കോവിഡും മോര്‍ട്ട്‌ഗേജുമായി എന്ത് ബന്ധം… മോര്‍ട്ട്‌ഗേജ് അപേക്ഷകരോട് വേതന സബ്‌സിഡി വിവരങ്ങള്‍ ആരായുന്നത് ശരിയായ നടപടിയല്ലെന്ന്….
ഡബ്ലിന്‍ : മോര്‍ട്ട്ഗേജ് അപേക്ഷകരോട് അവരുടെ തൊഴിലുടമ വേതന സബ്‌സിഡി പദ്ധതി ഉപയോഗിക്കുന്നുണ്ടോയെന്ന ചോദിക്കുന്നതിനെതിരേ ലേബര്‍ പാര്‍ട്ടി വക്താവ് ഗെഡ് നാഷ് ബാങ്ക് ഓഫ് അയര്‍ലണ്ട് സിഇഒയ്ക്ക് കത്തയച്ചു.
അപേക്ഷകന്റെ നിര്‍ദ്ദിഷ്ട തൊഴിലുടമയുടെ സാമ്പത്തിക ആരോഗ്യത്തെക്കുറിച്ച് ബാങ്കുകള്‍ ഇത്തരം വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം ബാങ്ക് ഓഫ് അയര്‍ലണ്ടിലെ ഫ്രാന്‍സെസ്‌കാ മക്‌ഡൊണാഗിനോട് പറഞ്ഞു.
അതേസമയം, വേതന സബ്സിഡി പദ്ധതിയുമായി ബന്ധപ്പെട്ട് ആരായുന്നത് മോര്‍ട്ട്‌ഗേജ് അപേക്ഷകരോടുള്ള വിവേചമാണെന്ന് ലോത്ത് ടിഡി പറഞ്ഞു.
എന്നാല്‍, എല്ലാ ഉപഭോക്താക്കളുടെയും സാഹചര്യം മനസ്സിലാക്കാനാണ് ഇതെന്നായിരുന്നു ബാങ്കിന്റെ പ്രതികരണം.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലെ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ വേതനത്തിന് സര്‍ക്കാര്‍ നേരത്തെ സബ്‌സിഡി അനുവദിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ താല്‍ക്കാലിക വേതന സബ്‌സിഡി പദ്ധതി (TWSS) പ്രകാരം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് തുടരാനാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.
കോവിഡ് മഹാമാരിക്കാലത്തെ ഈ നടപടി ജനങ്ങളെ ജോലിയില്‍ തുടരാന്‍ അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
അതേസമയം, വേതന സബ്‌സിഡി സ്വീകരിച്ചവര്‍ക്ക് മോര്‍ട്ട്‌ഗേജ് നിരസിച്ചതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.
ബാങ്കിംഗ് ആന്റ് പേയ്മെന്റ്‌സ് ഫെഡറേഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, പ്രധാന റീട്ടെയില്‍ ബാങ്കുകളിലുടനീളമുള്ള മോര്‍ട്ടഗേജുകളുടെ എണ്ണം 2020ന്റെ മൂന്നാം പാദത്തില്‍ 32.6 ശതമാനമാണ് കുറഞ്ഞത്.
ഇത് വേതന സബ്സിഡി പദ്ധതിയുമായി ബന്ധപ്പെടുത്താന്‍ സാധിക്കില്ലെങ്കിലും കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതുമുതല്‍ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, വേതന സബ്‌സിഡി പദ്ധതിയുടെ വിവരങ്ങള്‍ അപേക്ഷകരില്‍ നിന്ന് ആരായുന്നതില്‍ ബാങ്ക് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് നാഷ് പറഞ്ഞു.
കൂടാതെ, വായ്പ നല്‍കുന്നവരുടെ എന്തൊക്കെ വിവരങ്ങള്‍ ആരായാം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത ഉറപ്പാക്കണണെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി പാസ്‌കല്‍ ഡോണയ്ക്കും നാഷ് കത്തയച്ചിട്ടുണ്ട്.
മന്ത്രിയെന്ന നിലയില്‍ ബാങ്കിന്റെ ആഭ്യന്തര കാര്യങ്ങളില്‍ പുതുതായി എന്തെങ്കിലും നിര്‍ബന്ധമാക്കാനോ അസാധുവാക്കാനോ തനിക്ക് സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സര്‍ക്കാരിന് ഓഹരിയുണ്ടെങ്കിലും ബാങ്കിന്റെ വ്യക്തിഗത ഉപഭോക്താവിന്റെ കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ മാനേജ്‌മെന്റിനും ബോര്‍ഡിനുമാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.
മോര്‍ട്ട്‌ഗേജുകള്‍ക്കുള്ള അപേക്ഷകള്‍ ബാങ്ക് ഓഫ് അയര്‍ലണ്ട് ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്ന ബാങ്കിന്റെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധിയില്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രയാസങ്ങളെ സംബന്ധിച്ച് ബാങ്കിന് കൃത്യമായ ബോധമുണ്ടെന്നും ഭാവിയില്‍ അവരുടെ വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ തിരുത്താന്‍ സാധിക്കുമെന്നും ബാങ്ക് അറിയിച്ചു.
ഓരോ മോര്‍ട്ട്‌ഗേജ് അപേക്ഷകളും വ്യക്തമായി പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നും കോവിഡ് പ്രത്യാഘാതത്തെ കുറിച്ച് ബാങ്ക് വളരെ ബോധവാന്മാരാണെന്നും ഒരു വക്താവ് പറഞ്ഞു.
മോര്‍ട്ടഗേജ് അപേക്ഷകള്‍ തുടര്‍ന്നും പരിഗണിക്കുമെന്നും ഉപഭോക്താക്കളുടെ സാഹചര്യങ്ങള്‍ മനസിലാക്കാനാണ് TWSS വിവരങ്ങളും EWSS വിവരങ്ങളും ശേഖരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.