ഇന്റര്‍വ്യൂവില്‍ ‘അനാവശ്യ’ ചോദ്യം; ഉദ്യോഗാര്‍ഥിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്റെ ഉത്തരവ്
ഡബ്ലിന്‍ : പാര്‍ട് ടൈം ജോലിയ്ക്കായുള്ള ഇന്റര്‍വ്യൂവില്‍ ‘അനാവശ്യ’ ചോദ്യം ചോദിച്ചതിന് ഉദ്യോഗാര്‍ഥിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്റെ ഉത്തരവ്. അഭിമുഖത്തിനിടെ നാഷണാലിറ്റി ഏതെന്ന് ചോദിച്ചതിനാണ് നരിമേന്‍ സാദിന് 1,500 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഡബ്ലിനിലെ നാച്വറല്‍ സ്റ്റോണ്‍-ടൈല്‍ ഉല്‍പ്പന്നങ്ങളുടെ ഔട്ട്‌ലെറ്റായ ഡീവാര്‍ഡ് ലിമിറ്റഡിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. ഹെഡ് സ്‌കാര്‍ഫ് ധരിച്ചെത്തിയ സ്ത്രീയോട് നാഷണാലിറ്റിയെക്കുറിച്ച് ‘കിള്ളിക്കിള്ളി’ ചോദിച്ചതിനാണ് 1,500 യൂറോ നഷ്ടമായത്.
സൗഹൃദ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ആ ചോദ്യം ഉണ്ടായതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാല്‍ കമ്മീഷന്‍ അത് അംഗീകരിച്ചില്ല. എംപ്ലോയ്‌മെന്റ് ഇക്വാലിറ്റി ആക്ട് പ്രകാരം നിയമവിരുദ്ധമാണ് ഈ ചോദ്യമെന്നായിരുന്നു ഡബ്ല്യു ആര്‍ സി അഡ്ജുഡിക്കേറ്റര്‍ മരിയന്‍ ഡഫിയുടെ തീര്‍പ്പ്.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി പാര്‍ട്ട് ടൈം ജോലിക്കുള്ള ഇന്റര്‍വ്യൂവിലായിരുന്നു കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജര്‍ റേ സൂദിന്റെ വിവാദ ചോദ്യം. 2021 ഏപ്രില്‍ ആറിനായിരുന്നു സംഭവം. ഈ ചോദ്യം അനാവശ്യമായിരുന്നുവെന്ന് സാദ് കമ്മീഷനെ ബോധിപ്പിച്ചു. അയര്‍ലണ്ടില്‍ നിന്നുള്ളവരോടും ഹെഡ് സ്‌കാര്‍ഫ് ധരിക്കാത്തവരോടും സൂദ് ഈ ചോദ്യം ഉന്നയിച്ചിരുന്നില്ല. മാത്രമല്ല ആ ജോലി സാദിന് നല്‍കിയതുമില്ല.
അള്‍ജീരിയയിലാണ് രണ്ട് കുട്ടികളുടെ അമ്മയായ നരിമേന്‍ സാദ് ജനിച്ചത്. മാതാപിതാക്കളോടൊപ്പം ജര്‍മ്മനിയിലാണ് വളര്‍ന്നതും പഠിച്ചതും. ഒമ്പത് വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലെത്തിയത്.
എന്നാല്‍ ആരോടും വിവേചനവുമില്ലെന്ന് കമ്പനി കമ്മീഷന്‍ സിറ്റിംഗില്‍ വ്യക്തമാക്കി. കമ്പനിയില്‍ 70 ജീവനക്കാരുണ്ട്. പകുതിയും അയര്‍ലണ്ടുകാരല്ലാത്തവരാണെന്ന് സൂദ് പറഞ്ഞു. പോളണ്ടില്‍ നിന്നുള്ള 22 പേരും ബ്രസീല്‍, ഇന്ത്യ, ഇറ്റലി, റൊമാനിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരോരുത്തരും അഞ്ച് ക്രൊയേഷ്യക്കാരും രണ്ട് റഷ്യക്കാരും കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്.
ഈ ചോദ്യം അസ്വസ്ഥതയുണ്ടാക്കുമെന്ന് കരുതിയില്ല. അങ്ങനെയെങ്കില്‍ അത് ചോദിക്കില്ലായിരുന്നുവെന്ന് സൂദ് പറഞ്ഞു. കമ്പനി ഇത്തരത്തിലൊക്കെ വിശദീകരിച്ചെങ്കിലും ചോദ്യം തികച്ചും അനുചിതമായിരുന്നു എന്ന കമ്മീഷന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.