ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ സമഗ്രമായ വീണ്ടെടുക്കല്‍ ലക്ഷ്യമിടുന്ന ഒരു ബില്യണ്‍ യൂറോയുടെ റിക്കവറി പ്ലാന്‍ ഇന്ന് മന്ത്രിസഭ അംഗീകരിക്കും.
ദശലക്ഷക്കണക്കിന് ആളുകളെ ജോലിയിലേയ്ക്കും പൊതു ജീവിതത്തിലേയ്ക്കും വീണ്ടുമെത്തിക്കുന്നതിനുതകുന്ന സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതിയാണ് സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്.പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന്, ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍, മന്ത്രി ഇമോണ്‍ റയാന് എന്നിവര്‍ അംഗീകരിച്ച പ്ലാന്‍ ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും.
പിയുപി നിര്‍ത്തലാക്കുന്നതടക്കമുള്ള നടപടികളും പ്ലാനില്‍ ഇടം നേടിയിട്ടുണ്ട്.പിയുപി വെട്ടിക്കുറയ്ക്കുന്നതും ക്രമേണ നിര്‍ത്തലാക്കുന്നതും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍ സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കുമെന്ന് സെന്റ് വിന്‍സെന്റ് ഡി പോള്‍ (എസ് വി പി) ഉള്‍പ്പെടെയുള്ള ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കും മുന്‍ ജോലിയിലേക്ക് മടങ്ങാന്‍ കഴിയാത്ത ഡിജിറ്റല്‍ മേഖലയിലുള്ളവരേയും ലക്ഷ്യമിടുന്ന പ്രോജക്ടുകളും റിക്കവറി പ്ലാനിലുണ്ടാകും.നികുതി വര്‍ധന ഒഴിവാക്കിയുള്ള റാപിഡ് റിക്കവറിയാണ് സര്‍ക്കാര്‍ പ്ലാനിന്റെ അടിസ്ഥാനമെന്നും സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.
വര്‍ക്ക് പ്ലെയ്സ് സിക്ക് പേ, ലീവിംഗ് വേജ്, ഓട്ടോ എന്റോളിംഗ് പെന്‍ഷനുകള്‍ തുടങ്ങിയ പരിഷ്കാരങ്ങളും പദ്ധതിയുടെ സവിശേഷതകളാണ്.
ഗ്രീന്‍, ഐടി മേഖലയ്ക്ക് പ്രാധാന്യം
ഗ്രീന്‍, ഐടി മേഖലയ്ക്ക് പ്രാധാന്യം നല്‍കിയും ബിസിനസുകളെ പുഷ്ടിപ്പെടുത്തിയും തൊഴില്‍ രഹിതര്‍ക്ക് ആശ്വാസം നല്‍കുന്നതും തൊഴിലാളികളുടെ കാര്യ-കര്‍മ്മശേഷി വര്‍ധിപ്പിക്കലും പ്രായമായവരുടെയും വികലാംഗരുടെയുമൊക്കെ ക്ഷേമവുമൊക്കെ മുന്‍കൂട്ടികണ്ടുകൊണ്ടുള്ള പ്രോജക്ടുകളാണ് റിക്കഴരി പ്ലാനിന്റെ കാതലെന്നാണ് ഉന്നത സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്കുന്ന സൂചനകള്‍.2023 ഓടെ 2.5 മില്യണ്‍ ആളുകളെ ജോലിയിലെത്തിക്കുകയെന്നതാണ് പദ്ധതി ലക്ഷ്യം.പകര്‍ച്ച വ്യാധിയ്ക്ക് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന തലത്തിലേയ്ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കുന്നതാണ് സര്‍ക്കാര്‍ പ്ലാന്‍.
റിക്കവറി പ്ലാനിന്റെ പകുതിയിലധികവും റിട്രോഫിറ്റിംഗിനായുള്ള വായ്പ ഗ്യാരന്റി, പൊതുഗതാഗതം, മറ്റ് പ്രോജക്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഗ്രീന്‍ പ്രോജക്ടുകള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. സുസ്ഥിരമായ പൊതു ധനകാര്യം,ആളുകളെ ജോലിയിലേക്ക് തിരികെയെത്തിക്കല്‍, സുസ്ഥിര സംരംഭങ്ങളുടെ പുനര്‍നിര്‍മ്മാണം, സന്തുലിതവും സമഗ്രവുമായ വീണ്ടെടുക്കല്‍ എന്നിങ്ങനെ നാല് പ്രധാന ഘടകങ്ങളാണ് പ്ലാനിന്റെ അടിസ്ഥാനം.
ഗ്രീന്‍ സ്കില്‍സ് ആക്ഷന്‍ പ്രോഗ്രാം
പുതിയ റിട്രോഫിറ്റിംഗ് സ്കീം വിപുലീകരിക്കുന്നതിനായി ഒരു പുതിയ ഗ്രീന്‍ സ്കില്‍സ് ആക്ഷന്‍ പ്രോഗ്രാം ആരംഭിക്കും. പുതിയ ഓണ്‍ലൈന്‍ ഗ്രീന്‍ സ്കില്‍ പ്രോഗ്രാമില്‍ 5,000 പേരെ കൂടി ഉള്‍പ്പെടുത്തുന്നതിനാണ് പദ്ധതി. പ്രായമാകുന്നവരുടെയും വികലാംഗരുടെയും ക്ഷേമം മുന്‍നിര്‍ത്തി കെട്ടിടങ്ങള്‍ കൂടുതല്‍ ഉപയോഗയോഗ്യവും സുസ്ഥിരവുമാക്കാന്‍ നിര്‍മ്മാണ മേഖലയിലുള്ളവരെ സഹായിക്കുന്നതിന് പരിശീലനവും ലഭ്യമാക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് 225 മില്യണ്‍ യൂറോ
ഉന്നത വിദ്യാഭ്യാസ വകുപ്പിന് 225 മില്യണ്‍ യൂറോയും രാജ്യത്തെമ്പാടുമുള്ള സാങ്കേതിക സര്‍വ്വകലാശാലകള്‍ക്കായുള്ള പരിവര്‍ത്തന ഫണ്ടിനായി 40 മില്യണ്‍ യൂറോയും നീക്കിവെയ്ക്കുന്നു.കാലാവസ്ഥാ പ്രവര്‍ത്തനങ്ങളുടെയും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലെയും ഗവേഷണ പദ്ധതികള്‍ക്കായി 70 മില്യണ്‍ യൂറോയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോലിയിലെത്തുന്നവരുടെ നൈപുണിയും ശേഷിയും വര്‍ധിപ്പിക്കുന്നതിനും നല്ല നിലയിലുള്ള സാമ്പത്തിക പായ്ക്കേജുകളുണ്ടാകും.
പിയുപി ഘട്ടംഘട്ടമായി ഇല്ലാതാക്കും
പിയുപി ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിന് റിക്കവറി പ്ലാന്‍ ലക്ഷ്യമിടുന്നു.പുതിയ പ്ലാന്‍ അനുസരിച്ച് ജൂലൈ മുതലുള്ള പുതിയ അപേക്ഷകര്‍ക്ക് പിയുപി ലഭിക്കില്ല. ഫെബ്രുവരിയോടെ ഇത് പൂര്‍ണ്ണമായും നിര്‍ത്തലാക്കും. സെപ്തംബറില്‍ തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസത്തിലേക്ക് മടങ്ങിവരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിയുപിയ്ക്ക് അര്‍ഹതയുണ്ടാകില്ല.
സെപ്തംബര്‍ പകുതിയോടെ പിയുപിയില്‍ 50 യൂറോ വീതം വെട്ടിക്കുറവ് വരുത്താനും പ്ലാന്‍ ലക്ഷ്യമിടുന്നു.ഇതോടെ പേമെന്റ് 250 യൂറോ, 300യൂറോ എന്നിങ്ങനെയാകും.വര്‍ഷാവസാനത്തോടെ ഇത് വീണ്ടും കുറയ്ക്കുന്നതിനും പദ്ധതിയുണ്ട്.
ഇ ഡബ്ല്യു എസ്എസ് സെപ്റ്റംബര്‍ വരെ നീട്ടി
തൊഴില്‍ വേതന സബ്സിഡി പദ്ധതി (ഇ.ഡബ്ല്യു.എസ്.എസ്) സെപ്റ്റംബര്‍ വരെ നീട്ടും. ബിസിനസുകളെ റി ഓപ്പണിംഗിന് സഹായിക്കുന്നതിന് കോവിഡ് റസ്ട്രിക്ഷന്‍സ് സപ്പോര്‍ട്ട് സ്കീമില്‍പ്പെടുത്തി (സി ആര് എസ് എസ്)യുള്ള സഹായം വര്‍ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ബിസിനസുകള്‍ക്ക് ഒരു അഡീഷണല്‍ ബുള്ളറ്റ് പേയ്മെന്റ്’ നല്‍കുന്നതിനാണ് പ്ലാന്‍. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ പുനരാരംഭിക്കല്‍ ഗ്രാന്റിന് പകരമായി സ്കീമില്‍ നിന്ന് പുറത്താകുന്നവര്‍ക്ക് ആറ് ആഴ്ചയ്ക്ക് തുല്യമായ തുക നല്‍കുന്നതാണ് പദ്ധതി.
വാണിജ്യ നിരക്കിലെ ഇളവുകളും നീട്ടും.2021ല്‍ ടൂറിസം വാറ്റ് നിരക്ക് 9% ആയിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.