അയര്‍ലണ്ടും ലീവിങ് വേജിലേയ്ക്ക് നീങ്ങണമെന്ന് സര്‍ക്കാര്‍, ലഭിക്കുമോ മണിക്കൂറിന് 11.50 യൂറോ മിനിമം വേതനം ?
ഡബ്ലിന്‍ :എല്ലാ തൊഴിലാളികള്‍ക്കും ജീവിക്കാനുള്ള വേതനം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നീക്കം. ലീവിങ് വേജ് വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഉപപ്രധാനമന്ത്രി ലിയോ വരദ്കറാണ് ഡെയ്ലില്‍ സൂചന നല്‍കിയത്. ലോ പേ കമ്മീഷനെ ലീവിങ് വേജസ് കമ്മീഷനാക്കി മാറ്റുന്നത് പരിഗണിക്കുകയാണെന്നാണ് ലിയോ വരദ്കര്‍ വ്യക്തമാക്കിയത്.
ഇടഞ്ഞുനില്‍ക്കുന്ന ട്രേഡ് യൂണിയന്‍ നേതാക്കളെ വരുതിയിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയനിലെ മുതിര്‍ന്ന അംഗങ്ങള്‍ അടുത്തിടെ ലോ പേ കമ്മീഷനില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
മറ്റ് അംഗങ്ങള്‍ ദേശീയ മിനിമം വേതനത്തില്‍ 10 ശതമാനം വര്‍ദ്ധനവും നിര്‍ദ്ദേശിച്ചിരുന്നു.ഈ നിര്‍ദ്ദേശം പിന്നീട് കമ്മീഷന്‍ അംഗീകരിച്ചു. മിനിമം വേതനം ജനുവരി ഒന്നിന് മണിക്കൂറില്‍ 10.20 യൂറോയായി ഉയര്‍ത്താനും തീരുമാനമായിരുന്നു. എന്നാല്‍ ലീവിങ് വേജിനായി സാമൂഹ്യനീതി ഗ്രൂപ്പുകള്‍ ശുപാര്‍ശ ചെയ്യുന്ന നിലവിലെ നിരക്ക് മണിക്കൂറിന് 11.50 യൂറോയാണ്.
ഗ്രേറ്റ് ബ്രിട്ടനിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ലീവിങ് വേജുണ്ട്. എന്നാല്‍ ഇത് ദേശീയ മിനിമം വേതനത്തേക്കാള്‍ വളരെ കുറവാണ്. ആ മാതൃക പിന്തുടരാന്‍ അയര്‍ലന്‍ഡ് ആഗ്രഹിക്കുന്നില്ലെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി.അതിനാലാണ്, ലോ പേ കമ്മീഷനെ ലീവിങ് വേജ് കമ്മീഷനായി മാറ്റുന്നതിന് വഴികള്‍ തേടുന്നത്.
ഡാറ്റ ശേഖരിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സ്വതന്ത്രമായ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ന്യായമായ വേതനത്തെക്കുറിച്ച് ഉപദേശിക്കുന്നതിനും ഒരു കമ്മീഷന്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.
ഇക്കാര്യത്തില്‍ സഭയിലെ സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നതായി വരദ്കര്‍ പറഞ്ഞു.കൂടുതല്‍ അനിശ്ചിതത്വത്തിലേയ്ക്ക് രാജ്യം നീങ്ങുമ്പോള്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം നില്‍ക്കാന്‍ ഇവിടെയൊരു സര്‍ക്കാരുണ്ടെന്ന് മനസ്സിലാക്കണമെന്ന് വരദ്കര്‍ പറഞ്ഞു.
സര്‍ക്കാര്‍ നീക്കത്തെ ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍ നേതാവ് ലോറ ബാംബ്രിക് സ്വാഗതം ചെയ്തു.’ദേശീയ മിനിമം വേതനം മരിച്ചു, ലീവിങ് വേജെങ്കിലും ദീര്‍ഘായുസ്സോടെ ജീവിക്കട്ടെ,” അവര്‍ ട്വീറ്റ് ചെയ്തു. ലോ പേ കമ്മീഷന്‍ അംഗീകരിച്ച 10ശതമാനം വര്‍ധനയെന്ന കയ്പ്പിനെ മധുരമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് ഐറിഷ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് കരുതുന്നത്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.