head1
head3

പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.എസ്.സേതുമാധവന്‍ (90) അന്തരിച്ചു. ചെന്നൈയിലെ ഡയറക്ടേര്‍സ് കോളനിയിലെ വീട്ടിലായിരുന്നു അന്ത്യം. രാത്രി ഉറക്കത്തില്‍ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്. നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയ പ്രതിഭയാണ് സേതുമാധവന്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകള്‍ ഒരുക്കിയിരുന്നു.

ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി.ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. 1971ല്‍ സേതുമാധവന്റെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഉലകനായകന്‍ കമല്‍ഹാസനെ ആദ്യമായി നായകനായി (‘കന്യാകുമാരി’) അവതരിപ്പിച്ചതും ഇദ്ദേഹമായിരുന്നു. 1965ല്‍ ‘ഓടയില്‍’ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും സേതുമാധവന്‍ അവതരിപ്പിച്ചു.

പാലക്കാടായിരുന്നു കെഎസ് സേതുമാധവന്റെ ജനനം. പിന്നീട് വിക്ടോറിയ കോളേജിലെ വിദ്യാഭ്യാസത്തിന് ശേഷം കെ രാംനാഥിന്റെ അസിസ്റ്റന്റായാണ് സംവിധാന രംഗത്തേക്ക് വന്നത്. 1960ല്‍ വീരവിജയ എന്ന ചിത്രമാണ് സേതുമാധവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. മുട്ടത്ത് വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം.

ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനാണ് കെ.എസ്.സേതുമാധവന്‍. ‘ഓടയില്‍ നിന്ന്’, ‘അടിമകള്‍’, ‘കരകാണാകടല്‍’, ‘അച്ഛനും ബാപ്പയും’, ‘പണി തീരാത്ത വീട്’, ‘അനുഭവങ്ങള്‍ പാളിച്ചകള്‍’, ‘ഓപ്പോള്‍’, ‘ചട്ടക്കാരി’, ‘അരനാഴിക നേരം’, ‘കന്യാകുമാരി’, ‘വേനല്‍കിനാവുകള്‍’, ‘സ്ഥാനാര്‍ഥി സാറാമ്മ’, ‘മിണ്ടാപ്പെണ്ണ്’, ‘അഴകുള്ള സെലീന’ തുടങ്ങിയ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.