head1
head3

അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ തയാറെടുക്കുന്നവര്‍ക്ക് കെണിയൊരുക്കി സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികള്‍

ഡബ്ലിന്‍ : ഊഹക്കച്ചവടത്തെ നിയന്ത്രിച്ച് ഭവനവിപണിയെ വരുതിയിലാക്കുന്നതിന് കര്‍ശന നിയമനിര്‍മ്മാണത്തിനൊരുങ്ങുകയാണ് ഭവനിര്‍മ്മാണ മന്ത്രി ഡാരാ ഒബ്രിയന്‍. ഭവനനിര്‍മ്മാണ മേഖലയില്‍ സമൂലമായ മാറ്റത്തിനുതകുന്ന പരിഷ്‌കാര നടപടികളാണ് ഭവനമന്ത്രി കൊണ്ടുവരുന്നതെന്നാണ് അവകാശപ്പെടുന്നതെങ്കിലും അന്തിമമായി, വീട് വാങ്ങാന്‍ തയ്യാറാവുന്നവര്‍ക്ക് പുതിയ വെല്ലുവിളിയാകുമെന്ന് സൂചനകള്‍.

ഭവന നിര്‍മ്മാണത്തിനായി വക മാറ്റുന്ന ഭൂമിയുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധനവിന്റെ പകുതി വരെ സര്‍ക്കാരിന് നല്‍കുന്നതിന് ഉടമകളെയും ഡെവലപ്പര്‍മാരെയും നിര്‍ബന്ധിതമാക്കുന്ന നിയമമാണ് ഭവനമന്ത്രി അണിയറിയില്‍ ഒരുക്കുന്നത്.

വില കുറഞ്ഞ ഭൂമി വാങ്ങി കൂട്ടിയ ശേഷം റസിഡന്‍ഷ്യല്‍ സോണ്‍ അനുമതി തേടുകയും ,അനുമതി ലഭിച്ചാല്‍ ഭൂമി വില കുത്തനെ ഉയര്‍ത്തി മൊത്തമായി പ്രോജക്ട് വില ഉയര്‍ത്തുകയും ചെയ്യുന്ന പതിവ് ശീലം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണെങ്കിലും അങ്ങനെ വര്‍ധിപ്പിക്കുന്ന വിലയുടെ ഭാരം അന്തിമമായി വീട് വാങ്ങാന്‍ കാത്തിരിക്കുന്നവരുടെ മേല്‍ അടിച്ചേല്പിക്കുന്നതിനുള്ള ലൈസന്‍സ് നല്‍കുകയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് ആക്ഷേപം.

ഭവനനിര്‍മ്മാണ രംഗത്തു മാത്രമല്ല അയര്‍ലണ്ടിന്റെ സാമൂഹിക സാമ്പത്തിക രംഗത്താകെ സമൂലമായ മാറ്റമുണ്ടാക്കുന്ന ഈ നിയമത്തിന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍,ഗ്രീന്‍ പാര്‍ട്ടി നേതാവ് ഈമണ്‍ റയാന്‍ എന്നിവരുടെ പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.പുതിയ നിയമം 2022 ന്റെ തുടക്കത്തില്‍ ഡെയ്ലിലും സീനഡിലുമെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഭൂമി വില വര്‍ധനവിന്റെ നേട്ടം സ്വകാര്യമേഖലയ്ക്ക് മാത്രമോ ?

സോണിംഗ്, പബ്ലിക് അതോറിറ്റികളുടെ നിക്ഷേപം എന്നിവയുണ്ടാകുമ്പോള്‍ സ്വകാര്യ ഭൂമിയുടെ മൂല്യം ഗണ്യമായി വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പ്രയോജനം സര്‍ക്കാരിന് ലഭിക്കാറില്ല. ഇതിന് തടയിട്ട് രാജ്യത്തിന് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഭവനമന്ത്രിയുടെ നീക്കമത്രേ.

പതിറ്റാണ്ടുകളായി പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ ഏറ്റവും അടിസ്ഥാന വ്യവസ്ഥകള്‍ പുനക്രമീകരിക്കാനാണ് മന്ത്രി ഇതിലൂടെ ലക്ഷ്യമിടുന്നത്.അറ്റോര്‍ണി ജനറലില്‍ നിന്നുള്ള പ്രാഥമിക നിയമോപദേശം ലഭിച്ചാലുടന്‍ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണമുണ്ടാകും.

നിയമം വരുന്നത് കെന്നി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

പ്രോപ്പര്‍ട്ടി വില നിയന്ത്രിക്കുന്നതിനുള്ള സുപ്രധാന രേഖയായി കണക്കാക്കുന്ന 1970 കളിലെ കെന്നി റിപ്പോര്‍ട്ടില്‍ സമാനമായ ചില നടപടികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടിയുണ്ടായില്ല.ഇതിനെ പൊടിതട്ടിയെടുത്ത് രാജ്യത്താകെ മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

‘ഭൂമിയുടെ മൂല്യം പങ്കിടല്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുതിയ പദ്ധതി മന്ത്രിയുടെ ഹൗസിംഗ് മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെട്ടതായും ഉന്നത കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ ഇത് പ്രസിദ്ധീകരിക്കുമെന്നും അറിയുന്നു.

ഭവന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പുതിയ നീക്കത്തിന്റെ ഫലമായി സോണിങ്ങില്‍ പെടാത്ത ഭൂമി വാങ്ങി വില ഗണ്യമായി വര്‍ദ്ധിപ്പിക്കാതിരുന്നെങ്കില്‍ മാത്രമേ അതിനുള്ള പ്രയോജനം വീടിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളു.എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിടുന്ന പ്രകാരമുള്ള നടപടികള്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നതിന് തുല്യമാകും എന്ന വാദമാണ് ഉയര്‍ത്തുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.