ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവന പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരിലുള്ള സര്‍ക്കാരിന്റെ പുതിയ അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം.
ഭവന മന്ത്രി ഡാരാ ഓ ബ്രയന്‍ ഇന്നലെ അവതരിപ്പിച്ച ബില്‍ മിതമായ നിരക്കില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് കോസ്റ്റ് റെന്റല്‍ സ്‌കീമും,ഷയേഡ് ഇക്വിറ്റി പ്രോഗ്രാമും ഉള്‍പ്പെടുത്തിയ പദ്ധതിയാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം..
എന്നാല്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്കും വള്‍ച്ചര്‍ ഫണ്ടുകാര്‍ക്കും ലാഭം കൊഴുപ്പിക്കാനുള്ള തട്ടിക്കൂട്ട് പരിപാടിയാണ് ഭവനമന്ത്രി കൊണ്ടുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആക്ഷേപിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വകാര്യ കമ്പനികള്‍ വന്‍തുകയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചിരിയ്ക്കുന്ന വീടുകള്‍ വിറ്റുപോകാനുള്ള തന്ത്രം മാത്രമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ചുരുങ്ങിയ വിലയ്ക്ക് നിര്‍മ്മിക്കുന്ന വീടുകള്‍ കുക്കു ഫണ്ടുകളും,വിദേശ കുത്തക കമ്പനികളും വിലകൊടുത്തുവാങ്ങി അതിലും കൂടിയ വിലയ്ക്ക് കൗണ്‍സിലുകള്‍ക്കും, ആവശ്യക്കാര്‍ക്കും വില്‍ക്കുന്ന പദ്ധതി വഴി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.
പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി റിച്ചാര്‍ഡ് ബോയ്ഡ് സര്‍ക്കാരിന്റെ ‘ദയനീയ’ ഭാവനയാണ് ഈ സ്‌കീമെന്ന് പരിഹസിച്ചു.അയര്‍ലണ്ടിലെ ഭവനപ്രശ്നങ്ങളുടെ ആഴം മനസ്സിലാക്കാതെയുള്ള പദ്ധതിയാണിതെന്ന് ബോയ്ഡ് ആരോപിക്കുന്നു.
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ പ്രാദേശിക അതോറിറ്റികളുടെ സഹകരണത്തോടെ വെറും 6,000 അഫോര്‍ഡബിള്‍ ഹോമുകളാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് തന്നെ തീര്‍ത്തും അപര്യാപ്തമാണെന്ന് ഡണ്‍ലേരിയില്‍ നിന്നുള്ള ടിഡി ചൂണ്ടിക്കാട്ടി.
”സ്‌കീം പ്രകാരം ഒരു വര്‍ഷം 1,500 വീടുകളാണ് നിര്‍മ്മിക്കുക. ഇവിടുത്തെ ഭവനപ്രശ്നത്തിന്റെ തോതുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീരെ നിസ്സാരമാണ്.80% വരുന്ന അധ്വാനിക്കുന്ന ജനങ്ങളെ വള്‍ച്ചര്‍ഫണ്ടുകള്‍ക്ക് തീറെഴുതുന്ന സ്‌കീമാണിത്. അഫോര്‍ഡബിള്‍ എന്നു പറയുന്ന സ്‌കീം, തികച്ചും അണ്‍ അഫോര്‍ബിളാണ്.കാരണം, 90000 യൂറോ മുതല്‍ 120000 യൂറോ വര്‍ഷത്തില്‍ സമ്പാദിക്കുന്നര്‍ക്കായാണ് പദ്ധതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.അവരെ സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാവുന്നതല്ല”.അദ്ദേഹം പറഞ്ഞു.
”രാജ്യത്ത് ശരാശരി വരുമാനം പ്രതിവര്‍ഷം, 39,000 യൂറോയാണെന്നാണ് കണക്കാക്കുന്നത്. അങ്ങനെ കണക്കാക്കുമ്പോള്‍, ഈ പദ്ധതി ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഒന്നും നല്‍കുന്നതല്ല. ഫിനഫാളും ഫിനഗേലും സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള വീടുകളുണ്ടാക്കാത്ത പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരോട് വെറുതെ ചങ്ങാത്തം കൂട്ടുന്നത് തുടരുമെന്നല്ലാതെ കാര്യമായ യാതൊന്നും ഈ സ്‌കീമില്‍ സംഭവിക്കില്ല”.ആര്‍ക്കും പ്രയോജനം കിട്ടാന്‍ പോകുന്നില്ല..അദ്ദേഹം പറഞ്ഞു
”കോസ്റ്റ് റെന്റല്‍ സ്‌കീമും തട്ടിപ്പാണെന്ന് ബോയ്ഡ് പറഞ്ഞു.വാടകയൊക്കെ പ്രാദേശിക വിപണിയ്ക്കനുസൃതമായി മാത്രമേ മുന്നോട്ടുപോകൂ. നേരിയ ഡിസ്‌കൗണ്ട് വല്ലതും കിട്ടിയാല്‍ ഭാഗ്യമെന്ന് കരുതാം.ഡണ്‍ലേരിപോലുള്ള പ്രദേശത്ത് 2500 യൂറോയും ഗ്രേ സ്റ്റോണ്‍സില്‍ 3000 യൂറോയുമാണ് ഇപ്പോഴത്തെ വാടക . ഇതിലൊന്നും ഒരു കുറവും വരുത്താന്‍ സര്‍ക്കാര്‍ സ്‌കീമിന് കഴിയില്ല.എല്‍ഡിഎ ബില്‍ പ്രകാരം പൊതു ഭൂമിയില്‍ സ്വകാര്യ ധനസഹായം കൊണ്ടുവരുമ്പോള്‍ സ്ഥിതി കൂടുതല്‍ മോശമാകും. സ്വകാര്യ സൈറ്റുകളില്‍ താങ്ങാനാവാത്ത വാടക മാത്രമേ ഉണ്ടാകൂ. ഫലത്തില്‍ വീടുകള്‍ക്ക് താങ്ങാനാവാത്ത വിലയും പൊതു ഭൂമിയിലെ വീടുകള്‍ക്ക് ഉയര്‍ന്ന വാടകയും നല്‍കേണ്ടതായി വരും”.
വള്‍ച്ചര്‍ ഫണ്ടുകള്‍ അവര്‍ വാങ്ങിയ സ്വത്തുക്കള്‍ പാട്ടത്തിന് നല്‍കുകയാണ്. അവര്‍ സ്വത്തുകള്‍ മുഴുവനും വാങ്ങിക്കൂട്ടുകയാണ്. സാധാരണ വാങ്ങലുകാര്‍ക്ക് അവര്‍ വില നിശ്ചയിക്കുന്നു; തുടര്‍ന്ന് അവര്‍ ഈ വീടുകള്‍ കൗണ്‍സിലിന് അധിക തുകയ്ക്ക് പാട്ടത്തിന് നല്‍കുന്നു. അതിനാല്‍, കൗണ്‍സിലുകള്‍ക്ക് വാടക കുറയ്ക്കാന്‍ സാധിക്കില്ല.
അതുകൊണ്ടുതന്നെ ഈ സ്‌കീമിന്റെ യഥാര്‍ഥ വിജയികളും അന്തിമ ഗുണഭോക്താക്കളും വള്‍ച്ചര്‍ഫണ്ടുകാരും ഊഹക്കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റ് മാഫിയയുമാണ്.- ബോയ്ഡ് ആരോപിക്കുന്നു.
ബോയ്ഡിന്റെപാര്‍ലമെന്റിലെ പ്രസംഗം : വീഡിയോ കാണാം
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുകhttps://chat.whatsapp.com/GJThCk6XX6dBBr95X11Mwz
Comments are closed.