ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ ജനജീവിതത്തെ മരവിപ്പിക്കുന്ന അതിശൈത്യം തുടരുന്നു. പുതുവര്‍ഷപ്പുലരിയോടെ കടന്നുവന്ന സ്നോയും മൂടല്‍മഞ്ഞും മഴയും കാറ്റും രണ്ടാഴ്ചയാളമായി ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. താഴുന്ന താപനില പരിഗണിച്ച് ഇന്നും രാജ്യത്തെ 15 കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.ഇന്നും കൊടും തണുപ്പ് തുടരുമെന്നാണ് മെറ്റ് ഏറാന്‍ പ്രവചനം.വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളാണ് ഏറെ ശൈത്യക്കെടുതി നേരിടുന്നത്.എന്നിരുന്നാലും കൊടുംതണുപ്പ് കുറഞ്ഞേക്കുമെന്നതിന്റെ ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.ശനിയാഴ്ചയോടെ താപനില ഉയര്‍ന്നേക്കുമെന്ന സൂചനയും മെറ്റ് ഏറാന്‍ നല്‍കി ഞായറാഴ്ചയോടെ രാജ്യത്താകെ 10, 11 ഡിഗ്രി വരെ താപനില എത്തിയേക്കും.
തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് മഞ്ഞുവീഴ്ച തുടങ്ങുമെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കി.ഇന്ന് രാവിലെ തെക്ക് പടിഞ്ഞാറും ഉച്ചകഴിഞ്ഞ് ലെയ്ന്‍സ്റ്ററിലെയും കൊണാച്ചിന്റെ ചില ഭാഗങ്ങളിലും മഴയുണ്ടാകും.അതിനാല്‍ താപനില നേരിയ തോതില്‍ വര്‍ദ്ധിക്കാനിടയുണ്ട്.മണ്‍സ്റ്ററിന്റെ ചില ഭാഗങ്ങളില്‍ താപനില 6 മുതല്‍ 10 ഡിഗ്രി വരെയായേക്കാം.ഇന്നലെ ഡബ്ലിന്‍ അടക്കം രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴ മാറി നിന്നു.
ലെയ്ന്‍സ്റ്റര്‍, മണ്‍സ്റ്റര്‍, കൊണാച്ച്, കാവന്‍, മോണഗന്‍ എന്നിവിടങ്ങളിലെ ഓറഞ്ച് സ്റ്റാറ്റസ് പിന്‍വലിച്ചു.എന്നിരുന്നാലും രാജ്യവ്യാപക യെല്ലോ അലേര്‍ട്ട് ഇന്ന് ഉച്ചവരെ നിലവിലുണ്ടാകും.
എന്നിരുന്നാലും വ്യാപകമായ ശീതക്കാറ്റും സ്നോയും കറുത്ത ഐസുമെല്ലാം ഇന്ന് രാവിലെ വരെ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു. റോഡുകളില്‍ കൂടുതല്‍ അപകടകരമായ യാത്രാ സാഹചര്യങ്ങളുണ്ടാകുമെന്നും വാഹനമോടിക്കുന്നവരും കാല്‍നടക്കാരും ബൈക്ക് യാത്രികരും അതീവ ജാഗ്രത പാലിക്കണമെന്നും നിരീക്ഷകര്‍ അഭ്യര്‍ത്ഥിച്ചു.
കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, പോര്‍ട്ട് ലീഷ് , ലോങ്‌ഫോര്‍ഡ്, മീത്ത്, ഓഫലി, വെസ്റ്റ്മീത്ത്, കാവന്‍, മോനാഗന്‍, ഗോള്‍വേ, റോസ്‌കോണ്‍, ടിപ്പററി, ലീട്രിം, ഡോണഗേല്‍ എന്നിവിടങ്ങളില്‍ ഇന്നലെ പ്രാബല്യത്തില്‍ വന്ന ഓറഞ്ച് മുന്നറിയിപ്പ് ഇന്ന് രാവിലെ 8 മണി വരെ തുടര്‍ന്നിരുന്നു.രാത്രിയില്‍ പലയിടങ്ങളിലും താപനില മൈനസ് അഞ്ചുവരെ എത്തി.
കൊടും തണുപ്പിന്റെ രേഖപ്പെടുത്തലുകള്‍
ലോങ്‌ഫോര്‍ഡിലെ ഗ്രാനാര്‍ഡിലുള്ള കാലാവസ്ഥാ കേന്ദ്രത്തില്‍ രാത്രിയില്‍ രേഖപ്പെടുത്തിയ -8.2 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും കുറഞ്ഞ താപനിലയെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.വെസ്റ്റ്മീത്തിലെ മുള്ളിംഗറില്‍ -7.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയും രേഖപ്പെടുത്തി.ഗോള്‍വേയിലെ അഥെന്റിയില്‍ -7 ഡിഗ്രി സെല്‍ഷ്യസും കാര്‍ലോയിലെ ഓക്ക് പാര്‍ക്കില്‍ -6.7 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
വെള്ളം, വൈദ്യുതി വിതരണ പ്രശ്നങ്ങള്‍
വെള്ളം, വൈദ്യുതി വിതരണം എന്നിവ സാധാരണനിലയിലേക്കെത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.200ഓളം ഉപഭോക്താക്കള്‍ക്ക് മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാനുള്ളുവെന്ന് ഇ എസ് ബി നെറ്റ്വര്‍ക്സ് പറഞ്ഞു.ടിപ്പററി, ലിമെറിക്ക്, കെറി എന്നിവിടങ്ങളിലെ ഏകദേശം 4,500 ഉപഭോക്താക്കള്‍ക്ക് വെള്ളം മുടങ്ങിയിട്ടുണ്ടെന്ന് യുട്ടിലിറ്റി സര്‍വ്വീസ് അറിയിച്ചു.വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് ദേശീയ ഡയറക്ടര്‍ കീത്ത് ലിയോനാര്‍ഡ് പറഞ്ഞു.
നോര്‍ത്ത് കെറി, നോര്‍ത്ത് കോര്‍ക്ക്, ലിമെറിക്ക് എന്നിവിടങ്ങളിലാണ് ആളുകള്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഇന്ന് സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.വൈദ്യുതി വിതരണ പ്രശ്നം ഇന്ന് പൂര്‍ണ്ണമായും പരിഹരിക്കും. ജലവിതരണം പുനസ്ഥാപിക്കുന്നതിന് കൂടുതല്‍ സമയമെടുക്കും.ചില റോഡുകള്‍ ഗതാഗതയോഗ്യമാക്കാനും സമയമെടുക്കും.
ചില സ്‌കൂളുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.ഇന്നത്തോടെ സ്‌കൂളുകളും സാധാരണനിലയിലേയ്ക്കെത്തുമെന്നാണ് പ്രതീക്ഷയെന്നും ഇദ്ദേഹം വ്യക്തമാക്കി.
അഭയാര്‍ത്ഥികള്‍ക്കും മറ്റും താമസ സൗകര്യം ഒരുക്കുന്നതിന് ഐ പി എ എസ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സ്ഥിതി സാധാരണ നിലയിലേയ്ക്ക് വൈകാതെ എത്തുമെന്നാണ് കരുതുന്നതെന്ന് യു കെ മെറ്റ് ഓഫീസ് അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.