head1
head3

അയര്‍ലണ്ടില്‍ ഇന്റല്‍ തേടുന്നത് 1600 കംപ്യൂട്ടര്‍ വിദഗ്ധരെ,ലെക്സ്ലിപ്പ് പ്ലാന്റില്‍ പ്രൊഫഷണലുകള്‍ക്ക് വന്‍ അവസരം

ഡബ്ലിന്‍ : ഇന്റലിന്റെ ഡബ്ലിന്‍ ലൈക്സ്ലിപ്പ് പ്ലാന്റില്‍ കംപ്യൂട്ടര്‍ പ്രൊഫഷണലുകള്‍ക്ക് വന്‍ അവസരങ്ങള്‍ വരുന്നു.1,600 വിദഗ്ധരെ നിയമിക്കുന്നതിനാണ് ഇന്റല്‍ ഒരുങ്ങുന്നത്.ആധുനിക മൈക്രോ ചിപ് മാനുഫാക്ചറിംഗ് സംവിധാനമാണ് ഈ പ്ലാന്റിലൊരുങ്ങുന്നത്. പ്‌ളാന്റിന്റെ നിര്‍മ്മാണ വേളയില്‍ 5000 ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്.ആഗോള തലത്തിലുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് ലൈക്സ്ലിപ്പ് പ്ലാന്റിന്റെ വികസനം സംബന്ധിച്ച കാര്യങ്ങളും കമ്പനി പുറത്തുവിട്ടത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് ബില്യണ്‍ യൂറോയാണ് അയര്‍ലണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളതെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു.യൂറോപ്പിലെ നിക്ഷേപം ത്വരിതപ്പെടുത്തുന്നതിനാണ് തീരുമാനം.ലോകത്തിനാവശ്യമായതിന്റെ 20% ചിപ്പുകളും പ്രാദേശികമായി നല്‍കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നത്.

ഇന്റലിന്റെ ഏറ്റവും പുതിയ തലമുറ 7 നാനോമെറ്റര്‍ പ്രോസസ് ടെക്നോളജി ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിനും ഉല്‍പ്പാദനം ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.1,600 സ്ഥിരം ഹൈടെക് ജോലികള്‍ സൃഷ്ടിക്കുന്നതും 5,000 ത്തിലധികം നിര്‍മ്മാണ ജോലികള്‍ സൃഷ്ടിക്കുന്നതുമാണ് ഈ വിപുലീകരണമെന്നും സിഇഒ പ്രസ്താവനയില്‍ വ്യക്തമാക്കി.ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം വരുമെന്ന സൂചനകളും കമ്പനി നല്‍കുന്നു.1989ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്റലില്‍ 5000 പേരാണ് ജോലി ചെയ്യുന്നത്.5000 പേര്‍ പല യൂറോപ്യന്‍ ലൊക്കേഷനുകളിലായി ജോലി ചെയ്യുന്നുണ്ട്.

യൂറോപ്യന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അരിസോണയില്‍ 20 ബില്യണ്‍ യൂറോ ചെലവഴിച്ച് രണ്ട് ചിപ്പ് നിര്‍മ്മാണ ഫാക്ടറികള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്റല്‍.

സാങ്കേതികരംഗത്തെ തെറ്റായ നടപടികള്‍ മൂലമുണ്ടായ സല്‍പ്പേരിലെ ഇടിവ് നികത്തുന്നതിനാണ് ഇന്റലിന്റെ ഇപ്പോഴത്തെ വിപുലീകരണ പ്രഖ്യാപനമെന്നാണ് വിലയിരുത്തുന്നത്.ആധുനിക ചിപ്പ് നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തായ്വാന്‍ ,കൊറിയ കമ്പനികളുയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.ചൈനയുമായുള്ള തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചിപ്പ് നിര്‍മ്മാണം തായ്വാനില്‍ കേന്ദ്രീകരിക്കുന്നതിന്റെ അപകടവും കമ്പനി മുന്നില്‍ക്കാണുന്നുണ്ട്. പുതിയ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്റലിന്റെ ഓഹരി വിലയില്‍ 2.5% വര്‍ധവുണ്ടായി.

ഇന്റലിന്റെ വിപുലീകരണ പ്രഖ്യാപനത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ,ഐഡിഎ സിഇഒ മാര്‍ട്ടിന്‍ ഷാനഹന്‍ എന്നിവര്‍ സ്വാഗതം ചെയ്തു.അയര്‍ലണ്ടിന്റെ ആഗോള സാന്നിധ്യം വര്‍ധിപ്പിക്കുന്നതാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.അയര്‍ലണ്ടിന്റെ ഭാവി സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഇന്റല്‍ തീരുമാനമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JFxiQTtNtYA4HJkPRglgNl

Comments are closed.