head3
head1

അഞ്ചാം ലെവല്‍ നിയന്ത്രണങ്ങളില്‍ അയര്‍ലണ്ട് , ഹോസ്പിറ്റലുകളില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു

ഡബ്ലിന്‍: ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത് പോലെ തന്നെ ഹോസ്പിറ്റലുകളില്‍ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. ഇന്നലെ 744 പേരില്‍ കൂടി അണുബാധ കണ്ടെത്തി.4 മരണമാണ് സ്ഥിരീകരിച്ചത്.ഇത് യഥാര്‍ഥ രോഗബാധയുടെ എണ്ണത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നാണ് എന്‍ഫെറ്റ് വിലയിരുത്തുന്നത് . കാരണം ക്രിസ്മസ് ദിനത്തിലും സെന്റ് സ്റ്റീഫന്‍സ് ദിനത്തിലും നടത്തിയ പരിശോധനകളുടെ എണ്ണം കുറവായതിനാല്‍ കോവിഡ് ബാധിതരുടെ കണക്കുകള്‍ അപൂര്‍ണ്ണമാണെന്നാണ് കരുതുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോളോഹാന്‍ വിശദീകരിച്ചു.

വരും ദിവസങ്ങളില്‍ കേസുകളില്‍ വലിയ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 50 അധികം പേര്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലെത്തി.ഡോണഗേല്‍ ഉള്‍പ്പടെ പല കൗണ്ടികളിലും രോഗബാധയുടെ തോത് റോക്കറ്റ് പോലെ കുതിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഇന്നത്തെ 744 രോഗബാധിതരില്‍ 243 പേരും ഡബ്ലിനിലാണ്. തൊട്ടുപിന്നില്‍ കോര്‍ക്കാണ് ;131. ലിമെറിക്ക് 51, വെക്സ്ഫോര്‍ഡ് 40, ഡോണഗേല്‍ -33 എന്നിങ്ങനെയാണ് മറ്റ് കേസുകള്‍. ബാക്കി19 കൗണ്ടികളിലായാണ് 243 കേസുകള്‍.

ഒരു ലക്ഷം പേര്‍ക്ക് 209.6 ആണ് രോഗബാധയുടെ തോത്.അതേസമയം ഡോണഗേലിലെ രോഗബാധാ നിരക്ക് ദേശീയ നിരക്കിന്റെ ഇരട്ടിയാണ് (425.9).ഇത് വളരെ ആശങ്കപ്പെടുത്തുന്നതാണ്.മറ്റ് മൂന്ന് കൗണ്ടികളിലും 300 ന് മുകളിലാണ് രോഗബാധാ നിരക്ക്;വെക്സ്ഫോര്‍ഡ് 348.6, ലിമെറിക്ക് 334.5, ലൂത്ത് 305.7.

ആശുപത്രികളിലെ നിലവിലെ സ്ഥിതി രോഗത്തിന്റെ മൂര്‍ദ്ധന്യത്തെ ഓര്‍മ്മപ്പെടുത്തുന്നതാണെന്ന് ഡോ. ഹോളോഹാന്‍ പറഞ്ഞു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 190 ല്‍ നിന്ന് ഇന്ന് 324 ആയി ഉയര്‍ന്നു.ദേശീയതലത്തില്‍ വഷളാകുന്ന രോഗാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. രോഗബാധയില്‍ രാജ്യത്തുടനീളം കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്, പകര്‍ച്ചവ്യാധിയുടെ വളര്‍ച്ചാ നിരക്കും അടുത്ത ദിവസങ്ങളില്‍ കൂടി.

അത്യാവശ്യത്തിനല്ലാതെ സന്ദര്‍ശകരെ സന്ദര്‍ശനം അനുവദിക്കരുതെന്നും സുഹൃത്തുക്കളെയോ കുടുംബത്തെയോ കാണരുതെന്നും ഡോ. ഹോളോഹാന്‍ ആളുകളെ ഓര്‍മ്മിപ്പിച്ചു.

രാജ്യം വീണ്ടും അഞ്ചാം ലെവല്‍ നിയന്ത്രണങ്ങളിലേയ്ക്ക്

അതേസമയം, കോവിഡ് കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വര്‍ധന കുറയ്ക്കുന്നതിനായി ഇന്നലെ മുതല്‍രാജ്യം ലെവല്‍ 5 നിയന്ത്രണങ്ങളില്‍ വീണ്ടും പ്രവേശിച്ചു.കൗണ്ടിക്ക് പുറത്തുള്ള യാത്ര അനുവദനീയമല്ല. മെഡിക്കല്‍ അപ്പോയിന്റ്മെന്റുകള്‍, പരിചരണം നല്‍കല്‍, വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ കഴിയാതിരിക്കുക എന്നിവയ്ക്ക് മാത്രമേ പുറം യാത്രയ്ക്ക് അനുമതിയുള്ളൂ.ഒരു വീട് സന്ദര്‍ശിക്കാന്‍ മാത്രമേ ആളുകള്‍ക്ക് അനുമതിയുള്ളു.അവര്‍ അവിടെ 31 വരെ തുടരണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.എല്ലാ കടകളും തുറന്നിരിക്കുകയാണെങ്കിലും സാധാരണ ജനുവരിയിലെ പോലെ വില്‍പ്പന നടത്തരുതെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.റെസ്റ്റോറന്റുകള്‍, ഗ്യാസ്ട്രോപബ്, ഹെയര്‍ഡ്രെസ്സര്‍, ബാര്‍ബര്‍ എന്നിവ അടച്ചിരിക്കുകയാണ്.

2021 ക്രിസ്മസ് ആകുമ്പോഴേക്കും കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്ന് ആരോഗ്യ വിദഗ്ദ്ധന്‍ ഹെല്‍ത്ത് സിസ്റ്റംസ് പ്രൊഫസര്‍ ഡോ. ആന്റണി സ്റ്റെയിന്‍സ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.