head1
head3

അയര്‍ലണ്ടില്‍ സര്‍വ്വത്ര വിലക്കയറ്റം… ദുരിതക്കടലില്‍ ജനങ്ങള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ പിടിവിട്ടുപായുന്ന പണപ്പെരുപ്പത്തെ തുടര്‍ന്നുള്ള വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു. ഭവന വിലയും വാടകയും പണ്ടേ ഉയര്‍ന്ന നിലയിലാണ്. പാചകവാതക, വൈദ്യുതി നിരക്കും അതിനോട് മല്‍സരിച്ച് മുന്നേറുകയാണ്. അതിനിടെയാണ് നിത്യോപയോഗസാധനങ്ങളുടെയും പച്ചക്കറി, പഴവര്‍ഗ്ഗങ്ങളുടെുമെല്ലാം വില വാണം പോലെ കുതിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പകുതി മുതല്‍ അയര്‍ലണ്ടില്‍ വിലക്കയറ്റത്തിന്റെ കെടുതി ജനങ്ങള്‍ അനുഭവിക്കുകയാണ്. ഇപ്പോള്‍ അതിന്റെ പാരമ്യത്തിലെത്തിയതായാണ് കണക്കുകള്‍ കാണിക്കുന്നത്.

‘ഉപ്പു തൊട്ടു മെഴുകുതിരി വരെയുള്ളതിനെല്ലാം’ പൊള്ളുന്ന വിലയാണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഊര്‍ജത്തിന്റെയും ഇന്ധനത്തിന്റെയും വില നേരത്തേ തന്നെ ഉയര്‍ന്നതാണ്. ഇപ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ക്കും പാനിയങ്ങള്‍ക്കുമെല്ലാം തീ വിലയായി.

ബ്രെഡിന് 5.3%വും ക്രിസ്പ്സിന് 7%വും വില വര്‍ദ്ധിച്ചു. ഭക്ഷണവും നോണ്‍ ആല്‍ക്കഹോളിക് പാനീയങ്ങള്‍ക്കുമെല്ലാം വില 1.6% വര്‍ധിച്ചു.

ഡീസല്‍ വില 36% വര്‍ദ്ധിച്ചപ്പോള്‍ പെട്രോള്‍ വില 32%വും കൂടി. വിമാന നിരക്ക് 66%മാണ് ഉയര്‍ന്നത്. വൈദ്യുതിയ്ക്ക് 22.4%മാണ് വില കൂടിയത്. അതേസമയം ഗ്യാസിന്റെ വില 28% ഉയര്‍ന്നു. ഹോം ഹീറ്റിംഗ് ഓയിലിന്റെ വില 53% വര്‍ധിച്ചു. സ്വകാര്യ മേഖലയിലെ വാടക 8.4% വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

പണപ്പെരുപ്പത്തിന്റെ തോത് 2001 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് സിഎസ്ഒ വെളിപ്പെടുത്തുന്നു. ഡിസംബറില്‍ 5.5%മാണ് പണപ്പെരുപ്പം. നവംബറിലിത് 5.3%മായിരുന്നു. യൂറോ സോണിലാകെ പണപ്പെരുപ്പം ഉയര്‍ന്ന തോതിലാണെന്നും കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. നവംബറില്‍ 4.9% ആയിരുന്ന പണപ്പെരുപ്പം ഡിസംബറില്‍ 5% ആയാണ് ഉയര്‍ന്നത്.

2017നും 2021നും ഇടയില്‍ ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയ്ക്ക് ഏറ്റവും വലിയ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ പറയുന്നു. ഇത് 14%മാണ് വര്‍ദ്ധിച്ചത്.

ഫെബ്രുവരി വരെ വില കുറഞ്ഞ നിലയിലായിരുന്നു. മൊത്തത്തില്‍ 2021ലെ ശരാശരി വാര്‍ഷിക പണപ്പെരുപ്പം 2.4%മായിരുന്നു. പിന്നീടാണ് വര്‍ധന തുടങ്ങിയത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.