മലയാളി സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്ന ടോവിനോ തോമസ് ചിത്രമാണ് ‘മിന്നല്‍ മുരളി’. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമാണ്. മിന്നല്‍ മുരളിയുടെ ആദ്യ ടീസര്‍ മുതല്‍ തന്നെ ആരാധകര്‍ വലിയ പ്രതീക്ഷയിലായിരുന്നു. പിന്നീട് ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുകളും ആ പ്രതീക്ഷകള്‍ ഉയര്‍ത്തി. എന്നാല്‍ ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സ് രണ്ട് പുതിയ പ്രൊമോഷന്‍ വീഡിയോകള്‍ കൂടെ പുറത്തിറക്കിയതോടെ ആരാധകരുടെ പ്രതീക്ഷകള്‍ കൊടുമുടിയില്‍ എത്തിയിരിക്കുന്നു.
ആദ്യം പുറത്തിറങ്ങിയ വീഡിയോയില്‍ ഇന്ത്യന്‍ WWE താരം സാക്ഷാല്‍ ഗ്രേറ്റ് ഖാലി പ്രത്യക്ഷപ്പെട്ടിരിന്നു. ടൊവീനോ തോമസ് അവതരിപ്പിക്കുന്ന മിന്നല്‍ മുരളി എന്ന കഥാപാത്രം സൂപ്പര്‍ ഹീറോ ടെസ്റ്റിനായി ഖാലിയുടെ അടുത്ത് ചെല്ലുന്നതായാണ് വീഡിയോയില്‍ ഉള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ അടുത്ത് മിന്നല്‍ മുരളി സൂപ്പര്‍ ഹീറോ ടെസ്റ്റിന് പോകുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
മിന്നല്‍ മുരളിയുടെ വേഗത പരിശോധിക്കാന്‍ ബോളിങ്ങും കാച്ചിങ്ങും ബാറ്റിങ്ങും തനിയെ ചെയ്യാന്‍ യുവരാജ് ആവശ്യപ്പെടുന്നുണ്ട്. ആറ് ബോളില്‍ ആറ് സിക്സ് അടിക്കാനും യുവി മിന്നല്‍ മുരളിയോട് പറയുന്നു. പ്രൊമോ വീഡിയോയില്‍ ഇന്ത്യയുടെ ലോകകപ്പ് സൂപ്പര്‍ ഹീറോ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്.
ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള പ്രൊമോഷന്‍ ആണ് ടൊവീനോ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രൊമോഷന്‍ തന്നെ ഇത്തരത്തിലാണെങ്കില്‍ സിനിമ എങ്ങനെയാവും എന്നറിയാന്‍ പ്രേക്ഷകരും ആകാക്ഷയോടെ കാത്തിരിക്കുന്നു. ഡിസംബര്‍ 24ന് ഇന്ത്യന്‍ സമയം ഉച്ചക്ക് 1:30ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സില്‍ ചിത്രം റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സ് പോലെയൊരു പ്ലാറ്റ്ഫോമില്‍ എത്തുന്നതോടെ വലിയ റീച്ച് ആവും ചിത്രത്തിന് ലഭിക്കുകയെന്നത് ഉറപ്പാണ്.
ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ എ.ആര്‍, ജസ്റ്റിന്‍ മാത്യുസ്, ഗാനരചന-മനു മന്‍ജിത്, സംഗീതം-ഷാന്‍ റഹ്‌മാന്‍, സുഷിന്‍ ശ്യാം എന്നിവരാണ് . സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍താന്‍ , ബഹുബലി 2 , നെറ്റ് ഫ്ലിക്‌സ് സീരിസുകളായ ലുസിഫെര്‍ എന്നീവയുടെ ആക്ഷന്‍ ഡയറക്ടര്‍ വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെയും ആക്ഷന്‍ ഡയറക്ടര്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.