ഡബ്ലിന്‍ : നിശ്ചിത വരുമാന പരിധിക്ക് മുകളിലുള്ള എല്ലാ പ്രൈവറ്റ് ജീവനക്കാര്‍ക്കും അയര്‍ലണ്ടില്‍ നിര്‍ബന്ധിത പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള പദ്ധതി വൈകുമെന്ന് റിപ്പോര്‍ട്ട്.
2022 ഓടെ പദ്ധതി നടപ്പാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത് വീണ്ടും വൈകാന്‍ സാധ്യതയുണ്ടെന്ന് ഒരു പെന്‍ഷന്‍ വിദഗ്ധന്‍ പറഞ്ഞു.
2006 ലാണ് പദ്ധതി ആദ്യമായി അയര്‍ലണ്ടില്‍ അവതരിപ്പിച്ചത്. ജീവനക്കാര്‍ പെന്‍ഷന്‍ പദ്ധതിയില്‍ സ്വയം എന്റോള്‍ ചെയ്യപ്പെടുകയും, പിന്നീട് തൊഴിലുടമകളും സര്‍ക്കാരും ചേര്‍ന്ന് ഇതിലേക്കാവശ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന രീതിയിലായിരുന്നു പദ്ധതി.
എന്നാല്‍, ജീവനക്കാരുടെ റിട്ടയര്‍മെന്റ് ജീവിതം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതി വളരെ കാലമായി ശൈശവാവസ്ഥയിലായിരുന്നു. ഇതാണ് വീണ്ടും നീണ്ടു പോകുന്നത്.
2022 ഓടെ പ്രാബല്യത്തില്‍ വരുത്താന്‍ തീരുമാനിച്ചിരുന്ന പദ്ധതിയ്ക്ക് കാര്യമായ പുരോഗതിയില്ലെന്നും കോവിഡിന്റെ വെല്ലുവിളികള്‍ കൂടുതല്‍ കാലതാമസം ഉണ്ടാക്കുമെന്നും മെര്‍സര്‍ അയര്‍ലണ്ടിന്റെ ഡിസിയും മാസ്റ്റര്‍ ട്രസ്റ്റ് ലീഡറുമായ കൈട്രിയോണ മാക് ഗിന്നസ് പറഞ്ഞു.
ലോകമെമ്പാടുമുള്ള പെന്‍ഷന്‍ സംവിധാനങ്ങള്‍ പരിഗണിക്കുമ്പോള്‍ അയര്‍ലണ്ടിന് 14ാം സ്ഥാനും ബി റേറ്റിംഗുമാണുള്ളത്. എന്നിരുന്നാലും, അയര്‍ലണ്ടിലെ പെന്‍ഷന്‍ സംവിധാനത്തിന്റെ സുസ്ഥിരത നിലവില്‍ ചോദ്യം ചെയ്യപ്പെടുകയാണ്.
പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തില്ലെന്ന് തീരുമാനിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സര്‍ക്കാരിനെതിരേ പുതിയ വിമര്‍ശനം ഉയര്‍ന്നു വരുന്നത്.
അതേസമയം, ജീവനക്കാരും പെന്‍ഷന്‍കാരും തമ്മിലുള്ള അനുപാതം നിലവിലെ 5:1 ല്‍ നിന്ന് 2050 ആവുമ്പോഴേക്കും 2:1 ആയി കുറയുമെന്നും ഭാവിയില്‍ സര്‍ക്കാരിന്റെ പെന്‍ഷന് ധനസഹായം നല്‍കാനുള്ള ജീവനക്കാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നും മെര്‍സര്‍ ചൂണ്ടിക്കാണിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.