറിംഗ് പ്രൊഫ.ബ്രയാന്‍ ഒ ഗല്ലകൊയര്‍ പറഞ്ഞു.

ഉയരുന്ന വൈദ്യുതി ഉപയോഗം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അയര്‍ലണ്ടിലുടനീളം റിന്യൂവബിള്‍ എനര്‍ജിയുടെ ഉപയോഗവും വൈദ്യുതിയുടെ ആവശ്യകതയും ഒരുപോലെ വര്‍ദ്ധിച്ചതായും പ്രൊഫ.പറഞ്ഞു.ഹീറ്റ് പമ്പുകള്‍, ഡാറ്റാ സെന്ററുകള്‍, ഇലക്ട്രിക് കാറുകള്‍ എന്നിവയെല്ലാം അധിക വൈദ്യുതി ആവശ്യത്തിന് കാരണമായിട്ടുണ്ട്. രാജ്യത്തെ 11% വൈദ്യുതി ഉപയോഗവും ഡാറ്റാ സെന്ററുകള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമീപകാല യുഎന്‍ റിപ്പോര്‍ട്ട് സമ്പദ്വ്യവസ്ഥ, ഗതാഗതം, താപനം, കൃഷി എന്നിവയിലുടനീളമുള്ള ഉദ്ഗമനം കുറയ്ക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണെന്ന അദ്ദേഹം പറഞ്ഞു. അതേസമയം നമുക്ക് ആവശ്യത്തിനുള്ള വൈദ്യുതിയുടെ ലഭ്യത ഉറപ്പാക്കുകയും വേണം.അയര്‍ലണ്ടിന്റെ വൈദ്യുതി ഘടന പൂജ്യം-കാര്‍ബണ്‍ സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഈ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.