head1
head3

ചാത്തന്‍സേവ ….

സാഹചര്യം എന്നെ വീണ്ടുമൊരു കോഴിക്കൊലയാളിയായി മാറ്റി!

മെക്കാനിസമൊക്കെ പഴയത് തന്നെ, തൃശ്ശൂര്‍ സൈഡിലേക്ക് നോക്കി നില്‍ക്കുന്ന കോഴിയുടെ തല ചാലക്കുടി സൈഡിലേക്കാക്കുന്നതിന് പകരം ഖോര്‍ഫക്കാനിലേക്ക് നോക്കി നില്‍ക്കുന്ന കോഴിയുടെ തല ഖല്‍ബ ഡയറക്ഷനിലേക്കാക്കി ഒറ്റ വലി, സിമ്പിള്‍!

വീട്ടില്‍ വളര്‍ത്തുന്നതിനെയൊന്നും കൊല്ലില്ല, തിന്നില്ല എന്നൊക്കെപ്പറഞ്ഞ് മിസിസ്സ്. തങ്കവുമായി ഒരു ‘നോ കൊല ഉടമ്പടി’ ഉണ്ടാക്കിയതിന് ശേഷമായിരുന്നു കോഴികൃഷി ആരംഭിക്കുന്നത്.

അന്ന് രണ്ട് മുയലുകളെ എനിക്ക് ദാനം ചെയ്ത ഫിഷ് മാര്‍ക്കറ്റിലെ നൌഫലിന്, തിരികെ ഒരു താറാവിനെ ദാനം ചെയ്ത് ഞാന്‍ മാതൃകയായത് ആ തങ്ക ഉടമ്പടി തെറ്റിക്കേണ്ട എന്ന് വച്ചാണ്. അല്ലാതെ, താറാവ് റോസ്റ്റ് എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടല്ലായിരുന്നു .

പക്ഷെ, ഈ കോഴിച്ചാത്തന്റെ കേസില്‍ ഉടമ്പടി നള്‍ ഏന്‍ വോയ്ഡ് ആക്കേണ്ടി വന്നു.
പുരാതനകാലം മുതലേ കോഴികള്‍ എന്നും ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരായിരുന്നു. പറമ്പില്‍ അവനവന്റെ കോഴികള്‍ ഓടി നടക്കുന്നത് കാണുന്നത് തന്നെ മനസ്സിന് ഒരു സുഖമാണ്.

ആക്ചലി, കോഴികള്‍ മൊട്ടക്ക് കാറിക്കൊണ്ട് മുട്ടയിടാന്‍, ‘ഇവിടെ പറ്റോ? ഇവിടെ പറ്റോ?’ എന്ന് നോക്കി നടക്കുന്നത് കാണുമ്പോളുള്ള ആ ഒരു എക്‌സ്‌പെറ്റേഷന്‍, പിന്നെ മുട്ടയിട്ട് കഴിഞ്ഞ് കൊക്കുമ്പോഴുള്ള ചാരിതാര്‍ത്ഥ്യം, അഞ്ച് പത്ത് മുട്ട പെറുക്കിയെടുക്കുമ്പോഴുള്ള ആ ത്രില്ല്, ഫ്രിഡ്ജിലെ നിറഞ്ഞുകവിഞ്ഞിരിക്കുന്ന ട്രേ കാണുമ്പോഴുള്ള അഭിമാനം, വീട്ടില്‍ വരുന്നവര്‍ക്കും നമ്മുടെ ടീമിനും കൂട്ടിമുട്ടാതിരിക്കാന്‍ മൊട്ട കടലാസില്‍ പൊതിഞ്ഞ് കൊടുക്കുമ്പോഴുള്ള പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആ ഒരു ഇദ്, നാല് മീറ്ററകലെ നിന്ന് വരുന്ന കോഴിക്കാട്ടത്തിന്റെ നേര്‍ത്തമണത്തിന്റെ ഗാഢനൊസ്റ്റാള്‍ജിയ…

പിന്നെ ഇടക്ക് നാലഞ്ച് കോഴിമുട്ടകള്‍ സ്പൂണ്‍ ചെരിച്ച് പിടിച്ച് കൊട്ടി പൊട്ടിച്ച് ബൗളിലൊഴിച്ച്, ഒരു പൊടി മഞ്ഞപ്പൊടിയിട്ട്, കുരുകുരാന്നരിഞ്ഞിട്ട ഉള്ളിയും പച്ചമുളകും കറിവേപ്പും ഇട്ട് കടകടാന്നടിച്ച് മിക്‌സാക്കി പാനില്‍ ഒരു പൊടി വെളിച്ചെണ്ണയൊഴിച്ച് നല്ല കറക്റ്റ് പാകത്തില്‍ ലൈറ്റ് യെല്ലൊയിഷ് കളറില്‍ മൊരിച്ചെടുത്ത് അതില്‍ ഉപ്പും കുരുമുളകു പൊടിയുമിട്ട് ഡെക്കറേഷന്‍ ചെയ്ത ഓമ്പ്‌ലെറ്റിന്റെ ആ ഒടുക്കത്തെ മണവും റ്റേയ്സ്റ്റും.. വാവ്… ഇതൊക്കെയാണ് കോഴിവളര്‍ത്തലിന്റെ മെയിന്‍ അട്രാക്ഷന്‍സ്!

കഴിഞ്ഞാഴ്ച ചട്ടീല്‍ കയറിയ അദ്ദേഹം കൂട്ടിലെ ജൂനിയര്‍ ചാത്തനായിരുന്നു. ഫുജൈറ മാര്‍ക്കറ്റിലെ ബംഗാളിയുടെ കടയില്‍ നിന്ന് വാങ്ങിയ ഓമനത്തം തുളുമ്പുന്ന അഞ്ച് പെടകളില്‍ ഒന്ന് പ്രായപൂര്‍ത്തിയായപ്പോള്‍ ചാത്തനായി മാറിയത്.
കൊണ്ടുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴേ മിസ്സിസ്. തങ്കം അത് പൂവനാണെന്ന് പറഞ്ഞെങ്കിലും പീഢനവിലോചനനായി പെടകളെ ഓടിക്കുന്നത് കണ്ടപ്പോഴേ എനിക്ക് വിശ്വാസം വന്നുള്ളൂ.

അതുവരേക്കും അത് പെടയാണെന്നും പറഞ്ഞാണ് ഞാന്‍ നടന്നിരുന്നത്.
സംഗതി കൊല്ലാനുള്ള സൈസോ തൂക്കമോ ഇല്ലായിരുന്നു. അങ്കവാല്‍ വളഞ്ഞ് തുടങ്ങുന്നേയുള്ളൂ. പപ്പും പൂടയും പറിച്ചാല്‍ ഒരു അണ്ണാന്‍ കുഞ്ഞിന്റെ അത്രയും ഇറച്ചിയേ കാണൂ. പക്ഷെ, ഒരു രക്ഷേമില്ല. പെടകള്‍ക്ക് ഒരു സമയത്തും തൊയിരം കൊടുക്കുന്നില്ലാന്ന് വച്ചാല്‍??! മാത്രമല്ല, ശവി, താറാവുകളേം വിടില്ല!

മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍, രണ്ട് പേര്‍ക്കും ഓക്കെയാണെങ്കില്‍, നമുക്ക് അതിലൊരു ഇഷ്യൂ ഇല്ല. പക്ഷെ, പീഢനം…. അത് നമ്മളെതിര്‍ക്കും!

കഴിഞ്ഞ ശനി രാവിലെ ഓഫീസില്‍ പോകും മുന്‍പ് ഗോതമ്പ് ഇട്ട് കൊടുക്കാന്‍ ചെന്ന് നിന്ന ആ അഞ്ച് മിനിറ്റില്‍ ദുഷ്ടന്‍ ഒരു താറാവിനെ മൂന്ന് തവണ പീഢിപ്പിച്ചു. അതും പാവം താറാവിന്റെ തല നിലത്തൊരച്ച് പിടിച്ച് 22FK പ്രതാപ് പോത്തന്‍ സെറ്റപ്പിലാണ്. എന്റെ കുരു പൊട്ടിത്തെറിച്ചു.

അപ്പോത്തന്നെ അവന്റെ കഴുത്ത് പിടിച്ച് തിരിക്കണം എന്ന് വിചാരിച്ചാണ് ഓടിച്ചിട്ട് പിടിച്ചത്. പക്ഷെ, ഇപ്പോ ഞാന്‍ പഴേ ഞാനല്ലല്ലോ

അതുകൊണ്ട്, പണ്ട് ഒരിക്കലും തോന്നാത്ത ഒരു മനപ്രയാസം തോന്നിയ കാരണം ഒരു ചാന്‍സ് കൂടെ കൊടുത്തേക്കാമെന്ന് വച്ച്, ഞാന്‍ ചാത്തന്‍സിനെ;

‘ഡാ ഇവനേ… ഇവിടന്ന് ഒരു 2800 കിലോമീറ്റര്‍ അകലെ, തൃശ്ശൂര്‍ ന്ന് പറഞ്ഞൊരു ജില്ലയുണ്ട്. തൃശ്ശൂര്‍ന്ന് ചാലക്കുടി സൈഡിലേക്ക് ഒരു 20 കിലോ മീറ്റര്‍ പോയാല്‍ കൊടകര എന്നൊരു സ്ഥലമുണ്ട്. അവിടെ, കോഴികളെ ഓടിച്ചുപിടിക്കുന്നതും കൊല്ലുന്നതും പ്രാന്തായിരുന്ന ഒരു പിശാശ് ചെക്കനുണ്ടായിരുന്നു. അടക്കാര വാരി പോലിരുന്ന ആ ചെക്കന്‍ ഇപ്പോ നീളവും വീതിയും വച്ച് മീശയും താടിയുമൊക്കെയായി ഫുജൈറയില്‍ താമസിക്കുന്നുണ്ട്. അത് ആരാന്നറിയോ??

‘വരയന്‍ ഷര്‍ട്ടിട്ട് നിന്റെ കഴുത്തേല്‍ പിടിച്ച് നില്‍ക്കുന്ന ഈ ഞാന്‍..’
‘അപ്പോ… ഇതുവരെ നീ പീഢിപ്പിച്ചതും കഷ്ടപ്പെടുത്തിയതുമൊക്കെ ഞാന്‍ പോട്ടേ… സാരല്യാന്ന് വച്ചു. പക്ഷെ, ഡേഷേ… ഇനി നീ ആ താറാവിനെ പീഡിപ്പിച്ചെന്നെങ്ങാന്‍ ഞാനറിഞ്ഞാ… നിന്നെ… ‘ എന്നൊക്കെ പറഞ്ഞ് ഒന്ന് പേടിപ്പിച്ച് വിട്ടേ ഉള്ളൂ.

പക്ഷെ, പിടിവിട്ട പാടെ ചാത്തന്‍ എന്നെയൊന്ന് നോക്കി, ‘ഒന്ന് പോടപ്പാ..’ എന്നും പറഞ്ഞ് നേരെ പോയി പകുതിയാക്കി വച്ച പീഢനം പുരനാരംഭിച്ചു.
”എന്നാ നിന്റെ അരിയെത്തി എന്ന് കൂട്ടിക്കോ” എന്നും പറഞ്ഞ് ഞാന്‍ ഓഫീസില്‍ പോയി.
പിറ്റേന്ന് രാവിലെയും കൂട്ടില്‍ കിടന്ന് പൊരിഞ്ഞ പീഢനം. കോഴികളും താറാവും കരച്ചിലോട് കരച്ചില്‍.

‘വേണ്ട്രാ.. പോട്ടേ സാരല്യ. അവര്‍ തമ്മീ തമ്മിലുള്ള കാര്യങ്ങളാണ്. നമ്മള്‍ ഇടപെടേണ്ട ഒരു കാര്യവുമില്ല! എന്ന് കുറെ ഞാന്‍ സ്വയം പറഞ്ഞ് നോക്കി.
പക്ഷെ, എനിക്ക് കെടക്കമരിങ്ങ് കിട്ടുന്നില്ല. ഇത്രേം സീരിയസ്സായി ഞാന്‍ ഉപദേശിച്ചിട്ട് യാതോരു മെയിന്റുമില്ലാത്ത ക്രൂരനും പീഢകനുമായ ഒരു ചാത്തനെ വാഴിക്കാന്‍ പാടുണ്ടോ??

വീടിന്റെ പിറകില്‍ ഒരു ഏരിയ തിരിച്ച് കോഴികളെ ഇട്ടിരിക്കുന്നതുകൊണ്ട് പിടിക്കാന്‍ അത്ര എളുപ്പമല്ല. എന്നാലും വാശിപ്പുറത്ത് കുറെ നേരം പണിപ്പെട്ടാനെങ്കിലും ഓടിച്ച് പിടിച്ചു.

ഖോര്‍ഫക്കാന്‍. ഖല്‍ബ. ഒറ്റവലി…
അങ്ങിനെ ആ ചാത്തനും ചരിത്രത്തിന്റെ ഭാഗമായി!

-വിശാലമനസ്‌കന്‍ 
http://kodakarapuranams.blogspot.com/

Comments are closed.