head3
head1

സംവാദങ്ങള്‍… ചര്‍ച്ചകള്‍… ഒളിയമ്പുകള്‍…അയര്‍ലണ്ടില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു. സ്ഥാനാര്‍ത്ഥികളുടെ സംവാദവും നേരിട്ടുള്ള പര്യടനവുമായി ഫിന ഫാളിന്റെ ജിം ഗാവിനും ഫിന ഗേലിന്റെ ഹീതര്‍ ഹംഫ്രീസും സംയുക്ത ഇടതു സ്ഥാനാര്‍ത്ഥി കാതറിന്‍ കോണോളിയും സംവാദങ്ങളും മറ്റുമായി മുന്നേറുകയാണ്. വായില്‍ നിന്നും വീഴുന്ന പരാമര്‍ശങ്ങള്‍ ഏറെ വിവാദമാകാനിടയുണ്ട്. അതിനാല്‍ കരുതലോടെയാണ് ഇവരുടെ പ്രചാരണം.

എന്നിരുന്നാലും പൊതുജനങ്ങളിലേയ്ക്ക് ഇലക്ഷന്‍ ചൂടെത്തിയിട്ടില്ല.നിരവധി വോട്ടര്‍മാര്‍ ഇപ്പോഴും വോട്ടിനെക്കുറിച്ച് തീരുമാനമെടുത്തിട്ടുമില്ല.അഭിപ്രായ വോട്ടെടുപ്പുകളും ഇതുവരെ വന്നിട്ടില്ല.

തകര്‍ക്കണം! ജിം ഗാവിന് മേല്‍ സമ്മര്‍ദ്ദം

രാഷ്ട്രീയ അങ്കം കുറിച്ച കായിക താരം ജിം ഗാവിന് പ്രചാരണത്തില്‍ വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഫിന ഫാള്‍ ബാക്ക്ബെഞ്ച് ടി ഡിമാരുടെയും പാര്‍ട്ടി അംഗങ്ങളുടെയും പൊതുവികാരം.അതിനാല്‍ മികച്ച പ്രകടനത്തിനായി ഏറ്റവും ജിം ഗാവിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. പ്രചാരണം കൂടുതല്‍ ആക്ടീവാക്കിയില്ലെങ്കില്‍ ഫിനഫാള്‍ വോട്ടുകള്‍ ഫിനഗേലിന്റെ ഹീതര്‍ ഹംഫ്രീസിന് പോകുമെന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നു.

ഗാവിന്‍ തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളുമൊന്നും വ്യക്തമാക്കിയിട്ടില്ല. ഇതും ദോഷകരമാകുമെന്ന് കരുതുന്ന പാര്‍ട്ടിക്കാരുമുണ്ട്. എന്നാല്‍ ജിം ഗാവിന്റെ വിജയത്തെക്കുറിച്ച് മീഹോള്‍ മാര്‍ട്ടിനടക്കമുള്ള ഉന്നത നേതാക്കള്‍ക്ക് ടെന്‍ഷനില്ല.ഗാവിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരുവിധ ഭിന്നതകളുമില്ലെന്നും ഇവര്‍ പറയുന്നു.

അപ്പുറത്തെ വോട്ടുകളില്‍ കണ്ണെറിഞ്ഞ് കാതറിന്‍

അതേ സമയം, പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ വോട്ടര്‍മാര്‍ക്കപ്പുറത്തേയ്ക്ക് തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കാതറിന്‍ കോണോളി.ഹമാസിനെക്കുറിച്ചും ജര്‍മ്മനിയുടെ സൈനിക ചെലവിലെ വര്‍ദ്ധനവിനെക്കുറിച്ചുമുള്ള കാതറിന്റെ പരാമര്‍ശങ്ങള്‍ ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ അലന്‍ കെല്ലിയും ഡങ്കന്‍ സ്മിത്തും ഈ അഭിപ്രായങ്ങളെക്കുറിച്ച് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ സന്ദര്‍ഭം ആവശ്യപ്പെടുന്നതാണെന്നാണ് കാതറിന്റെ അനുയായികളുടെ വാദം.

അതേ സമയം പോളിംഗ് ശതമാനം കൂടിയില്ലെങ്കില്‍ അത് കാതറിന് ദോഷമാകുമെന്ന ആശങ്കയുണ്ട്.അതിനാല്‍ പരമാവധിയാളുകളെ പോളിങ്ങിനെത്തിക്കാനാകും ഇവരുടെ ശ്രമം.കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സിന്‍ ഫെയ്ന്‍, ലേബര്‍, സോഷ്യല്‍ ഡെമോക്രാറ്റ്സ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, ഗ്രീന്‍ പാര്‍ട്ടി എന്നിവര്‍ ചേര്‍ന്ന് 34.3% വോട്ടുകളാണ് നേടിയത്.ഈ കണക്ക് മറികടന്നാല്‍ മാത്രമേ കാതറിന് വിജയം ഉറപ്പാക്കാനാകൂ.

ആത്മവിശ്വാസം ഹീതര്‍ ഹംഫ്രീസിന്റെ കരുത്ത്

കാബിനറ്റ് മന്ത്രി എന്ന നിലയില്‍ ഹീതര്‍ ഹംഫ്രീസിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രകടനം ജനമനസ്സില്‍ ഇടം നേടിയിട്ടുണ്ടെന്നും അതിനാല്‍ വിജയം ഉറപ്പാണെന്നും ഹീതര്‍ ഹംഫ്രീസിന്റെ അനുയായികള്‍ പറയുന്നു. പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യയായ സ്ഥാനാര്‍ത്ഥിയാണിവരെന്നും ഫിനഗേല്‍ പ്രവര്‍ത്തകര്‍ വാദിക്കുന്നു.

ഹംഫ്രീസ് രാജ്യത്തെ ഭവന പ്രതിസന്ധിയെ നിസ്സാരവല്‍ക്കരിച്ചുവെന്ന് കാതറിന്‍ കോണോളി ഇതിനകം ആരോപിച്ചിട്ടുണ്ട്.ഹംഫ്രീസിന്റെ നിയോജകമണ്ഡലത്തില്‍ നിന്നുള്ളയാളായിരുന്നിട്ടും ഹിറ്റ് ആന്‍ഡ് റണ്‍ ഇരയായ ഷെയ്ന്‍ ഒ ഫാരെലിന്റെ അമ്മയുടെ നീതിക്കുവേണ്ടിയുള്ള തന്റെ പോരാട്ടത്തെ ഹംഫ്രീസ് സഹായിച്ചില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ മാധ്യമ ചര്‍ച്ചകളിലൊന്നും വലിയ കാര്യമില്ലെന്നാണ് ഹംഫ്രീസ് അനുയായികളുടെ പക്ഷം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.