head3
head1

അയര്‍ലണ്ടില്‍ ഭവന വില കുറയുമെന്ന് തല്‍ക്കാലം പ്രതീക്ഷ വേണ്ട !

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഭവന വില കുറയുമെന്ന പ്രതീക്ഷ വേണ്ടെന്ന് കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി വൃത്തങ്ങള്‍… വില വര്‍ധിപ്പിക്കാന്‍ ബില്‍ഡര്‍മാര്‍ക്ക് അവരുടേതായ കാരണങ്ങള്‍ ഏറെയുണ്ട്. ജീവനക്കാരെ കിട്ടാനില്ല, അസംസ്‌കൃത സാധനങ്ങളെത്തുന്നില്ല, അവയുടെ വില വര്‍ധനവ്… അങ്ങനെ നീളുകയാണ് ആ പട്ടിക.

രാജ്യത്തുടനീളമുള്ള ഓരോ അഞ്ച് ബില്‍ഡര്‍മാരില്‍ നാലു പേരും അവരുടെ പ്രോപ്പര്‍ട്ടികളുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയരുമെന്ന് തുറന്നു പറയുകയാണ്. ഈ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ത്തന്നെ വില വര്‍ധിക്കുമെന്നും കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഫെഡറേഷന്റെ (സിഐഎഫ്) അംഗങ്ങളുടെ ത്രൈമാസ സര്‍വേയില്‍ ഇവര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അവസാനത്തിനും നവംബര്‍ അവസാനത്തിനും ഇടയില്‍ ആക്വറസി മാര്‍ക്കറ്റ് റിസേര്‍ച്ച് നടത്തിയ ഗവേഷണത്തില്‍ സിഐഎഫ് അംഗങ്ങളായ 303 കമ്പനികള്‍ സംബന്ധിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വില

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ഷം തോറും വര്‍ദ്ധിക്കുകയാണെന്ന് സര്‍വ്വെ പറയുന്നു. 2020നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മികച്ച വിറ്റുവരവിലൂടെ നില മെച്ചപ്പെടുത്തിയെന്നും സര്‍വേയില്‍ പങ്കെടുത്ത പകുതി നിര്‍മ്മാതാക്കളും സ്ഥിരീകരിച്ചു.

വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് ഏറിയ ഭാഗം നിര്‍മ്മാതാക്കളും നേരിടുന്ന പ്രധാന പ്രശ്നമെന്നും സര്‍വ്വേ പറയുന്നു. പത്തില്‍ നാല് നിര്‍മ്മാണ സ്ഥാപനങ്ങളിലും ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമാണുണ്ടാക്കുന്നത്. വിതരണ ശൃംഖലയിലെ തടസ്സം കാരണം, അസംസ്‌കൃത വസ്തുക്കളുടെ വരവ് പ്രശ്നമുണ്ടാക്കുന്നതായി രണ്ടില്‍ ഒരാളും പറഞ്ഞു.

കഴിഞ്ഞ പാദത്തില്‍ തൊഴിലാളികളുടെ ചെലവില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്ന് 83% പേരും പറഞ്ഞു. സമാനമായ പ്രവണത തുടരുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നതും.

സര്‍ക്കാര്‍ ഇടപെടണം

ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഗവണ്‍മെന്റിന്റെ പക്കല്‍ നിന്നാണ് ഉണ്ടാകോണ്ടതെന്ന് സിഐഎഫ് ഡയറക്ടര്‍ ജനറല്‍ ടോം പാര്‍ലണ്‍ വ്യക്തമാക്കി. എട്ട് മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് നിര്‍മ്മാണ വ്യവസായത്തിലുള്ളതെന്ന് ഇദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, ഈ മേഖലയില്‍ തൊഴില്‍ വളര്‍ച്ച ശക്തമാണെന്ന് 46%വും അഭിപ്രായപ്പെട്ടു. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൊത്തം ആളുകളുടെ എണ്ണം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കൂടുതലാണെന്നും ഇവര്‍ വെളിപ്പെടുത്തി.

52% കമ്പനികളും പുതിയ ഓര്‍ഡറുകള്‍ വഴി മൊത്തം വരുമാനം വര്‍ദ്ധിപ്പിച്ചു. കോവിഡ് രഹിത ജോലിസ്ഥലം നിലനിര്‍ത്തുന്നത് പ്രധാന വെല്ലുവിളിയാണെന്ന് 5% പേര്‍ മാത്രമേ അഭിപ്രായപ്പെട്ടുള്ളു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.