head1
head3

വ്യക്തിഗത ഓണ്‍ലൈന്‍ വായ്പകള്‍ ഞൊടിയിടയില്‍, ഓണ്‍ലൈന്‍ ബാങ്കിംഗില്‍ വിപ്ലവം സൃഷ്ടിക്കാന്‍ റെവല്യൂട്ട്

ഡബ്ലിന്‍ : പേരു സൂചിപ്പിക്കുന്നതു പോലെ ഓണ്‍ലൈന്‍ ബാങ്കിംഗില്‍ വിപ്ലവം കൊണ്ടുവന്നിരിക്കുകയാണ് റെവല്യൂട്ട്. ഒരു ദശാബ്ദത്തിനുള്ളില്‍ അയര്‍ലണ്ടില്‍ 1.7 മില്യണ്‍ ഉപഭോക്താക്കളുമായി ജൈത്രയാത്ര തുടരുകയാണ് ഈ ഓണ്‍ലൈന്‍ ബാങ്ക്. ഒട്ടേറെ നൂതന പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് കമ്പനിയുടെ നീക്കം.

ഏകദേശം 1.5 മില്യണ്‍ വരുന്ന അള്‍സ്റ്റര്‍ ബാങ്ക്, കെബിസി ബാങ്ക് അയര്‍ലണ്ട് എന്നിവയുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് റെവല്യൂട്ടിന്റെ കരുനീക്കങ്ങളെന്നാണ് വിലയിരുത്തല്‍.

ഡിസംബറില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പൂര്‍ണ്ണ ബാങ്കിംഗ് ലൈസന്‍സ് അനുവദിച്ചത് ബാങ്കിനെ കൂടുതല്‍ കരുത്തുറ്റതാക്കി. ഐറിഷ് ഉപയോക്താക്കള്‍ക്ക് 100,000 യൂറോയുടെ ലിത്വാനിയന്‍ ഡെപ്പോസിറ്റ് ഗ്യാരണ്ടിയോടെ ബാങ്ക് അക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യാന്‍ ഈ വര്‍ഷാവസാനത്തോടെ കഴിയുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ബാങ്ക് ഓഫ് അയര്‍ലണ്ടിന്റെ ഇ-മണി ലൈസന്‍സും ലഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇസിബി ലൈസന്‍സ് പ്രകാരമായിരിക്കും ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെന്നും ബാങ്ക് അറിയിച്ചു.

ജനുവരിയോടെ പത്തിലേറെ യൂറോപ്യന്‍ രാജ്യങ്ങളിലും ഇഇഎ -യിലുടനീളമുള്ള 28 വിപണികളിലും സജീവമാകാന്‍ ബാങ്കിന് കഴിഞ്ഞെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. അയര്‍ലണ്ടില്‍ നൂറിലധികം ആളുകള്‍ക്ക് ജോലി നല്‍കിയെന്നും കമ്പനി വെളിപ്പെടുത്തി.

വ്യക്തിഗത ഓണ്‍ലൈന്‍ വായ്പകള്‍ ഞൊടിയിടയില്‍

വ്യക്തിഗത ഓണ്‍ലൈന്‍ വായ്പകളനുവദിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാവുകയാണ് റെവല്യൂട്ടെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റന്റ് വ്യക്തിഗത ലോണുകള്‍ ലഭ്യമാകും. ഓണ്‍ലൈന്‍ ബാങ്ക് വായ്പകള്‍ക്കായി വെയിറ്റിംഗ് ലിസ്റ്റ് ഓപ്പണ്‍ ചെയ്തതായും ബാങ്ക് അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള മറ്റ് വായ്പാ ഉല്‍പ്പന്നങ്ങളും ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.

ഓവര്‍ഡ്രാഫ്റ്റ് നല്‍കുന്നില്ല

റെവല്യൂട്ട് ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിക്കുന്നത് ഉപഭോക്താക്കള്‍ക്ക് നല്ലതാണെന്ന് സ്വിച്ചിംഗ് വെബ്‌സൈറ്റായ ബോങ്കേഴ്സിന്റെ ഡാറാ കാസിഡി പറഞ്ഞു. പത്തു വര്‍ഷത്തിനുള്ളില്‍ ബാങ്കിംഗില്‍ വിപ്ലവം സൃഷ്ടിക്കാന്‍ റെവല്യൂട്ടിന് കഴിഞ്ഞെന്നും കാസിഡി പറഞ്ഞു. ഓവര്‍ഡ്രാഫ്റ്റ് ഓഫറിനെക്കുറിച്ച് ഒരു വിവരവും പ്രഖ്യാപിച്ചിട്ടില്ലെന്നത് നിരാശാജനകമാണെന്നും കാസിഡി കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.