ഡബ്ലിന്‍ : വീടുകളുടെ കത്തിക്കയറുന്ന വില അയര്‍ലണ്ടിലെ ചെറുപ്പക്കാരെ ഭവന വിപണിയില്‍ നിന്നും അകറ്റുന്നതാണെന്ന് റിപ്പോര്‍ട്ട്. താങ്ങാനാകാത്ത വിലക്കയറ്റം മൂലം നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ക്കും സ്വന്തമായൊരു വീട് വാങ്ങാനാകാത്ത സ്ഥിതിയാണ്.
ലഭിക്കുന്ന വേതനവും കുതിയ്ക്കുന്ന ഭവന വിലയും തമ്മിലുള്ള വിടവ് ഒരു വിഭാഗത്തെ ഭവന വിപണിയില്‍ നിന്നും അകറ്റുമ്പോള്‍ മറ്റൊരു വിഭാഗം പാന്‍ഡെമിക്കിന്റെ പേരില്‍ ചിലര്‍ കുമിഞ്ഞുകൂട്ടിയ സമ്പാദ്യവുമായി വിപണിയില്‍ വലിയ ലേലം വിളി നടത്തുകയാണ്. ഇവര്‍ കൂട്ടത്തോടെ ഭവന വിപണിയിലെത്തി വീടുകളില്‍ നിക്ഷേപിച്ചതിലൂടെ വീടുകളുടെ വില വന്‍തോതില്‍ വര്‍ധിക്കുന്ന സ്ഥിതിയുമുണ്ടായി.
രാജ്യത്തെ ഭവന രംഗത്തെ പേടിപ്പെടുത്തുന്ന സ്ഥിതി അടയാളപ്പെടുത്തുന്നതാണ് ഇന്റര്‍നാഷണല്‍ ഹൗസിംഗ് അഫോര്‍ഡബിലിറ്റി സര്‍വേയുടെ അടിസ്ഥാനത്തിലുള്ള പാര്‍ലമെന്ററി ബജറ്റ് ഓഫീസ് റിപ്പോര്‍ട്ട്. വര്‍ധിക്കുന്ന വാടകയും വീടുകളുടെ വിലക്കയറ്റവുമെല്ലാം ചെറുപ്പക്കാരായ സാധാരണക്കാരെ ഭവന വിപണിയ്ക്ക് പുറത്താക്കുന്ന കാരണങ്ങളാണെന്ന് റിപ്പോര്‍ട്ട് എടുത്തുപറയുന്നു.
വളരുന്ന പൊരുത്തക്കേടുകള്‍
ദശാബ്ദം മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, അയര്‍ലണ്ടിലെ വേതന വര്‍ദ്ധനവ് വീടുകളുടെ വിലയുമായി പൊരുത്തപ്പെടുന്ന നിലയിലല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2012 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ശരാശരി വേതനത്തില്‍ 23% വര്‍ദ്ധനവാണുണ്ടായത്. അതേസമയം വീടുകളുടെ വില 77% കൂടി. ഈ വിടവ് പലരെയും വീടുകള്‍ സ്വന്തമാക്കുന്നതിനെ തടസ്സപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വരുമാനവുമായി പൊരുത്തപ്പെടാത്ത ഉയര്‍ന്ന വിലകള്‍ വീടുകള്‍ വാങ്ങാനാഗ്രഹിക്കുന്നവരെ വിപണിയില്‍ നിന്ന് പുറത്താക്കുന്ന സ്ഥിതിയുണ്ടാക്കുന്നു. ഇവര്‍ വാടകവീടുകളിലോ സോഷ്യല്‍ ഹൗസിംഗിലോ എമിഗ്രേഷനിലോ എത്തിപ്പെടുന്നു.
പോയ വര്‍ഷമുണ്ടായത് കൊടിയ വിലക്കയറ്റം
സെല്‍റ്റിക് ടൈഗര്‍ കാലഘട്ടത്തില്‍ ഒരു വര്‍ഷം ശരാശരി 12.6% എന്ന നിരക്കിലായിരുന്നു വിലകള്‍ ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതിനെപ്പോലും കവച്ചുവെയ്ക്കുന്ന വില വര്‍ധനവാണ് 2021ലുണ്ടായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2015-20 കാലഘട്ടത്തില്‍ വിലകള്‍ പ്രതിവര്‍ഷം ശരാശരി 7%മാണ് വര്‍ദ്ധിച്ചത്. എന്നാല്‍, 2021 ഒക്ടോബര്‍ വരെയുള്ള 12 മാസങ്ങളില്‍ വില കുതിച്ചുയര്‍ന്നു. ഭവന വിലയില്‍ 13.5% വര്‍ധനവാണുണ്ടായത്.
വിലക്കയറ്റം രാജ്യമെമ്പാടേയ്ക്കും
തലസ്ഥാന നഗരമായ ഡബ്ലിനിലാണ് വിലകള്‍ ഏറ്റവും വര്‍ധിച്ചതെന്ന് പിബിഒ റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷം വിലകള്‍ അതിവേഗം ഉയര്‍ന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് മോര്‍ട്ട്ഗേജ് വിപണി തിരികെ വന്നതായും റിപ്പോര്‍ട്ട് പറയുന്നു.
2020ലെ 5.2 ബില്യണ്‍ യൂറോയും 2019-ലെ 6.8 ബില്യണുമായിരുന്നു മോര്‍ട്ട്ഗേജുകള്‍. എന്നാല്‍ ഒക്ടോബര്‍ വരെയുള്ള കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ 7.2 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്ഗേജ് പ്രവര്‍ത്തനങ്ങളാണുണ്ടായതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.