head3
head1

ഐറിഷ് വിപണി വിടാനുള്ള കെബിസിയുടെ നീക്കത്തില്‍ ആശങ്കയറിയിച്ച് ജീവനക്കാരുടെ യൂണിയന്‍

ഡബ്ലിന്‍ : ഐറിഷ് വിപണി വിടാനുള്ള കെബിസിയുടെ നീക്കത്തില്‍ ആശങ്കയറിയിച്ച് ജീവനക്കാരുടെ യൂണിയന്‍. കെ ബി സിയുടെ ബാധ്യതകളും സ്വത്തുക്കളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് അയര്‍ലണ്ടുമായി ചര്‍ച്ച നടത്തിയ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് ഈ നീക്കം.

കെബിസി ഐറിഷ് വിപണിയില്‍ നിന്ന് പിന്മാറുമെന്ന് തന്നെയാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ബാങ്കുകളുമായി അടിയന്തിര യോഗം വിളിക്കണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് യൂണിയന്‍ അഭ്യര്‍ഥിച്ചു. അതേ സമയം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കെബിസി സ്ഥിരീകരിച്ചു.

ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ട്രേഡ് യൂണിയനായ ഫിനാന്‍ഷ്യല്‍ സര്‍വീസസ് യൂണിയന്‍ ഈ നീക്കത്തില്‍ ആശങ്ക അറിയിച്ചു. ഇരു ബാങ്കുകളോടും അവരുടെ ധാരണാപത്രം പ്രസിദ്ധീകരിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.സ്റ്റാഫുകളുടെ ഭാവിയാണ് പ്രധാന പ്രശ്നം. ജീവനക്കാരെയെല്ലാം സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കണമെന്നും എഫ്എസ് യു ജനറല്‍ സെക്രട്ടറി ജോണ്‍ ഓ കോണെല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച് ഇരു ബാങ്കുകള്‍ക്കും യൂണിയന്‍ കത്ത് നല്‍കും.ഉടന്‍ യോഗം വിളിച്ചുകൂട്ടി ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.മന്ത്രിയും സെന്‍ട്രല്‍ ബാങ്കും പ്രവര്‍ത്തിച്ച് ഒരു ബാങ്കിംഗ് ഫോറം സ്ഥാപിക്കേണ്ട സമയമാണിത്.ബന്ധപ്പെട്ട എല്ലാവരേയും അതില്‍ ഉള്‍പ്പെടുത്തുകയും വേണം.

കെബിസിയുടെ അവശേഷിക്കുന്ന മോര്‍ട്ട്ഗേജ് ലോണ്‍ പോര്‍ട്ട്‌ഫോളിയോ രണ്ട് ബാങ്കുകളും തമ്മിലുള്ള കരാറായ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗിന്റെ (എം ഒ യു) ഭാഗമല്ല. ഇത് വിശകലനം ചെയ്യുകയാണെന്നും ഓപ്ഷനുകള്‍ അവലോകനം ചെയ്യുകയാണെന്നും കെ ബി സി അറിയിച്ചു.

കെബിസി വിപണിയില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യത ഖേദകരമാണെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.

നിര്‍ദ്ദിഷ്ട കരാറിന്റെ പ്രാഥമിക അവലോകനം കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (സിസിപിസി) നടത്തിവരികയാണ്.

ഈ വായ്പകള്‍ മുഴുവന്‍ വള്‍ച്ചര്‍ ഫണ്ടുകള്‍ക്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് സിന്‍ ഫെയ്ന്‍ ഫിനാന്‍സ് വക്താവ് പിയേഴ്സ് ഡോഹെര്‍ട്ടി പറഞ്ഞു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.