സ്വാതിതിരുനാള്‍ മഹാരാജാവിന്റെ അമ്മയായ മഹാറാണി ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മി ബായി തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലം കേണല്‍ ജോണ്‍ മണ്‍റോ സായിപ്പായിരുന്നു ബ്രിട്ടീഷ് റെസിഡന്റും ദിവാനും ആയി പ്രവര്‍ത്തിച്ചിരുന്നത്.
തിരുവതാംകൂര്‍ രാജ്യം അക്കാലഘട്ടത്തു കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാല്‍ മഹാറാണിയുടെ അനുമതിയോടെ മണ്‍റോ സായിപ്പ് ഒരു ഹൈന്ദവ ഭരണകൂടമായ രാജകുടുംബത്തിന് ക്ഷേത്ര ഊരാളന്മാരുടെ (സ്ഥാനികളായ ട്രസ്റ്റികള്‍) മുകളിലുള്ള കോയ്മ സമര്‍ത്ഥിച്ചു ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരിന്റെ തട്ടകമാക്കി.
അന്ന് ഇതര മതങ്ങളുടെ സ്ഥാപനങ്ങള്‍ ഒരു ഹൈന്ദവ ഭരണകൂടം കയ്യാളുന്നത് മാന്യതയല്ലാ എന്നത് കൊണ്ട് അവയുടെ സ്വയംഭരണത്തില്‍ തത്തുല്യമായ ഒരു കടന്നു കയറ്റം രാജകുടുംബം നടത്തിയില്ല . എന്നിരിക്കെ ഇന്ന് ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രമായി കഴിഞ്ഞ ഇന്ധ്യയില്‍ കേരള സര്‍ക്കാര്‍ രാജഭരണത്തിന്റെ അനന്തരാധികാരികളാകയാല്‍ തങ്ങള്‍ ദേവസ്വം ഭരണം ആര്‍ജിച്ചതാണ് എന്ന വാദമുഖേന ക്ഷേത്രങ്ങള്‍ മാത്രമായി നിയന്ത്രിച്ചു പോരുന്നത് അസാന്മാര്‍ഗികമല്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഏറുന്നു.
മണ്‍റോ സായ്യിപ്പിന്റെ ഉടമ്പടി പ്രകാരം തിരുവിതാംകൂറിലെ വലുതും ചെറുതുമായ ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ ഭരണകൂടത്തിന്റെ റവന്യൂ വിഭാഗം ഏറ്റെടുത്തു. ക്ഷേത്രങ്ങള്‍ക്ക് ഇതിനാല്‍ ഉണ്ടാവുന്ന വരുമാന നഷ്ടം നികത്താന്‍ പ്രതിവര്‍ഷം 22 .4 ലക്ഷം പറ നെല്ലിന്റെ മൂല്യമാണ് ക്ഷേത്രനടത്തിപ്പിനായി അന്ന് ഉണ്ടാക്കിയ തിരുവതാംകൂര്‍ ദേവസ്വത്തിന്റെ ആദി രൂപത്തിന് രാജ്യം നഷ്ടപരിഹാരാമായി കൊടുത്തു പോന്നത് . ഈ വിധം കൊടുക്കേണ്ട നഷ്ടപരിഹാരം ഏറ്റെടുത്ത ക്ഷേത്ര വസ്തു വഹകളില്‍ നിന്നും സര്‍ക്കാറിനുണ്ടാവുന്ന വരുമാനത്തേക്കാളും തുച്ഛമാണെന്നത് കൊണ്ട് തിരുവതാംകൂര്‍ സര്‍ക്കാരിന്റെ റവന്യൂ സ്ഥിതി പ്രസ്തുത നീക്കത്താല്‍ കാര്യമായി മെച്ചപ്പെട്ടു.
പില്‍ക്കാലത്തു ഇന്ധ്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം കേരള സര്‍ക്കാര്‍ നാടിന്റെ ഭരണവും ഉടമ്പടികളും ഏറ്റടുത്തപ്പോള്‍ ടി എം വര്‍ഗീസിന്റെ പ്രേരണയില്‍ കെ നാരായണ പിള്ള ദേവസ്വവുമായിട്ടുള്ള ഉടമ്പടിയില്‍ എഴുതിയിരുന്ന നെല്ലിന്റെ മൂല്യം വെച്ചുള്ള നഷ്ടപരിഹാരം മാറ്റി 51 ലക്ഷം ഉറുപ്പിക എന്ന നിശ്ചിത സംഖ്യയാക്കി മാറ്റിച്ചു . ഇതിലൂടെ ദേവസ്വത്തിന് സര്‍ക്കാര്‍ കൊടുക്കേണ്ട നഷ്ടപരിഹാരം കാലോചിതമായി നിര്‍ബന്ധമായും പുതുക്കാനുള്ള ഉപാധി തന്ത്രപൂര്‍വം അവര്‍ അട്ടിമറിച്ചു എന്നു വി പി മേനോന്‍ രേഖപ്പെടുത്തുന്നു.
അന്ന് അത് ഒരു തര്‍ക്ക വിഷയം ആയതുമായിരുന്നു . പിന്നീടങ്ങോട്ട് ആധുനിക കേരള ചരിത്രത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ തുച്ഛമായ രൂപത്തില്‍ പ്രസ്തുത നഷ്ടപരിഹാരം ഉയര്‍ത്തിയിട്ടുള്ളൂ . ഇന്ന് പ്രതിവര്‍ഷം തിരുവതാംകൂര്‍ ദേവസ്വത്തിന് നഷ്ട പരിഹാരമായി കൊടുക്കേണ്ട കാശ് എത്രയാവേണ്ടതായിരുന്നു എന്നു മനസ്സിലാക്കണമെങ്കില്‍ ഒരു പറ 8 കിലോ ആണെന്ന തോതില്‍ 22 .4 ലക്ഷം പറ നെല്ലിന്റെ ഇന്നത്തെ മൂല്യം നിര്‍ണയിച്ചാല്‍ സര്‍ക്കാര്‍ ‘ ഗ്രാന്റ് ‘ എന്ന പേരില്‍ തിരുവതാംകൂര്‍ ദേവസ്വത്തിന് ഇന്ന് കൊടുക്കുന്നു എന്നു അവകാശപ്പെടുന്ന 80 ലക്ഷമെന്ന പിച്ചകാശുമായി അത് തട്ടിച്ചു നോക്കിയാല്‍ സത്യം സ്വയം ബോധ്യമാവും.
കഷ്ടമെന്നു പറയട്ടെ തുച്ഛമായ ആ പിച്ചകാശാണ് സര്‍ക്കാര്‍ ‘ ഗ്രാന്റ് ‘ എന്ന ഓമന പേരിട്ടു ഔദാര്യം നടത്തും വണ്ണം ദേവസ്വം മന്ത്രിയെ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എഴുന്നള്ളിക്കുന്നത്.
ജലവിതരണം, വൈദ്യു തി എന്നിവയ്ക്കും മറ്റുമായി അതാത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ക്ഷേത്ര സങ്കേതങ്ങളില്‍ നിന്നും ഉപയോഗാനുസരണം തുകകള്‍ ഈടാക്കുന്നുണ്ട് മറിച്ചു ഔദാര്യമായൊന്നും പറ്റുന്നുമില്ല എന്നതാണ് സത്യം. ഗതാഗത വകുപ്പും മറ്റും ക്ഷേത്ര ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ അങ്ങോട്ട് ചിലവ് എടുക്കുകയാണ് എന്ന വാദം ശുദ്ധ അസംബന്ധമാണ്. റോഡ് നിര്‍മ്മാണം ക്രിസ്ത്യന്‍ മുസ്ലിം ആരാധനാലയങ്ങള്‍ അടക്കം എല്ലായിടങ്ങള്‍ വളരുമ്പോഴും സര്‍ക്കാര്‍ നടത്തുന്നു. അതിലേക്കു പ്രത്യേകിച്ച് ആ സ്ഥാപനങ്ങളില്‍ നിന്നും പണം ഈടാക്കുന്ന പതിവില്ല എന്തെന്നാല്‍ അത് സര്‍ക്കാരിന്റെ കടമയാണ്. എന്നിരിക്കെ ക്ഷേത്രങ്ങള്‍ക്ക് ചുറ്റും റോഡ് പണിയേണ്ടി വരുന്നതിനെ മാത്രം ദേവസ്വം മന്ത്രി ചിലവായി കാണിച്ചു എന്തോ ഔദാര്യമെന്ന വണ്ണം കൊട്ടി ഘോഷിക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയും രാഷ്ട്രീയവും സംശയാസ്പദമാണ്.
2012 ഇല്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ചു സര്‍ക്കാരിന്റെ കീഴിലുള്ള 42 പബ്ലിക് സെക്ടറുകള്‍ ഒന്നടങ്കം ഉണ്ടാക്കിയ റവന്യൂ 200 കോടിയാണ് എന്നാല്‍ അക്കൊല്ലം നാല് ദേവസ്വങ്ങള്‍ കൂടി ഉണ്ടാക്കിയ റവന്യൂ 1000 കോടി ആണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പലപ്പോഴും ബാധ്യതയുടെയും പ്രാരാബ്ധത്തിന്റെ കണക്കുകള്‍ സര്‍ക്കാര്‍ തെറ്റായി അവതരിപ്പിച്ചു ഒരു പൊതുധാരണ സൃഷ്ടിച്ചെടുത്തു പൊന്മുട്ടയിടുന്ന താറാവിനെ നിലനിര്‍ത്തി കൊണ്ട് പോവുകയാണ് ചെയ്യുന്നത് എന്നു സൂക്ഷ്മമായി പരിശോധിച്ചാല്‍ പകല്‍ പോലെ വ്യക്തമാണ്.
ദേവസ്വം മന്ത്രി 2017 -18 ലേക്ക് 683 കോടി വരവ് 678 കോടി ചിലവ് എന്നൊക്കെ പൂര്‍ണവും വിശദവും അല്ലാത്ത പുകമറ കണക്കു കാണിച്ചു നല്ല പിള്ള ചമയാന്‍ ശ്രമിക്കുമ്പോള്‍ മറച്ചു വെക്കുന്ന മറ്റൊരു കണക്കുണ്ട് – ദേവസ്വം ബോര്‍ഡുകളുടെ മുകളില്‍ സര്‍ക്കാര്‍ മേല്‍നോട്ടം നില്‍ക്കവേ ഒരു ലക്ഷം ഏക്കര്‍ ക്ഷേത്ര ഭൂമി ‘ കാണ്മാനില്ലത്രേ ‘ – – എന്ന് വെച്ചാല്‍ അത്രയും ക്ഷേത്ര ഭൂമി എവിടെ ആര് കയ്യേറി എന്ന് സര്‍ക്കാരിന് അറിയില്ലാ എന്നോ ആര്‍ക്കൊക്കെയോ അനധികൃതമായി രാഷ്ട്രീയക്കാര്‍ പതിച്ചു കൊടുത്തു എന്നോ ആവാം.ഒന്നും രണ്ടും ഏക്കര്‍ അല്ലാ – ഒരു ലക്ഷം ഏക്കര്‍ ! . ഇതും ഒരു കണക്കാണ് ദേവസ്വം മന്ത്രി ഒരിക്കലും പുറത്തു പറയാത്ത നഷ്ടത്തിന്റെ കണക്കു . നിജസ്ഥിതി ഇങ്ങനെ എങ്കില്‍ സാമ്പത്തികം ആണോ പ്രധാന വിവാദ വിഷയം ?
അല്ല എന്നു ഉത്തരം . യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ കൊണ്ട് ക്ഷേത്രങ്ങള്‍ക്കാണോ കൂടുതല്‍ സാമ്പത്തിക ലാഭം ക്ഷേത്രങ്ങളെ കൊണ്ട് സര്‍ക്കാരിനാണോ ലാഭം എന്ന ചര്‍ച്ച തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ് എന്നതാണ് സത്യം. കാരണം യഥാര്‍ത്ഥ വിഷയം പ്രായോഗിക തലത്തില്‍ ഇന്ന് മറ്റു മതസ്ഥാപങ്ങള്‍ക്കു സ്വയംഭരണം ഉണ്ട് ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ഇല്ലാ എന്നുള്ളതാണ്.
ദേവസ്വം ബോര്‍ഡിലെ പ്രസിഡന്റിനെ സര്‍ക്കാര്‍ നിയമസഭയില്‍ ഹിന്ദു എം എല്‍ എ കള്‍ തിരഞ്ഞെടുത്തു നോമിനേറ്റ് ചെയ്തു നിയമിക്കുകയാണ് ചെയ്യുന്നത്.ആയതിനാല്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര നടത്തിപ്പ് എങ്ങനെ നടത്തണം, ധനപരമായ വിനിയോഗം എങ്ങനെ ഉണ്ടാവണം, കേസുകള്‍ എങ്ങനെ നടത്തണം എന്നതൊക്കെ കാലാകാലം ഭരിക്കുന്ന പാര്‍ട്ടിക്ക് ദേവസ്വം ബോര്‍ഡില്‍ അവര്‍ നോമിനേറ്റ് ചെയ്ത അവരുടെ അണികളെ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്നു.
അവിടെ ധനകാര്യ അതിക്രമങ്ങള്‍ ഉണ്ടായാല്‍ അത്തരം വിഷയങ്ങളില്‍ പരാതി നല്‍കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചില്ലേ എന്ന വാദവും അപ്രസക്തമാണ് കാരണം അങ്ങനെയൊന്നു ഉണ്ട് എന്നത് സര്‍ക്കാര്‍ ഹൈന്ദവ സ്ഥാപനങ്ങളുടെ മാത്രം ഭരണം നിയന്ത്രിക്കുന്നതിനെ സാധൂകരിക്കുന്നില്ല . ദൈനം ദിന ക്ഷേത്ര ഭരണത്തില്‍ ദേവസ്വം ബോര്‍ഡ് എന്ന മറ ഉപയോഗിച്ച് സര്‍ക്കാര്‍ ക്ഷേത്രഭരണത്തില്‍ നടത്തുന്ന കൈ കടത്തലുകള്‍ ഹൈന്ദവ വിശ്വാസികള്‍ മാത്രം ചുമക്കുന്ന ഒരു വിഴുപ്പു ഭാണ്ഡമാണ് – അത് വിവേചനം ആണെന്ന് സാരം .
മറ്റു മതസ്ഥാപനങ്ങള്‍ക്കു ഇല്ലാത്ത ഒരു ‘ മന്ത്രി ‘ ക്ഷേത്രങ്ങളുടെ ഭരണത്തിനും ആവശ്യമില്ല കാരണം ക്ഷേത്രഭരണത്തിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളും പരിഹരിക്കാനായി ഹൈക്കോടതിയില്‍ പ്രത്യേകം ഒരു ദേവസ്വം ബെഞ്ച് നിലവിലുണ്ട് . അപ്പോള്‍ ഇനി അങ്ങോട്ട് ക്ഷേത്രഭരണത്തിന്റെയും ദേവസ്വങ്ങളുടെയും പുനഃക്രമീകരണത്തിനുള്ള പോംവഴി എന്താണ് ?
ഇന്ന് കേരളത്തില്‍ ഉള്ളത് നാല് ദേവസ്വം ബോര്‍ഡുകള്‍ ആണ് ( തിരുവതാംകൂര്‍ , കൊച്ചി , കൂടല്‍ മാണിക്യം , മലബാര്‍ ) . ഇവയുടെ കടലാസില്‍ മാത്രമുള്ള സ്വയംഭരണം യാഥാര്‍ഥ്യമാവണമെങ്കില്‍ ദേവസ്വം ബോര്‍ഡുകളെ സര്‍ക്കാരിന്റെ രാഷ്ട്രീയ കൈകടത്തലില്‍ നിന്നും മോചിപ്പിച്ചു എടുക്കേണ്ടിയിരിക്കുന്നു . അതെങ്ങനെ സാധിച്ചു എടുക്കാം എന്ന് വിശദമായി പഠിച്ചു നിര്‍ദേശങ്ങള്‍ തന്നിട്ടുള്ള മൂന്നു പ്രധാന കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ട് – 1963 കുട്ടിക്കൃഷ്ണ മേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ട് , 1984 പി ശങ്കരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് , 1990 ല്‍ ഹൈക്കോടതി നിയമിച്ച വി രാമചന്ദ്രന്റെ നേത്രത്വത്തില്‍ നടത്തിയ മൂന്നംഗം ഹൈ പവര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.
കേരള ഹൈന്ദവരുടെ ഐക്യമില്ലായ്മയും തണുപ്പന്‍ സമീപനവും കാരണം മാറി മാറി വന്ന കേരള സര്‍ക്കാറുകള്‍ ഇവയൊന്നും നടപ്പിലാക്കാതെ പൂഴ്ത്തി വെച്ചിരിക്കുകയാണ് എന്നതാണ് സത്യം. ഇനി എങ്കിലും ക്ഷേത്രങ്ങളെ മോചിപ്പിക്കാന്‍ ക്ഷേത്രവിശ്വാസികള്‍ മുന്നോട്ടിറങ്ങി ഇവ നടപ്പാക്കി എടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചിലത്തേണ്ടത് അനിവാര്യമാണ്. മേല്പറഞ്ഞ റിപ്പോര്‍ട്ടുകളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു രാഷ്ട്രീയക്കാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ക്ഷേത്രഭരണം മോചിപ്പിച്ചെടുക്കുക എന്നത് രാഷ്ട്രീയ ഭേദമന്യേ ക്ഷേത്ര വിശ്വാസികളുടെ ഉത്തരവാദിത്തം കൂടിയാണ്.
മിതവാദികള്‍ ആയിട്ടുള്ള ബഹുഭൂരിപക്ഷം വരുന്ന ക്ഷേത്ര വിശ്വാസികള്‍ അതിനു വേണ്ടി കച്ച കെട്ടി സ്വയം ഇറങ്ങിയില്ലെങ്കില്‍ അത് ചെയ്യാനായി സംഘ പരിവാര്‍ അവതരിക്കും.അതിന്റെ രാഷ്ട്രീയ ലാഭം അവര്‍ കൊയ്യും എന്നോര്‍ക്കേണ്ടത് ഇത്തരുണത്തില്‍ വിശേഷാല്‍ പ്രസക്തിയുള്ള ഒന്നാണ് . അതാണോ മിതവാദികള്‍ ആയ ഹിന്ദുക്കള്‍ക്ക് വേണ്ടത് ? ടി ജി മോഹന്‍ദാസിന്റെയും സുബ്രമണ്യം സ്വാമിയുടെ നേതൃത്വത്തില്‍ അങ്ങനൊരു സംരംഭം സുപ്രീം കോടതിയില്‍ ആരംഭിച്ചിരിക്കുന്നു.
ഹൈന്ദവ ക്ഷേത്രങ്ങള്‍ മാത്രം എന്ത് കൊണ്ട് സര്‍ക്കാര്‍ നിയന്ത്രിക്കുന്നു എന്നു ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതി കേരള സര്‍ക്കാരിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നോട്ടീസും ആയിച്ചിട്ടുണ്ട് . ഇങ്ങനെ സംഘ പരിവാര്‍ വിഷയത്തിന് ചുക്കാന്‍ പിടിക്കാന്‍ അനുവദിക്കുന്നത് തടയണമെങ്കില്‍ ക്ഷേത്രവിശ്വാസികള്‍ തന്നെ അതിനെ കുറിച്ച് ഒരു നിലപാട് എടുത്തു പ്രവര്‍ത്തിച്ചേ മതിയാകൂ. ആയതിനാല്‍ ഓരോ ക്ഷേത്രവിശ്വാസിയും വിശ്വാസികള്‍ അല്ലാത്തവരും തന്റെ നിലപാട് എന്തായിരിക്കണം എന്നു ആത്മപരിശോധന നടത്തേണ്ട സമയം സമാഗതമായിരിക്കുന്നു.
Comments are closed.