head1
head3

വാടക നിയന്ത്രണം സംബന്ധിച്ച പുതിയ ബില്ലിന്  അംഗീകാരം,ആശങ്ക വേണ്ട….എട്ട് ശതമാനം വാടക വര്‍ധനയുണ്ടാകില്ല

ഡബ്ലിന്‍ : വാടക നിയന്ത്രണം സംബന്ധിച്ച പുതിയ ബില്ലില്‍ പ്രസിഡന്റ് മൈക്കിൾ  ഡി ഹിഗ്ഗിന്‍സ് ഒപ്പുവച്ചു. വീട്ടുടമകള്‍ എട്ട് ശതമാനം വരെ വാടക വര്‍ധിപ്പിക്കുമെന്ന ആശങ്കയ്ക്കും ഇതോടെ വിരാമമായി .

ഹാര്‍മോണൈസ്ഡ് ഇന്‍ഡെക്സ് (എച്ച്ഐസിപി) അനുസരിച്ച് മാത്രമേ റെന്റ് പ്രഷര്‍ സോണുകളിലെ (ആര്‍പിസെഡ്) വാടക വര്‍ദ്ധിപ്പിക്കാന്‍ കഴിയൂവെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ബില്‍.കഴിഞ്ഞ മാസമാണ് ഭവന മന്ത്രി ഡാരാ ഓബ്രിയന്‍ റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് (നമ്പര്‍ 2) ബില്‍ 2021 കൊണ്ടുവന്നത്.ഡെയ്ലിലും സീനഡിലും പാസാക്കിയ ബില്ലിലാണ് പ്രസിഡന്റ് ഒപ്പിട്ടത്.

പൊതു പണപ്പെരുപ്പത്തിന് അനുസൃതമായി, നിലവില്‍ 2 ശതമാനത്തില്‍ താഴെയുള്ള വാടക വര്‍ദ്ധനവേ ഉണ്ടാകൂവെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി ഓബ്രിയന്‍ പറഞ്ഞു.വാടകക്കാര്‍ മുന്‍കൂറായി നല്‍കേണ്ട ഡെപ്പോസിറ്റ് തുകയും പുതിയ ബില്ലിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. ഇനി മുതല്‍ ഒരു മാസത്തെ വാടക മുന്‍കൂറായി നല്‍കിയാല്‍ മതിയാകും.

മുമ്പ് ആര്‍പിസെഡുകളിലെ വാടക പ്രതിവര്‍ഷം 4% വര്‍ദ്ധിപ്പിക്കാന്‍ ഭൂവുടമകള്‍ക്ക് അധികാരമുണ്ടായിയിരുന്നു.കഴിഞ്ഞ വര്‍ഷം കോവിഡ് പകര്‍ച്ചവ്യാധിയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ മൂലം നാല് ശതമാനമെന്ന ഈ അധികാരമുപയോഗിക്കാന്‍ ഭൂഉടമകള്‍ക്ക് സാധിച്ചിരുന്നില്ല.

വാടകക്കാരെ ഒഴിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനവും വാടക മരവിപ്പിക്കലുമെല്ലാമാണ് ഇതിന് തടസ്സമായത്. ഈ നിയന്ത്രണങ്ങള്‍ അവസാനിച്ചാല്‍ ഭൂവുടമകള്‍ രണ്ടു വര്‍ഷത്തേയും കൂട്ടി 8% വരെ വാടക വര്‍ദ്ധിപ്പിക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു.ചില വാടകക്കാര്‍ക്ക്് ഇത്തരത്തില്‍ നോട്ടീസുകളും നല്‍കിയിരുന്നു.പുതിയ നിയമം വന്നതോടെ ഈ ഭീഷണിയാണ് ഒഴിവായത്.

പുതിയ റെന്റ് പ്രഷര്‍ സോണ്‍ കാല്‍ക്കുലേറ്റര്‍ സ്ഥാപിച്ച് എച്ച്ഐസിപി വാല്യു നിരീക്ഷിക്കാനും നിയമാനുസൃത വാടക ഉറപ്പാക്കാനുള്ള ശ്രമവും റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡ് ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.