head1
head3

വാടകക്കാര്‍ക്ക് ആശ്വാസമേകാന്‍ പുതിയ കോസ്റ്റ് റെന്റല്‍ സ്‌കീം… മാര്‍ക്കറ്റ് വാടകയുടെ 25 മുതല്‍ 30 ശതമാനം വരെ കുറയും 

ഡബ്ലിന്‍ : വീട്ടുവാടക കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ഐറിഷ് സര്‍ക്കാരിന്റെ പുതിയ കോസ്റ്റ് റെന്റല്‍ സ്‌കീം വരുന്നൂ.

പുതിയ പദ്ധതിയുടെ ഭാഗമായി വാടകക്കാര്‍ക്ക് മാര്‍ക്കറ്റ് വാടകയുടെ 25 മുതല്‍ 30 ശതമാനം വരെ കുറവ് ലഭിക്കുമെന്ന് ഭവന മന്ത്രി ഡാരാ ഓബ്രിയന്‍ പറഞ്ഞു.

ഭവന മേഖലയ്ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച 3.1 ബില്ല്യണ്‍ യൂറോയില്‍ 35 മില്ല്യണ്‍ യൂറോയാണ് കോസ്റ്റ് റെന്റല്‍ പദ്ധതിക്കായി നീക്കി വെച്ചിരിക്കുന്നത്.

നിലവില്‍ താമസിക്കുന്ന പ്രദേശത്തെ അനുസരിച്ചായിരിക്കും ഓരോ സ്ഥലങ്ങളിലെയും വാടക നിര്‍ണയിക്കുക. ക്രിസ്മസിന് മുമ്പ് ഭവന മേഖലയിലെ പുതിയ നിയമനിര്‍മ്മാണം നടത്തുമെന്നും കൂടുതല്‍ വിശദാംശങ്ങള്‍ അപ്പോള്‍ പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.

അയര്‍ലണ്ടിലെ ആദ്യത്തെ മാതൃകാ കോസ്റ്റ് റെന്റല്‍ ഭവന പദ്ധതി ഡബ്ലിന്‍ ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ പ്രദേശത്ത് കഴിഞ്ഞ വര്‍ഷം തന്നെ പണി ആരംഭിച്ചിരുന്നു.

105 സോഷ്യല്‍ ഹൗസിംഗുകള്‍ക്കൊപ്പം 50 കോസ്റ്റ് റെന്റല്‍ വീടുകളും (2 ബെഡ് ) ഉള്‍പ്പെടുന്ന ഡെവലപ്പ്മെന്റ് സ്റ്റെപാസൈഡിലെ എന്നിസ്‌കറി റോഡിലാണ് പണി പുരോഗമിക്കുന്നത്.

50,000 യൂറോയുള്ള വരുമാനം വ്യക്തിഗതമായോ ,75,000 യൂറോവരെ വരുമാനമുള്ള ദമ്പതികള്‍ക്കുമാണ് കോസ്റ്റ്റെന്റല്‍ സ്‌കീമില്‍ വാടക വീടുകള്‍ക്ക് അപേക്ഷിക്കാവുന്നത്. പ്രധാനമായും തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഇത് സോഷ്യല്‍ ഹൗസിംഗ് വിഭാഗത്തിനുപകരം അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമിലാണ് ഉള്‍പ്പെടുക.ഡിസംബറോടെ രാജ്യവ്യാപകമായി കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍.

ഇവിടെ 2021 ഓടെ പൂര്‍ത്തിയാകുന്ന ചെയ്യുന്ന പുതിയ രണ്ട് ബെഡ് റൂം വീടുകളുടെ പരമാവധി വാടക 1,200 യൂറോ ആയിരിക്കും.
നാമ നല്‍കിയ ഭൂമിയില്‍ ഡണ്‍ലേരി കൗണ്‍സിലുമായി സഹകരിച്ച് രണ്ട് വ്യത്യസ്ത ഹൗസിംഗ് അസോസിയേഷനുകളാണ് പദ്ധതിയുടെ നിര്‍വഹണം നടത്തുന്നത്.

വാടകയെ ഭവന നിര്‍മ്മാണത്തിന്റെ ചിലവുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിപണിയില്‍ എന്തെങ്കിലും വര്‍ദ്ധനവുണ്ടായാലും ,സ്ഥിരതയുള്ള വാടക നല്‍കേണ്ടതുണ്ട്.

അതേസമയം, സര്‍ക്കാരിന്റെ ചെലവ് കുറഞ്ഞ ഭവന പദ്ധതിക്ക് അനുമതി നല്‍കിയതായും ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം 2000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 75 മില്ല്യണ്‍ യൂറോയാണ് ബജറ്റില്‍ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുള്ളത്.

അടുത്ത വര്‍ഷം 9,500 സാമൂഹിക ഭവനങ്ങള്‍ നിര്‍മ്മിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചെന്നും, ഈ വര്‍ഷം വാഗ്ദാനം ചെയ്ത 700 ഓളം സാമൂഹിക ഭവനങ്ങള്‍ ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോവിഡ് അതിരൂക്ഷമായി തുടരുന്ന അവസരത്തില്‍ രാജ്യം മുഴുവനായും ലെവല്‍ 4 അല്ലെങ്കില്‍ 5 നിയന്ത്രണങ്ങളിലേക്ക് മാറിയാലും നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തില്ല.പൊതുജനാരോഗ്യ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, സര്‍ക്കാരിന്റെ ചെലവ് കുറഞ്ഞ ഭവന പദ്ധതി വ്യക്തമല്ലെന്നും ബജറ്റില്‍ അനുവദിച്ച തുക ഉപയോഗിച്ച് ആകെ എത്ര വീടുകള്‍ നിര്‍മ്മിക്കുമെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും സിന്‍ഫെയ്ന്‍ ഹൗസിംഗ് വക്താവ് ഇയോണ്‍ ഓ ബ്രോയിന്‍ വിമര്‍ശിച്ചു.

ഇപ്പോഴത്തെ കോസ്റ്റ് റെന്റല്‍ പദ്ധതി നടപ്പാക്കുന്നതിന് പിന്നില്‍ ഭരണ കക്ഷിയിലെ ഘടകകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിയുടെ കടുംപിടുത്തം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ പ്രകടന പദ്ധതിയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കോസ്റ്റ് റെന്റല്‍ സ്‌കീം.

ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും കോസ്റ്റ്റെന്റല്‍ പദ്ധതി നടപ്പാക്കുന്നത് കൊണ്ടാണ് അവിടങ്ങളില്‍ വാടക നിരക്കും, ഭവനവിലയും കുറഞ്ഞു നില്‍ക്കുന്നത്.

ദീര്‍ഘകാല പദ്ധതിയോടെ നടപ്പാക്കിയാല്‍ അയര്‍ലണ്ടിലെ ഭവനരംഗത്തെ അനിശ്ചിതത്വങ്ങള്‍ മാറ്റാന്‍ ഈ പദ്ധതിയ്ക്കാവും എന്നതില്‍ സംശയമില്ല.
ഐറിഷ് മലയാളി ന്യൂസ്

Comments are closed.