ഗൂഗിളിനെ ‘പിടിയ്ക്കാന്‍’ യൂറോപ്യന്‍ യൂണിയന്, ഉപഭോക്താക്കള്‍ക്ക് കൃത്യമായ സേര്‍ച്ച് റിസള്‍ട്ട് നല്‍കണം
ഡബ്ലിന്‍ : ഗൂഗിളില്‍ ഹോട്ടലുകളുടെയും ഫ്ളൈറ്റുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് അതൃപ്തി. മികച്ചതും യഥാര്‍ഥവുമായ സെര്‍ച്ച് റിസള്ട്ടുകളല്ല ഗൂഗിള്‍ നല്‍കുന്നതെന്ന പൊതുവിമര്ശനമുയര്ന്നതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഗൂഗിളിന് രണ്ടു മാസം കൂടി സമയം നല്‍കിയിരിക്കുകയാണ് യൂറോപ്യന്‍ കമ്മീഷന്.
ഗൂഗിളിന്റെ ബിസിനസ്സ് രീതികളെക്കുറിച്ച് ലോകമെമ്പാടുമുള്ള എതിരാളികളും ഉപഭോക്തൃ ഗ്രൂപ്പുകളും ദീര്‍ഘകാലമായി സൂക്ഷ്മപരിശോധന നടത്തി വരികയാണ്. ഏറെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന് വിശദീകരണമാരാഞ്ഞതും മറുപടി നല്‍കുന്നതിന് നിശ്ചിത സമയം അനുവദിച്ചതും.
ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. അതിന്റെ ബിസിനസ്സ് രീതികള്‍ പലപ്പോഴും വിവാദവും കനത്ത പിഴയടക്കമുള്ള നിയമനടപടികളും നേരിട്ടിട്ടുണ്ട്.
സെര്‍ച്ച് റിസള്‍ട്ടുകളിലെ പോരായ്മകള്‍
സെര്‍ച്ച് റിസള്‍ട്ടുകള്‍ അവതരിപ്പിക്കുന്ന രീതി മെച്ചപ്പെടുത്തണമെന്നാണ് കമ്മീഷന് ഗൂഗിളിന് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. മാത്രമല്ല റിസള്‍ട്ടുകള്‍ റാങ്കുചെയ്യുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.അതിന് തയ്യാറായില്ലെങ്കില്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഗൂഗിളിന് മുന്നറിയിപ്പ് നല്‍കിയതായി യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ യൂണിയന് ഉപഭോക്തൃ അതോറിറ്റികളും അറിയിച്ചു.
ഗൂഗിളിന്റെ സര്‍വ്വീസുകളായ ഗൂഗിള്‍ ഫ്ളൈറ്റുകള്‍, ഗൂഗിള്‍ ഹോട്ടലുകള്‍ എന്നിവയിലെ നിരക്കുകളെക്കുറിച്ചുള്ളതാണ് പുതിയ പരാതികള്‍.ഫീസുകളും നികുതികളുമൊക്കെ ഉള്‍പ്പെടുത്തി അന്തിമ നിരക്കുകള്‍ മുന്‍കൂട്ടി കണക്കാക്കാവുന്ന നിലയിലാകണം ഇത് സെറ്റ് ചെയ്യേണ്ടതെന്നാണ് കമ്മീഷന് കരുതുന്നത്. മാത്രമല്ല,നിലവിലുള്ള കിഴിവുകളും മറ്റും വ്യക്തമായി തിരിച്ചറിയാനും കഴിയണ്ടേതുണ്ട്. ഇക്കാര്യം ഡച്ച് ഏജന്‍സിയുടെയും ബെല്‍ജിയന്‍ ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ ഇക്കണോമിക് ഇന്സ്പെക്ഷന്റെയും നേതൃത്വത്തിലുള്ള യൂറോപ്യന്‍ യൂണിയന് എക്സിക്യൂട്ടീവും നാഷണല്‍ കണ്‍സ്യൂമര്‍ വാച്ച്ഡോഗുകളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കരുതെന്ന്
അവധിക്കാലം ആസൂത്രണം ചെയ്യുന്നതിനായി സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയന് ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കരുതെന്ന് നിര്‍ബന്ധമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന് ജസ്റ്റിസ് കമ്മീഷണര്‍ ഡിഡിയര്‍ റെയ്ന്‍ഡേഴ്സ് പറഞ്ഞു.അതിന് സുതാര്യവും പക്ഷപാതരഹിതവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കേണ്ടതുണ്ട്.
ഉപഭോക്താക്കളെക്കാള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് കൂടുതല്‍ അവകാശങ്ങളും പ്രാധാന്യവും നല്‍കുന്നതെന്ന സംശയവും ചില കേസുകള്‍ കാണിക്കുന്നുണ്ട്. അതിനാല്‍ ഗൂഗിളിന്റെ ഗൂഗിള്‍ സ്റ്റോറിന്റെ സ്റ്റാന്‍ഡേര്‍ഡ് നിബന്ധനകള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും ഇദ്ദേഹം വെളിപ്പെടുത്തി.ഗൂഗിളിന്റെ പ്രൊപ്പോസല്‍ പര്യാപ്തമല്ലെങ്കില്‍, ഏജന്‍സികള്‍ കമ്പനിയുമായി കൂടുതല്‍ ചര്‍ച്ച നടത്തും. ആവശ്യമെന്നുകണ്ടാല്‍ ഉപരോധവും ഏര്‍പ്പെടുത്തുമെന്നും റെയ്ന്‍ഡേഴ്സ് പറഞ്ഞു.
സ്വാഗതാര്‍ഹമെന്ന് ഗൂഗിള്‍
കമ്മീഷന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് മികച്ചതും കൂടുതല്‍ സുതാര്യത നല്‍കുന്നതുമായ സര്‍വീസ് എങ്ങനെ നല്‍കാമെന്നതു സംബന്ധിച്ച് ഉപഭോക്തൃ സംരക്ഷണ ഏജന്‍സികളുമായും യൂറോപ്യന്‍ കമ്മീഷനുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl
Comments are closed.