head1
head3

അയര്‍ലണ്ടിലെ ഗ്രാമങ്ങളിലേയ്ക്ക് പോകാം … നികുതിയിളവുകളും ഗ്രാന്റുകളും അടക്കമുള്ള ഓഫറുകളുമായി സര്‍ക്കാര്‍

ഡബ്ലിന്‍ : വികസനം ഗ്രാമത്തില്‍ നിന്ന് തുടങ്ങണമെന്ന ഗാന്ധിയന്‍ ആശയം പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് അയര്‍ലണ്ട്!നഗരങ്ങളെ വിട്ട് ഗ്രാമങ്ങളില്‍ വ്യാപാരങ്ങളും വ്യവസായങ്ങളും ഐടി ഹബുകളുമെല്ലാം തുടങ്ങുന്നതിന് നികുതിയിളവുകളും ഗ്രാന്റുകളും അടക്കമുള്ള വമ്പന്‍ ഓഫറുകളും ആവിഷ്‌കരിക്കുകയാണ് ഐറിഷ് സര്‍ക്കാര്‍.അഞ്ച് വര്‍ഷം നീളുന്ന സര്‍ക്കാരിന്റെ പദ്ധതിയ്ക്ക് അയര്‍ലണ്ടില്‍ ഇന്നലെ തുടക്കം കുറിച്ചു.

പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനാണ് ഔവര്‍ റൂറല്‍ ഫ്യൂച്ചര്‍ പ്ലാന്‍ ഉദ്ഘാടനം ചെയ്തത്. ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍, സാമൂഹ്യ സുരക്ഷാ മന്ത്രി ഹീതര്‍ ഹംഫ്രിസ് ,വിവിധ ടിഡിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരം,ഗ്രാമം എന്ന വേര്‍തിരിവിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് 19 ഗ്രാമീണമേഖലയ്ക്കുള്ള പ്രാധാന്യം പുനസ്ഥാപിച്ചതായി ലിയോ വരദ്കര്‍ അഭിപ്രായപ്പെട്ടു.

ഗവണ്‍മെന്റിന്റെ ഔവര്‍ റൂറല്‍ ഫ്യൂച്ചര്‍ പദ്ധതിയില്‍ 150 പ്രോജക്ടുകളാണ് ഇടം നേടിയിരിക്കുന്നത്. 2021-2025 കാലയളവില്‍ ഇവ പ്രാവര്‍ത്തികമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.വിദൂര ജോലി പ്രോത്സാഹിപ്പിച്ചുകൊണ്ട് ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ളതാണ് ഇതിലെ ഏറെ പദ്ധതികളും.ഗ്രാമീണ മേഖലകളില്‍ നിന്നുള്ള പൊതുമേഖലാ ജോലിക്കാരുടെ ജോലി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടും.

ഒഴിഞ്ഞുകിടക്കുന്ന പ്രോപ്പര്‍ട്ടികളെ പുനരുപയോഗിക്കും

ഒഴിഞ്ഞുകിടക്കുന്ന പ്രോപ്പര്‍ട്ടികളില്‍ വിദൂര പ്രവര്‍ത്തന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും പബ്ബുകളെ കമ്മ്യൂണിറ്റി ഇടങ്ങളായി ഉപയോഗിക്കുന്നതിനുമുള്ള പദ്ധതികളാണ് ഗ്രാമീണ മേഖലയുടെ വികസനത്തിനായുള്ള പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.2022 ലെ ബജറ്റില്‍ ഇതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ സാമ്പത്തിക സഹായവും ലഭ്യമാക്കും.ഒഴിഞ്ഞുകിടക്കുന്ന ചില വാണിജ്യ സ്ഥലങ്ങള്‍ പാര്‍പ്പിട ആവശ്യങ്ങള്‍ക്കായി മാറ്റാനുള്ള നിയന്ത്രണങ്ങള്‍ ലളിതമാക്കും.ഇതിനാവശ്യമായി ആസൂത്രണ മാറ്റങ്ങള്‍ നടപ്പിലാക്കും.

നിരവധി ഗ്രാമീണ പട്ടണങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായി പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ‘കോ-വര്‍ക്കിംഗ്, ഹോട്ട് ഡെസ്‌കിംഗ് ഹബുകള്‍’ നടപ്പാക്കാനും പദ്ധതിയുണ്ട്. ഈ വര്‍ഷം പൊതുമേഖലയില്‍ വര്‍ക്ക് ഫ്രം ഹോം, വിദൂര ജോലി എന്നിവ 20% വര്‍ധനവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.അഞ്ചുവര്‍ഷത്തിനിടയില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കണമെന്നും സര്‍ക്കാര്‍ ആഗ്രഹിക്കുന്നു.വിദൂര ജോലി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ രാജ്യത്തുടനീളം 400-ലധികം വിദൂര പ്രവര്‍ത്തന സൗകര്യങ്ങളുടെ ശൃംഖല വികസിപ്പിക്കാന്‍ പദ്ധതികളുണ്ട്.

നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി ത്വരിതപ്പെടുത്തും

നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിയുടെ (എന്‍ബിപി) തുടര്‍ച്ചയെന്ന നിലയിലാണ് ഈ പദ്ധതി നിര്‍ദ്ദേശങ്ങള്‍ വരുന്നത്. എന്‍ബിപിയിലൂടെ ഗ്രാമീണ മേഖലകളിലേക്ക് എത്രയും വേഗം കണക്റ്റിവിറ്റി എത്തിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള പുതിയ തന്ത്രങ്ങളും പദ്ധതി സൂചിപ്പിക്കുന്നു.

ഗ്രാമീണ മേഖലയില്‍ വിദഗ്ധരെ നിലനിര്‍ത്തുന്നതിനൊപ്പം ഗ്രാമീണ മേഖലയിലേക്ക് ”മൊബൈല്‍ പ്രതിഭകളെ” ആകര്‍ഷിക്കുന്നതിനും ഈ സൗകര്യങ്ങള്‍ സഹായകമാകുമെന്ന് പദ്ധതി പറയുന്നു. വിദൂര തൊഴിലാളികള്‍ക്ക് ലോക്കല്‍ അതോറിറ്റികള്‍ ധനസഹായം നല്‍കണമെന്നും പദ്ധതി ആവശ്യപ്പെടുന്നു.പ്രത്യേക ആനുകൂല്യങ്ങള്‍ വിദൂര തൊഴിലാളികളെ ഗ്രാമീണ പട്ടണങ്ങളിലേക്ക് താമസം മാറ്റാന്‍ പ്രേരിപ്പിക്കുമോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും പദ്ധതി പറയുന്നു.

ആസ്ഥാനം എവിടെയായാലും വര്‍ക്ക് ഗ്രാമങ്ങളില്‍ നിന്നാകട്ടെ…

തൊഴിലുടമയുടെ ആസ്ഥാനം എവിടെയാണെങ്കിലും ഗ്രാമീണ മേഖലയില്‍ താമസിക്കാനും ജോലിചെയ്യാനും ഇത് ജീവനക്കാരെ അനുവദിക്കും.റിമോട്ട് വര്‍ക്കിംഗ് അഭ്യര്‍ത്ഥിക്കാനുള്ള അവകാശം ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരും.ഇക്കാര്യം നേരത്തേ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.കൂടാതെ തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും വിദൂര ജോലി ചെയ്യുന്നതിന് നികുതി ഇളവുകളും പരിഗണിക്കും.

മറ്റ് പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍-

പട്ടണങ്ങളിലും ഗ്രാമങ്ങളിലും കുറഞ്ഞ ചെലവില്‍ സര്‍വീസ് സൈറ്റുകള്‍ നല്‍കുന്നതിന് പ്രാദേശിക അധികാരികള്‍ക്ക് സീഡ് കാപ്പിറ്റല്‍ നല്‍കും
.
പോസ്റ്റോഫീസ് നെറ്റ്വര്‍ക്ക് വഴി അധിക സേവനങ്ങള്‍ ഉറപ്പാക്കും

ഗ്രാമീണ പബ്ബുകള്‍ കമ്മ്യൂണിറ്റി ഇടമായും ഹബുകളായും ഉപയോഗിക്കുന്നതിന് ഒരു പൈലറ്റ് സ്‌കീം വികസിപ്പിക്കും
.
ഒഴിഞ്ഞതും ശൂന്യവുമായ കെട്ടിടങ്ങളും സൈറ്റുകളും മള്‍ട്ടി പര്‍പ്പസ് സ്ഥലങ്ങളായി ഉപയോഗിക്കുന്നതിനും റെസിഡന്‍ഷ്യല്‍ ഒക്യുപെന്‍സിക്കുമായി വികസിപ്പിക്കുന്നതിന് എക്സ്പാന്‍ഡ് ദി ടൗണ്‍ ആന്റ് വില്ലേജ് റിന്യൂവല്‍ സ്‌കീം വിപുലീകരിക്കും.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.