അയര്‍ലണ്ടിനെതിരെ ‘വജ്രായുധം’:ആഗോള കോര്‍പ്പറേറ്റ് നികുതി ; അമേരിക്കയെ പിന്തുണച്ച് ഫ്രാന്‍സും ജര്‍മ്മനിയും
ഡബ്ലിന്‍ : കുറഞ്ഞ കോര്‍പ്പറേറ്റ് നികുതിയിലൂടെ നേട്ടം കൊയ്യുന്ന അയര്‍ലണ്ടിനെ വന്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി അമേരിക്കയോടൊപ്പം യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളായ ഫ്രാന്‍സും ജര്‍മ്മനിയും.ഇരു രാജ്യങ്ങളും സംയുക്തമായാണ് ആഗോളനികുതിയെന്ന അമേരിക്കന്‍ തുറുപ്പുചീട്ടിനെ പിന്തുണച്ച് രംഗത്തുവന്നത്.
നേരത്തേ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നപ്പോള്‍ത്തന്നെ അയര്‍ലണ്ട് ഇതിനോടുള്ള വിയോജിപ്പ് പരസ്യമാക്കിയിരുന്നു. കോര്‍പ്പറേറ്റ് നികുതി സംബന്ധിച്ച് ഓരോ രാജ്യത്തിനും മല്‍സരാധിഷ്ഠിതമായി തീരുമാനമെടുക്കാന്‍ അവസരം നല്‍കണമെന്ന നിലപാടാണ് അയര്‍ലണ്ട് മുന്നോട്ടുവെച്ചത്.
എന്നാല്‍ അമേരിക്കയും മറ്റ് ഇയു രാജ്യങ്ങളും ആഗോളനികുതിയെന്ന ആശയത്തില്‍ ഉറച്ചുനിന്നു. ഇതേ തുടര്‍ന്നാണ് 21 ശതമാനം ആഗോള നികുതിയെന്ന യുഎസ് നിര്‍ദേശങ്ങള്‍ക്ക് ഫ്രാന്‍സും ജര്‍മ്മനിയും പിന്തുണ പ്രഖ്യാപിച്ചത്.
12.5% എന്ന കുറഞ്ഞ നികുതിയിലൂടെ കോര്‍പ്പറേറ്റുകളുടെ ഇഷ്ടഭൂമികയായി അയര്‍ലണ്ട് മാറിയിരുന്നു. ബ്രക്സിറ്റ് പശ്ചാത്തലത്തിലും മുമ്പും വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ ഇയു ആസ്ഥാനമായി ഡബ്ലിനെ തിരഞ്ഞെടുത്തിരുന്നു. ഇത് ‘അയല്‍വാസി’കളിലെല്ലാം കാര്യമായ അസൂയയയുണ്ടാക്കിയിരുന്നു. ഒടുവിലാണ് അയര്‍ലണ്ടിനെ ‘തളയ്ക്കാന്‍’ ആഗോള നികുതിയെന്ന വജ്രായുധവുമായി വന്നത്.
കോര്‍പ്പറേറ്റുകള്‍ ലാഭത്തിന്റെ കുറഞ്ഞത് 21 ശതമാനം നികുതി നല്‍കണമെന്ന ചട്ടം കൊണ്ടുവരാനാണ് അമേരിക്കയും കൂട്ടു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇത് നിലവില്‍ വന്നാല്‍, അയര്‍ലണ്ടിന്റെ 12.5 ശതമാനം നിരക്കിന്റെ നേട്ടം അവസാനിക്കും.
യൂറോപ്യന്‍ യൂണിയനിലെ ചെറിയ രാജ്യങ്ങളുമായി ആഗോള നികുതി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോപ്പറേഷന്‍ ആന്റ് ഡവലപ്മെന്റ് (ഒഇസിഡി) ആണ്.വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് എങ്ങനെ നികുതി ഏര്‍പ്പെടുത്താമെന്നതിനെക്കുറിച്ച് 139 രാജ്യങ്ങള്‍ക്കിടയിലാണ് ഒഇസിഡി ചര്‍ച്ചകള്‍ക്ക് നടത്തുന്നത്. ജൂലൈയില്‍ അവസാനിക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍ ഒക്ടോബര്‍ വരെ നീളുമെന്നാണ് കരുതുന്നത്.
അമേരിക്കയോടൊപ്പം ജര്‍മ്മനിയും ഫ്രാന്‍സും പിന്തുണച്ചതോടെ ജി 7 എന്ന ആദ്യ തടസ്സം നീങ്ങിയിരിക്കുകയാണ്. സമ്മറില്‍ നടക്കാനിരിക്കുന്ന ജി20 എന്ന കടമ്പയാണ് ഇനി കടക്കാനുള്ളത്.
ജര്‍മ്മനിയും ഫ്രാന്‍സും പറയുന്നത്
ജര്‍മ്മന്‍ ധനമന്ത്രിയും ഫ്രാന്‍സിന്റെ ധനമന്ത്രി ബ്രൂണോ ലെ മെയറും സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ആഗോള നികുതിയെ പുകഴ്ത്തി രംഗത്തുവന്നത്. ആഗോള നികുതിയെ വളരെയധികം പ്രതീക്ഷ നല്‍കുന്നതാണെന്ന് ജര്‍മ്മന്‍ ധനമന്ത്രി ഒലാഫ് ഷോള്‍സ് പറഞ്ഞു.നികുതി കുറച്ചുകൊണ്ടുള്ള നേട്ടം യൂറോപ്യന്‍ രാജ്യത്തിനും തുടരാനാകില്ലെന്ന് ലെ മെയര്‍ വ്യക്തമാക്കി.
ഫ്രഞ്ച്, ജര്‍മ്മന്‍ മന്ത്രിമാര്‍ സംയുക്തമായാണ് യൂറോപ്യന്‍ കമ്മീഷന് യൂറോപ്യന്‍ യൂണിയന്റെ 750 ബില്യണ്‍ ഡോളര്‍ പാന്‍ഡെമിക് റിക്കവറി ഫണ്ടിലേക്കുള്ള ചെലവ്, പരിഷ്‌കരണ പദ്ധതികള്‍ അവതരിപ്പിച്ചത്. ഏപ്രില്‍ 30 ആയിരുന്നു ഇതിനുള്ള സമയപരിധിയായി ഇയു കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്.
നിലപാട് വ്യക്തമാക്കി അയര്‍ലണ്ട്
ഫ്രാന്‍സും ജര്‍മ്മനിയും ആഗോള മിനിമം നികുതിയെ പിന്തുണയ്ക്കുന്നതില്‍ ഒട്ടും ആശ്ചര്യമില്ലെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.വളരെക്കാലമായി അറിയപ്പെടുന്ന യൂറോപ്യന്‍ യൂണിയനിലെ കോര്‍പ്പറേറ്റ് നികുതയുമായി ബന്ധപ്പെട്ട അവരുടെ സ്ഥാനങ്ങള്‍ പുന സ്ഥാപിക്കുക മാത്രാണ് ചെയ്യുന്നതെന്ന് ധനമന്ത്രി പറഞ്ഞു.നികുതി കാര്യങ്ങളില്‍ ഐക്യദാര്‍ഢ്യത്തിനുള്ള സാധ്യത കുറവാണ്. യൂറോപ്യന്‍ യൂണിയനിലും ആഗോള തലത്തിലും നികുതിയുടെ കാര്യത്തില്‍ അയര്‍ലണ്ടിന് മല്‍സരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ചില പാരാമീറ്ററുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നികുതി മത്സരത്തിനുള്ള അവസരം ഉണ്ടാക്കേണ്ടത് അയര്‍ലണ്ടിന്റെ ചുമതലയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Comments are closed.