head3
head1

ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ;പ്രിയപ്പെട്ട യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളിലൊന്നായി അയര്‍ലണ്ട്

ഡബ്ലിന്‍ : നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് പ്രിയപ്പെട്ട യൂറോപ്യന്‍ ഡെസ്റ്റിനേഷനുകളിലൊന്നായി തുടരുകയാണ് അയര്‍ലണ്ട്. എഫ്ഡിഐയുടെ കാര്യത്തില്‍ ഏറ്റവും ആകര്‍ഷകമായ യൂറോപ്പിലെ മികച്ച പത്ത് സ്ഥലങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഇക്കാര്യത്തില്‍ യൂറോപ്യന്‍ ലീഗ് പട്ടികയില്‍ ഒമ്പതാം സ്ഥാനമാണ് അയര്‍ലണ്ടിന്.

2020ല്‍ 165 നേരിട്ടുള്ള വിദേശ നിക്ഷേപ പദ്ധതികളാണ് അയര്‍ലണ്ടിലെത്തിയത്. 2019നെ അപേക്ഷിച്ച് നിക്ഷേപ പദ്ധതികളില്‍ കുറവുണ്ടായെങ്കിലും സ്ഥാനം നിലനിര്‍ത്താന്‍ അയര്‍ലണ്ടിന് കഴിഞ്ഞുവെന്നതാണ് നേട്ടം.2019ല്‍ 191 നിക്ഷേപ പദ്ധതികളാണ് അയര്‍ലണ്ടിന് ലഭിച്ചത്.

ഇവൈ യൂറോപ്യന്‍ അട്രാക്ടീവ്നെസ് സര്‍വെ 2021ലാണ് ഈ കണ്ടെത്തല്‍.എഫ്ഡിഐയുടെ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ യൂറോപ്പിന്റെ പ്രകടനവും ധാരണകളുമാണ് സര്‍വ്വേ വിലയിരുത്തിയത്. കൂടാതെ കോവിഡ് 19 നിക്ഷേപ തീരുമാനങ്ങളില്‍ ചെലുത്തിയ സ്വാധീനം പരിശോധിക്കുന്നതിനായി 550 അന്താരാഷ്ട്ര നിക്ഷേപകരിലാണ് സര്‍വ്വേ നടത്തിയത്.

കോവിഡിലും തളരാതെ അയര്‍ലണ്ട്

അയര്‍ലണ്ടിന്റെ എഫ്ഡിഐ പദ്ധതികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറഞ്ഞുവെന്ന്് സര്‍വ്വെ പറയുന്നു.ബ്രക്സിറ്റ് പശ്ചാത്തലമാണ് ഇതിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്. 2018ല്‍ 205 പ്രോജക്ടുകളെന്ന് റെക്കോര്‍ഡ് നേട്ടമുണ്ടാക്കാന്‍ അയര്‍ലണ്ടിന് കഴിഞ്ഞിരുന്നു.എന്നിരുന്നാലും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, അയര്‍ലണ്ട് പ്രതിവര്‍ഷം ശരാശരി 167 എഫ്.ഡി.ഐ പ്രോജക്ടുകളെന്ന നേട്ടം ക്രമാനുഗതമായി നിലനിര്‍ത്താനും അയര്‍ലണ്ടിന് കഴിയുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മാത്രം, 550 ലധികം പ്രോജക്ടുകള്‍ നേടാന്‍ അയര്‍ലണ്ടിന് കഴിഞ്ഞതായി അഷ്വറന്‍സ് പാര്‍ട്ണറും എഫ്ഡിഐ അയര്‍ലന്‍ഡ് മേധാവിയുമായ ഫിയര്‍ഗല്‍ ഡി ഫ്രെയിന്‍ പറഞ്ഞു.

എഫ്ഡിഐയിലെ ട്രാക്ക് റെക്കോര്‍ഡിന്റെ കരുത്ത് അയര്‍ലണ്ടിന്റെ ജിഡിപിയിലും കൂടുതല്‍ വ്യക്തമായി കാണാമെന്നും ഇദ്ദേഹം പറഞ്ഞു.

യു എസ് തന്നെ മുന്നില്‍

അയര്‍ലണ്ടിലേക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യമായി യുഎസ് തുടരുകയാണ്;(58%). ജര്‍മ്മനി രണ്ടാം സ്ഥാനത്തും (17%) യുകെ (5%) മൂന്നാം സ്ഥാനത്തുമുണ്ട്.

അടുത്ത 12 മാസത്തിനുള്ളില്‍ യൂറോപ്പില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി 40% നിക്ഷേപകരും സര്‍വ്വേയില്‍ വെളിപ്പെടുത്തുന്നു.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ യൂറോപ്പ് കൂടുതല്‍ ആകര്‍ഷകമാകുമെന്ന് 63% നിക്ഷേപകരും വിശ്വസിക്കുന്നു. 5% പേര്‍ അത് മോശമാകുമെന്ന് കരുതുന്നു.

എഫ്ഡിഐയുടെ കാര്യത്തില്‍ കോവിഡ് 19ന് ശേഷം ഏറ്റവും ആകര്‍ഷകമായ ആഗോള സ്ഥാനം പടിഞ്ഞാറന്‍ യൂറോപ്പാണെന്നാണ് 80% നിക്ഷേപകരും വിശ്വസിക്കുന്നതെന്നും സര്‍വേ വെളിപ്പെടുത്തുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ്   മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.