വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പുതുതായി കര്‍ദ്ദിനാള്‍ പദവി നല്കുന്നവരില് രണ്ട് ഇന്ത്യന്‍ ആര്‍ച്ച് ബിഷപ്പുമാരും. ഓഗസ്റ്റില്‍ വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ 21 പേര്‍ക്കൊപ്പം ഇവരേയും മാര്‍പാപ്പ കര്‍ദ്ദിനാള്‍മാരായി പ്രഖ്യാപിക്കും. ഞായറാഴ്ച നടന്ന റെജീന കൊയ്ലിയുടെ സമാപനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
ഗോവയില്‍ നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി അന്റോണിയോ സെബാസ്റ്റ്യാവോ ഡി റൊസാരിയോ ഫെറാവോ, ആര്‍ച്ച് ബിഷപ്പ് ആന്റണി പൂള ഡി (ഹൈദരാബാദ്) എന്നിവരാണ് ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.
ഓഗസ്റ്റ് 27ന് പുതിയ കര്ദ്ദിനാള്മാര്ക്കായുള്ള കോണ്‍സിസ്റ്ററി നടത്തുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പുതിയ അപ്പോസ്തോലിക ഭരണഘടന പ്രെഡിക്കേറ്റ് ഇവാഞ്ചലിയത്തെക്കുറിച്ച് എല്ലാ കര്‍ദ്ദിനാള്‍മാരുമായും ഓഗസ്റ്റ് 29, 30 തീയതികളില്‍ ചര്‍ച്ച നടത്തുമെന്നും മാര്‍പാപ്പ അറിയിച്ചു.
കര്‍ദിനാള്‍ കോളേജില്‍ നിലവില്‍ 208 കര്‍ദിനാള്‍മാരാണുള്ളത്. പുതിയ കര്‍ദ്ദിനാള്‍മാര്‍ കൂടിയെത്തുന്നതോടെ ഇവരുടെ എണ്ണം 229 ആകും. അവരില്‍ 131 പേര് ഇലക്ടര്‍മാരായിരിക്കും. 80 വയസ് കഴിഞ്ഞ 98 പേര് മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.
പുതിയ കര്‍ദ്ദിനാള്‍മാരില്‍ എട്ട് പേര് യൂറോപ്പില്‍ നിന്നുള്ളവരാണ്. ആറ് പേര് ഏഷ്യയില്‍ നിന്നും രണ്ട് പേര് ആഫ്രിക്കയില്‍ നിന്നും ഒരാള്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും നാല് പേര് സെന്‍ട്രല്‍ -ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ളവരാണ്.
ആര്‍ച്ച് ബിഷപ്പ് ആന്റണി പൂള ഡി
ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ കര്‍ദിനാള്‍ എന്നതും, തെലുങ്ക് ഭാഷ സംസാരിക്കുന്നയാളുമെന്നത് ആര്‍ച്ച് ബിഷപ്പ് ആന്റണി പൂള ഡി(ഹൈദരാബാദ്)യെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാക്കി.
ആന്ധ്രപ്രദേശിലെ ചിന്തു ക്കൂരില്‍ 1961 നവംബര്‍ 15 -നാണ് ബിഷപ്പ് അന്തോണിയുടെ ജനനം. കൂര്ണ്ണൂളിലെ മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. മേജര്‍ സെമിനാരി പഠനം ബാംഗ്ലൂരിലുള്ള സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയില്‍ ആയിരുന്നു. 1992 ഫെബ്രുവരി 20ന് പൗരോഹിത്യം സ്വീകരിച്ചു. 2008 ഫെബ്രുവരി എട്ടാം തീയതി 46-ാം വയസ്സില്‍ അദ്ദേഹത്തെ കുര്ന്നുളിലെ ബിഷപ്പായി നിയമിച്ചു. 2020 -ലാണ് ഹൈദ്രബാദ് ആര്‍ച്ച് ബിഷപ്പായി 60 വയസുകാരനായ ഇദ്ദേഹം നിയമിക്കപ്പെട്ടത്.
ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി അന്റോണിയോ സെബാസ്റ്റ്യാവോ ഡി റൊസാരിയോ ഫെറാവോ
1979 ഒക്ടോബര്‍ 28 -നാണ് ഫാ. ഫെറാവോ വൈദികനായി അഭിഷിക്തനായത്. 2003 ഡിസംബര്‍ 12ന് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തെ ഗോവയുടെയും ദാമന്റെയും ആര്‍ച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. ആര്‍ച്ച് ബിഷപ്പ് റവ. റൗള്‍ ഗോണ്‍കാല്‍വ്സ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. 1953 ജനുവരി 20ന് പനാജിക്കടുത്തുള്ള അല്‍ഡോണ ഗ്രാമത്തിലാണ് ഫാ. ഫെറാവോ ജനിച്ചത്. സാലിഗാവോയിലെ ഔവര്‍ ലേഡി സെമിനാരിയില്‍ മതപഠനത്തിന് ശേഷം പൂനെയിലെ പേപ്പല്‍ സെമിനാരിയില്‍ ചേര്‍ന്നു. ഫിലോസഫിയിലും തിയോളജിയിലും ബിരുദധാരിയായ ഇദ്ദേഹത്തിന് കൊങ്കണി, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പ്രാവീണ്യമുണ്ട്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.