സമ്പന്ന-ദരിദ്ര രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ക്കിടയിലെ അന്തരത്തിനെതിരെ മുന്നറിയിപ്പുമായി ലോക ബാങ്ക്
ന്യുയോര്‍ക്ക് : ലോകത്തെ സമ്പന്ന-ദരിദ്ര രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ക്കിടയിലെ അന്തരത്തിനെതിരെ മുന്നറിയിപ്പുമായി ലോക ബാങ്ക്. ഇത് ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും ലോക ബാങ്ക് നിരീക്ഷിക്കുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോസോണ്‍, ചൈന എന്നിവിടങ്ങളിലെ സാമ്പത്തിക വളര്‍ച്ച കുറയുമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. വികസിത സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച 2021ലെ 5 ശതമാനത്തില്‍ നിന്ന് 2022ല്‍ 3.8 ശതമാനമായും 2023ല്‍ 2.3 ശതമാനമായും കുറയുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു. എന്നാല്‍ ഉല്‍പാദനവും നിക്ഷേപവും 2023 ഓടെ പാന്‍ഡെമിക്കിന് മുമ്പുള്ള പ്രവണതയിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ആഗോള വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 5.5 ശതമാനത്തില്‍ നിന്ന് 2022ല്‍ 4.1 ശതമാനമായും 2023ല്‍ 3.2 ശതമാനമായും കുറയുമെന്നും ലോക ബാങ്ക് പറയുന്നു.
2021ലെയും 2022ലേയും പ്രവചനങ്ങള്‍ ബാങ്കിന്റെ ജൂണിലെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ് റിപ്പോര്‍ട്ടിനേക്കാള്‍ 0.2% പോയിന്റ് കുറവായിരുന്നു. ഒമിക്രോണ്‍ വേരിയന്റ് നിലനിന്നാല്‍ ഈ നിരക്ക് ഇതിലും താഴ്ന്നേക്കാമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
2020ലെ പ്രതിസന്ധിയെ മറികടന്ന് വികസിത വികസ്വര സമ്പദ്വ്യവസ്ഥകള്‍ 2021ല്‍ വലിയ തിരിച്ചുവരവ് നടത്തുമെന്ന് ബാങ്കിന്റെ ഏറ്റവും പുതിയ അര്‍ദ്ധ വാര്‍ഷിക പ്രവചനം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ നീണ്ടുനില്‍ക്കുന്ന പണപ്പെരുപ്പം, വിതരണ ശൃംഖലയിലെയും തൊഴില്‍ രംഗത്തെയും പ്രശ്നങ്ങള്‍, പുതിയ കൊറോണ വൈറസ് വേരിയന്റുകള്‍ എന്നിവ മൂലം വളര്‍ച്ചാ നിരക്ക് കുറയാന്‍ സാധ്യതയുണ്ടെന്നാണ് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് വ്യക്തമാക്കുന്നത്.
വികസ്വര രാഷ്ട്രങ്ങളുടെ പ്രശ്നങ്ങള്‍
ഉയര്‍ന്ന കടബാധ്യത, വര്‍ദ്ധിച്ചുവരുന്ന വരുമാന അസമത്വം, പുതിയ വൈറസ് വകഭേദങ്ങള്‍ എന്നിവ വികസ്വര സമ്പദ്വ്യവസ്ഥകളുടെ വീണ്ടെടുക്കലിന് വലിയ ഭീഷണിയാണെന്ന് ലോകബാങ്ക് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.
താഴ്ന്ന വാക്സിനേഷന്‍ നിരക്ക്, ആഗോള മാക്രോ പോളിസികള്‍, കടഭാരം എന്നിവയൊക്കെ ‘വികസ്വര രാജ്യങ്ങളില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, പോഷകാഹാരക്കുറവ്, ആരോഗ്യ ഡാറ്റ, സ്‌കൂള്‍ അടച്ചുപൂട്ടല്‍ എന്നിവയും പ്രത്യാഘാതങ്ങളുണ്ടാക്കും. വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക് കൂടുതല്‍ അപകടമുണ്ടാക്കുമെന്നും വളര്‍ച്ചാ പ്രവചനങ്ങളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒമിക്രോണ്‍ വേരിയന്റിന്റെ ദ്രുതഗതിയിലുള്ള വ്യാപനം പാന്‍ഡെമിക് മൂലമുണ്ടാകുന്ന തുടര്‍ച്ചയായ തടസ്സങ്ങളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടിന്റെ രചയിതാവ് അയ്ഹാന്‍ കോസ് വിശദീകരിച്ചു.
വാക്സിനേഷനിലെ വിള്ളല്‍
ലോകമെമ്പാടും 300 മില്ല്യണിലധികം അണുബാധകള്‍ക്കും 5.8 ദശലക്ഷത്തിലധികം മരണങ്ങള്‍ക്കും കോവിഡ് കാരണമായി. ലോക ജനസംഖ്യയുടെ 59% ആളുകള്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. എന്നാല്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 8.9% ആളുകള്‍ക്ക് മാത്രമേ ഒരു ഡോസ് വാക്സിന്‍ ലഭിച്ചിട്ടുള്ളൂ.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.