ഡബ്ലിന്‍ : കോവിഡ് സേവനം മുന്‍നിര്‍ത്തി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്ന 1,000 യൂറോയുടെ ബോണസ് വൈകില്ലെന്ന് സൂചനകള്‍. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് ബോണസ് പദ്ധതി.
എച്ച്എസ്ഇ ക്ലിനിക്കല്‍ ക്രമീകരണങ്ങളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും പരിചരിക്കുന്നതിനും നേരിട്ട് ജോലി ചെയ്ത പൊതുമേഖലാ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ആരോഗ്യ മന്ത്രി സ്റ്റീഫന്‍ ഡോണെല്ലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് എപ്പോള്‍, ആര്‍ക്കൊക്കെ കിട്ടും സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ലഭിക്കുമോ തുടങ്ങി അതിനേക്കുറിച്ച് ഒട്ടേറെ സംശയങ്ങളുണ്ട്.
ബോണസ് വിതരണം ഉടനെന്ന് പ്രധാനമന്ത്രി
പ്രഖ്യാപിച്ചിരിക്കുന്ന ബോണസ് ഉടന്‍ വിതരണം ചെയ്യാനുള്ള സജ്ജീകരണങ്ങളാണ് ധനകാര്യ/ പൊതു ചിലവ് കാര്യ മന്ത്രാലയങ്ങള്‍ നടത്തിവരുന്നതെന്ന് പ്രധാനമന്ത്രി മിഹോള്‍ മാര്‍ട്ടിന്‍ ഇന്ന് ആര്‍ ടി ഇ യുടെ മോര്‍ണിംഗ് ഷോയില്‍ വെളിപ്പെടുത്തി. ജിപി പ്രാക്ടീസിലുള്ള നഴ്‌സുമാരെയും റിസപ്ഷനിസ്റ്റുകളെയും പോലെയുള്ള ആരോഗ്യ തൊഴിലാളികളെയടക്കം നിരവധി വിഭാഗങ്ങളെ പുതിയതായി സ്‌കീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും പ്രധാനമന്ത്രി തള്ളിക്കളഞ്ഞില്ല. ഡിസബിലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും സ്‌കീമിലേയ്ക്ക് പരിഗണിക്കുന്നുണ്ട്.
1000 യൂറോ ബോണസ് ആര്‍ക്കൊക്കെ ?
ഇത് വരെയുള്ള പ്രഖ്യാപനങ്ങള്‍ അനുസരിച്ച് പ്രൈവറ്റ് നഴ്സിംഗ് ഹോം ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും, എന്നാല്‍ സ്വകാര്യ ആശുപത്രികളെ പദ്ധതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന സൂചനകളാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്നത്, നൂറുകണക്കിന് ഇന്ത്യക്കാരടക്കം ജോലി ചെയ്യുന്ന രാജ്യത്തെ ഇരുപതോളം പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ അവഗണിച്ചതില്‍ ,ഇവിടങ്ങളിലെ ജീവനക്കാര്‍ ഖിന്നരാണ്.ഐ എന്‍ എം ഓ അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കാണുമെന്ന പ്രത്യാശയിലാണവര്‍.
നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍ എന്നിവരുള്‍പ്പെടെ കോവിഡ് കാലത്ത് ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കെല്ലാം അര്‍ഹതയുണ്ട്.
സ്വകാര്യ നഴ്സിംഗ് ഹോമുകളിലും ഹോസ്പിസുകളിലും ജോലി ചെയ്യുന്നവരും പദ്ധതിയില്‍ ഉള്‍പ്പെടും. എച്ച് എസ് ഇ യിലോ, അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റ് സ്ഥാപനങ്ങളിലോ കോവിഡ് കാലത്ത് സേവനം അനുഷ്ഠിച്ചവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും. എങ്കിലും കോവിഡ് കാലമെന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക നിര്‍വചനം നല്‍കിയിട്ടില്ല. 2020 ഫെബ്രുവരി മാസത്തിലാണ് അയര്‍ലണ്ടില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചത്. അത് കൊണ്ടു തന്നെ ആദ്യകാലങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ബോണസ് ഉറപ്പാണ്. സമീപ കാലത്ത് ജോലിയില്‍ ചേര്‍ന്നവരും അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടുമോ എന്നത് സംബന്ധിച്ച തീരുമാനം വകുപ്പ് വൃത്തങ്ങള്‍ ഉടന്‍ വെളിപ്പെടുത്തിയേക്കും.
ആശുപത്രി ശുചീകരണ തൊഴിലാളികള്‍, പോര്‍ട്ടര്‍മാര്‍, ആംബുലന്‍സ് തൊഴിലാളികള്‍ എന്നിവരെല്ലാം ഉള്‍പ്പെടും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും പരിശോധനാ കേന്ദ്രങ്ങളിലും ഡ്യൂട്ടി ചെയ്ത പ്രതിരോധ സേനാംഗങ്ങള്‍ക്കും ടെസ്റ്റിംഗ് കേന്ദ്രങ്ങളില്‍ സ്വാബ്ബര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കും സാമ്പിളുകള്‍ വിശകലനം ചെയ്യുന്ന ലാബുകളില്‍ ജോലി ചെയ്തവര്‍ക്കും ബോണസ് ലഭിക്കും.
ക്ലിനിക്കല്‍ സൈറ്റുകളില്‍ പരിശീലനത്തിലുണ്ടായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് പേയ്‌മെന്റിന് യോഗ്യതയുണ്ടാകും. ഹോസ്പിസുകളിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തും.
പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ആയിരം യൂറോ ആയിരിക്കില്ല ബോണസ് ലഭിക്കുന്നത് എന്ന സൂചനകളാണ് ആദ്യ പ്രഖ്യാപനത്തിലുള്ളത്. ഇവര്‍ക്ക് പ്രോ-റേറ്റ പേയ്‌മെന്റ്, പക്ഷെ ഉറപ്പായും ലഭിക്കും.
ഇനിയും വ്യക്തത വരാനുണ്ട്, എങ്കിലും ഒക്ടോബറിന് മുമ്പേ ബോണസ് ലഭിക്കും
അര്ഹതപ്പെട്ടവര്‍ക്ക് ബോണസ് ഓട്ടോമാറ്റിക്കായി പ്രോസസ്സ് ചെയ്യുമോ, അതിനായി മുന്‍നിര തൊഴിലാളികള്‍ക്ക് പേയ്‌മെന്റ് എങ്ങനെ കണ്ടെത്തും, അതിനായി അവര്‍ വ്യക്തിഗതമായി അപേക്ഷിക്കേണ്ടതുണ്ടോ, ശമ്പളത്തിന്റെ ഭാഗമായി അത് ലഭിക്കുമോ എന്നതിലൊന്നും ഇനിയും തീരുമാനമായിട്ടില്ല. ഇതിനെല്ലാമുള്ള വ്യക്തമായ മാര്‍ഗ രേഖകള്‍ വരാനിരിക്കുന്നതേയുള്ളൂ.
എങ്കിലും ഒക്ടോബറിലെ ബജറ്റിന് മുമ്പ് പണം നല്‍കുമെന്ന് മന്ത്രി ഡോണെല്ലി വ്യക്തമാക്കുന്നു.
ചെലവ് 100 മില്യണ്‍ യൂറോ
സ്‌കീമിന് 100 മില്യണ്‍ യൂറോയിലധികം ചെലവ് വരുമെന്നും പബ്ലിക് എക്സപെന്റിച്ചര്‍ മന്ത്രി മീഹോള്‍ മക് ഗ്രാത്ത് പറഞ്ഞു. ഡിഫന്‍സ് ഫോഴ്‌സ്, നഴ്‌സിംഗ് ഹോം സ്റ്റാഫ് പോലുള്ളവര്‍ക്കുള്ള മറ്റ് അധിക പേയ്‌മെന്റുകള്‍ ഇതിന് പുറമേ വരും. 100 മില്യണിനുള്ളില്‍ അവ നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ബജറ്റിലെ കോവിഡ് കണ്ടിന്‍ജന്‍സി റിസര്‍വില്‍ നിന്ന് ധനസഹായം നല്‍കും. ഐറിഷ് സര്‍ക്കാര്‍ കണ്ടിജന്‍സി ഫണ്ടില്‍ നീക്കിവെച്ചിരിക്കുന്ന തുക നാല് ബില്യണ്‍ യൂറോയില്‍ അധികമായതിനാല്‍ ആവശ്യമെങ്കില്‍ ഒറ്റയടിക്ക് ബോണസ് തുക വിതരണം ചെയ്യാനുള്ള ശേഷി സര്‍ക്കാരിനുണ്ട്.
ബോണസ് മറ്റു വിഭാഗക്കാര്‍ക്ക് വ്യാപിപ്പിക്കാനിടയില്ല, ഹോം കെയറര്‍മാര്‍ നിരാശയില്‍
പാന്‍ഡെമിക് എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് (പിയുപി) പോലുള്ള കോവിഡ് സപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്ന മറ്റു തൊഴിലാളികളെ സ്‌കീമില്‍ പരിഗണിക്കണമെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ സെപ്തംബറില്‍ ഡെയിലില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപനത്തില്‍ അതുണ്ടായില്ല.
ആരോഗ്യ പ്രവര്‍ത്തകരെ മറികടന്ന് പേയ്‌മെന്റ് നീട്ടിയാല്‍ അതൊരിടത്തും നില്‍ക്കില്ലെന്ന് മന്ത്രി മക് ഗ്രാത്ത് പറഞ്ഞു.ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്ക് മാത്രമായി, പ്രത്യേകിച്ച് കോവിഡ് പരിചരണത്തില്‍ നേരിട്ട് ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രയോജനം ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.പ്രത്യേക അംഗീകാരത്തിനായി ഔപചാരികമായ അവകാശവാദം ഉന്നയിച്ചത് ആരോഗ്യ യൂണിയനുകള്‍ മാത്രമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഹോം കെയര്‍ വര്‍ക്കേഴ്സാണ് ബോണസ് പട്ടികയില്‍ നിന്നും പുറത്തായ ഒരു പ്രധാനവിഭാഗം. പി പി ഇ യുമെല്ലാം ധരിച്ചാണ് കോവിഡിന്റെ ആദ്യ കാലത്ത് തങ്ങള്‍ ജോലി ചെയ്തതെന്നും, രാജ്യത്തെ ആയിരക്കണക്കിന് ദുര്‍ബലരെയും, വയോജനങ്ങളെയും ഭവനങ്ങളില്‍ സുരക്ഷിതരാക്കിയവരെന്ന നിലയില്‍ ബോണസിന് അര്‍ഹരാണ് തങ്ങളെന്നും ഹോം കെയററമാരുടെ സംഘടന അവകാശപ്പെട്ടു.
അധ്യാപക യൂണിയനുകളായ എഎസ്ടിഐ, ഐഎന്‍ടിഒ, ടിയുഐ എന്നിവ നേരത്തേ ബോണസിന് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും പാന്‍ഡെമിക് ബോണസ് പേയ്‌മെന്റുകളല്ല, മറിച്ച് സ്‌കൂളുകളില്‍ ദീര്‍ഘകാല സാമ്പത്തിക നിക്ഷേപമാണ് ആവശ്യപ്പെടുന്നതെന്ന് അവര്‍ പിന്നീട് വ്യക്തമാക്കി.
ഗാര്‍ഡയ്ക്കും വേണമെന്ന്
ബോണസ് ചര്‍ച്ചകളില്‍ ഗാര്‍ഡയെ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ റെപ്രസെന്റേറ്റീവ് അസോസിയേഷന്‍ മുമ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നതായി അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജന്റ്സ് ആന്‍ഡ് ഇന്‍സ്പെക്ടര്‍സ് ജനറല്‍ സെക്രട്ടറി അന്റോനെറ്റ് കണ്ണിംഗ്ഹാം പറഞ്ഞു.
പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ മുന്നോട്ട് നയിച്ച സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും എല്ലാ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രതിഫലം നല്‍കണമെന്ന് റീട്ടെയില്‍ യൂണിയനായ മാന്‍ഡേറ്റും ആവശ്യപ്പെട്ടു.
Taoiseach Micheál Martin tells @morningireland the list has "more of less" been drawn up for those entitled to the Covid bonus | Read more: https://t.co/AhZVfe5MBz pic.twitter.com/UkdAmmyzok
— RTÉ News (@rtenews) January 20, 2022
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.