head3
head1

ബാങ്ക് ഓഫ് അയര്‍ലണ്ടിനെ സ്വകാര്യവല്‍ക്കരിക്കുന്നു,ഓഹരി വില്‍ക്കാന്‍ നടപടി

ഡബ്ലിന്‍ : ബാങ്ക് ഓഫ് അയര്‍ലണ്ടിനെ  സമ്പൂർണ്ണമായി  സ്വകാര്യവല്‍ക്കരിക്കുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി.ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികളാണ് ആരംഭിക്കുന്നത്. 2017ന് ശേഷം നടക്കുന്ന രാജ്യത്തെ ബാങ്കുകളുടെ സര്‍ക്കാര്‍ ഓഹരികളുടെ ആദ്യ വില്‍പ്പനയാണിത്.

വര്‍ഷാവസാനത്തോടെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുന്ന പ്രക്രിയ ആരംഭിക്കുമെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ അറിയിച്ചു.ഈ പ്രക്രിയ നിയന്ത്രിക്കുന്നതിന് സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സിനെ നിയമിച്ചതായും മന്ത്രി അറിയിച്ചു.

ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഫയലിംഗ് അനുസരിച്ച് ബാങ്കിലെ സര്‍ക്കാരിന്റെ ഓഹരി മൂല്യത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.അത് 13.95%ല്‍ നിന്ന് 13%മായാണ് കുറഞ്ഞത്.മാര്‍ക്കറ്റ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓഹരികള്‍ വില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

ബാങ്കിന്റെ സംസ്ഥാന ഓഹരി വില്‍പ്പനയ്ക്ക് നടപടി ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബാങ്ക് ഓഫ് അയര്‍ലണ്ട് ചീഫ് എക്സിക്യൂട്ടീവ് ഫ്രാന്‍സെസ്‌ക മക് ഡൊണാഗ് പറഞ്ഞു.ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണെന്ന് സിഇഒ പറഞ്ഞു.ബാങ്ക് സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചെത്തുന്നത് ബാങ്കര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

അയര്‍ലണ്ടിലെ മറ്റ് ബാങ്കുകള്‍, മറ്റ് കോര്‍പ്പറേറ്റുകള്‍, യൂറോപ്പിലുടനീളമുള്ള ബാങ്കുകള്‍ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് മത്സരാധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മക്ഡൊണാഗ് പറഞ്ഞു.

സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം ഐറിഷ് ബാങ്കുകളില്‍ ബോണസ് നല്‍കുന്നത് നിരോധിച്ചിരിക്കുകയാണ്.വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ 465 മില്യണ്‍ യൂറോയാണ് നികുതിക്ക് മുമ്പുള്ള ബാങ്കിന്റെ ലാഭമെന്നും സിഇഒ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.