head3
head1

ഇനി സിറ്റിസണ്‍ ഷിപ്പ് സെറിമണിയില്ല; അഫിഡവിറ്റ് നല്‍കി സിറ്റിസണ്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റ് കൈപ്പറ്റാം

ഡബ്ലിന്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൗരത്വ ദാന ചടങ്ങുകള്‍ വേണ്ടെന്ന് വെയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം.നിരവധിയാളുകളാണ് ഐറിഷ് പൗരത്വത്തിനായി അപേക്ഷിക്കുന്നത്. ഇവര്‍ക്കുള്ള പൗരത്വദാനം വലിയ ചടങ്ങുകള്‍ സംഘടിപ്പിച്ച് നല്‍കുന്നതാണ് സാധാരണ രീതി.ഇതൊഴിവായതോടെ സത്യവാങ്മൂലം സമര്‍പ്പിച്ച് അപേക്ഷകര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കാനാവും.

കഴിഞ്ഞ ജൂലൈയിലാണ് ഒടുവില്‍ പൗരത്വ ദാന സമ്മേളനങ്ങള്‍ നടത്തിയത്. എന്നാല്‍ കോവിഡ് പടരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ആള്‍ക്കൂട്ടവും ഒത്തുകൂടലുമൊന്നും ആരോഗ്യപരമാവില്ലെന്ന ബോധ്യത്തിലാണ് പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.അപേക്ഷകര്‍ക്ക് വിശ്വാസ്യതാ സത്യവാങ്മൂലം നല്‍കി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റുന്നതിനാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.

അപേക്ഷകര്‍ക്ക് എത്രയും വേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ താല്‍ക്കാലിക നടപടി സഹായിക്കുമെന്ന് നീതി-സമത്വ മന്ത്രി ഹെലന്‍ മക്ഇന്‍ടി പറഞ്ഞു.പൗരത്വ ദാന ചടങ്ങ് സന്തോഷകരമാണെങ്കിലും ആവശ്യക്കാരുടെ ആധിക്യം കാരണം ഇത്തരം സമ്മേളനങ്ങള്‍ പ്രായോഗികമല്ലെന്ന് മന്ത്രി വിശദമാക്കി.

നിലവില്‍ 21,000 ത്തിലധികം അപേക്ഷകരാണ് ഐറിഷ് പൗരത്വത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. അവ പ്രോസസ് ചെയ്യുന്നതേയുള്ളു.മൂവായിരത്തോളം പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്നും നീതി മന്ത്രി അറിയിച്ചു.

ഐറിഷ് പൗരത്വത്തിനായി അപേക്ഷിക്കുന്ന ആരും ,അപേക്ഷിക്കുന്നതിന് തൊട്ടുമുമ്പുള്ള വര്‍ഷത്തില്‍ ഒരു ദിവസം പോലും രാജ്യത്തിന് പുറത്ത് പോകാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് അഞ്ച് മാസത്തോളം പൗരത്വ ദാന സമ്മേളനങ്ങള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. 2019 ഡിസംബറിലാണ് അത് പുനരാരംഭിച്ചത്.മുമ്പ് പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ മുന്‍ വര്‍ഷവും ആറാഴ്ചയെങ്കിലും അവധിക്കാലം തുടങ്ങിയ പല കാരണങ്ങളാലും പുറത്തു പോകുന്നതിന് അനുവദിച്ചിരുന്നു.

2011ലാണ് ഐറിഷ് പൗരത്വ ദാന സമ്മേളനങ്ങള്‍ തുടങ്ങിയത്.ഇതാദ്യമായാണ് സിറ്റിസണ്‍ ഷിപ്പ് സെറിമണികള്‍ വേണ്ടെന്ന് വെയ്ക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.