head1
head3

മണിക്കൂറുകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടും ക്യൂവില്‍ കുടുങ്ങിയ ദമ്പതികള്‍ക്ക് യഥാസമയം വിമാനം കിട്ടിയില്ല

ഡബ്ലിന്‍ : പുറപ്പെടേണ്ടതിനു മണിക്കൂറുകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടും എയര്‍പോര്‍ട്ടിലെ ക്യുവില്‍ കുടുങ്ങിയ ദമ്പതികള്‍ക്ക് യഥാസമയം വിമാനം കിട്ടിയില്ല. ഇറ്റലിയിലെ നേപ്പിള്‍സിലേയ്ക്ക് പോകാനായി പുലര്‍ച്ചെ നാലേ മുക്കാലിന് എത്തിയ ജെറി ഡാലിയ്ക്കും പാര്‍ട്ണര്‍ റോസിനുമാണ് യാത്ര മുടങ്ങിയത്. ഇവരോടൊപ്പം മറ്റ് 36 പേര്‍ക്കും ക്യൂ യാത്ര മുടക്കി. മൂന്നു മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തിയവരാണ് കെണിയില്‍ അകപ്പെട്ടത്.

ക്യുവിന്റെ പേരില്‍ വളരെ മുമ്പ് തന്നെ പ്ലാന്‍ ചെയ്ത യാത്ര മുടങ്ങിയതിന്റെ നിരാശയും സങ്കടവുമാണ് ദമ്പതികള്‍ പങ്കുവെയ്ക്കുന്നത്. കോവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഇവരുടെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണ്. ഖേദ പ്രകടനവും ക്ഷമാപണവും നടത്തി എയര്‍പോര്‍ട്ടധികൃതര്‍ കൈയ്യൊഴിയുമ്പോള്‍ യാത്രികര്‍ക്കുണ്ടാകുന്ന വിഷമങ്ങളും നഷ്ടവും പരിഹരിക്കപ്പെടാതെ പോകുന്നു.

ഏതാനും ദിവസം മുമ്പും ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. 7.45ന്റെ വിമാനം പിടിക്കാന്‍ 7.40നു ഗേറ്റിലെത്തിയിട്ടും അത് തുറന്നുകൊടുക്കാനുള്ള മര്യാദ പോലും എയര്‍പോര്‍ട്ടധികൃതര്‍ കാണിച്ചില്ല. അതോടെ മാസങ്ങള്‍ക്കു മുമ്പ് പ്ലാന്‍ ചെയ്ത ടൂര്‍ സ്വപ്നം പൊലിഞ്ഞു.

8.40ന് ഫ്ളൈറ്റുണ്ടെന്ന് പറഞ്ഞ് വീണ്ടും ക്യൂ നിന്നെങ്കിലും അതും ഉണ്ടായില്ല. ഒടുവില്‍ സമ്പൂര്‍ണ്ണ നിരാശയില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍.

ഇനി മേലില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കില്ല

ഇനി ഒരിക്കലും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്കില്ലെന്ന് പ്രതിജ്ഞയെടുത്താണ് ജറി ഡാലിയും റോസും കെറിയിലേയ്ക്ക് മടങ്ങിയത്. ഇത്രയും ഭീകരമായ ക്യൂ വേറെ ഒരിടത്തുമുണ്ടാകില്ലെന്നും ദമ്പതികള്‍ പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നു ടോപ് ഫ്ളൈറ്റ് മുഖേനെ സംഘടിപ്പിച്ച ടൂര്‍ പ്രോഗ്രാം.

ഏഴേ മുക്കാലിനായിരുന്നു ഫ്ളൈറ്റ്. വെളുപ്പിന് 4.45ന് ദമ്പതികള്‍ എയര്‍പോര്‍ട്ടിലെത്തി. ക്യൂവെന്ന കെണിയില്‍ നിന്നും രക്ഷപ്പെട്ട് 7.40നാണ് ഗേറ്റിലെത്തിയത്. അപ്പോഴേയ്ക്കും അത് അടച്ചിരുന്നു. തുറന്നുതരാന്‍ അധികൃതര്‍ തയ്യാറായില്ല. പോകേണ്ട വിമാനം കണ്‍മുന്നിലൂടെ പറന്നകലുന്നത് നിസ്സഹായരായി നോക്കി നില്‍ക്കാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളു.

ഗേറ്റിലുണ്ടായിരുന്നയാളോട് അകത്തേക്ക് കടത്തിവിടണമെന്ന് കെഞ്ചിയിരുന്നു. എന്നിട്ടും അനുമതി കിട്ടിയില്ല. എന്തുകൊണ്ടാണ് 36 പേരെ യഥാസമയത്ത് വിമാനത്തില്‍ കയറ്റാന്‍ കഴിയാതിരുന്നതെന്ന് ജറി ചോദിക്കുന്നു. നേപ്പിള്‍സിലേയ്ക്കുള്ള അടുത്ത ഫ്ളൈറ്റിനായി വീണ്ടും ക്യൂ നില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് 8.40 വരെ വീണ്ടും കാത്തിരുന്നു. പക്ഷേ ഒടുവില്‍ വിമാനമില്ലെന്ന മറുപടിയാണ് ലഭിച്ചത്.

യാത്ര മുടങ്ങിയതിന്റെ റിഫണ്ടും ബുദ്ധിമുട്ടാകുമെന്ന് ജറി പറഞ്ഞു. ഇനി അതിനായി പേപ്പര്‍ വര്‍ക്കുകളും ഫോണ്‍ കോളുകളുമെല്ലാം നടത്തണം. നേപ്പിള്‍സില്‍ ഇവര്‍ മുന്‍കൂട്ടി ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നു. ഇവര്‍ അവിടെയെത്തിയെന്നു കണക്കുകൂട്ടി ഹോട്ടലുകാരും ബന്ധപ്പെട്ടിരുന്നു. ആ പണവും നഷ്ടമായി. സാധാരണ നിലയില്‍ 10.30ന് അവിടെയെത്തേണ്ടതായിരുന്നു.

പതിവ് ഖേദ പ്രകടനവുമായി ഡി എ ഐ

ക്യൂ കാരണം ചില യാത്രക്കാര്‍ക്ക് ഫ്ളൈറ്റ് നഷ്ടമായെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് സ്ഥിരീകരിച്ചു. ക്ഷമാപണവും നടത്തി. അതോടെ എയര്‍പോര്‍ട്ടിന്റെ ഉത്തരവാദിത്തം കഴിഞ്ഞു.

അതിനിടെ, സംഭവത്തില്‍ ഗതാഗത മന്ത്രി എയ്മണ്‍ റയാനും ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സഹമന്ത്രി ഹില്‍ഡെഗാര്‍ഡ് നോട്ടണും അതൃപ്തി അറിയിച്ചു. കൃത്യസമയത്ത് എത്തിച്ചേര്‍ന്നവര്‍ക്ക് വിമാനങ്ങള്‍ കിട്ടാതെ പോകുന്നത് ശരിയല്ലെന്ന് ഇരുവരും പ്രതികരിച്ചു. മന്ത്രി നോട്ടണും എയര്‍പോര്‍ട്ട് സി ഇ ഒ ഡാല്‍ട്ടണ്‍ ഫിലിപ്‌സും ഈ വിഷയത്തില്‍ ഇന്നും കൂടിക്കാഴ്ച നടത്തും. നീളുന്ന ക്യൂവിന്റെ കാരണങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്യുക.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.