head1
head3

മറക്കേണ്ട, ഇന്ന് പുലർച്ചെ മുതല്‍ യൂറോപ്പില്‍ വിന്റര്‍ സമയക്രമം

ഡബ്ലിന്‍: ഒക്ടോബര്‍ 26 ഞായറാഴ്ച 02:00 മണിയ്ക്ക് അയര്‍ലണ്ടിലെയും യൂറോപ്പിലെയും സമയം വിന്റര്‍ ക്രമത്തിലേയ്ക്ക് മാറുകയാണ്.

ഇന്ന് പുലർച്ചെ കൃത്യമായി പറഞ്ഞാല്‍,  പുലർച്ചെ  രണ്ട് മണിയ്ക് ഘടികാരങ്ങള്‍ ഒരു മണിക്കൂര്‍ പിന്നോട്ട് പോയി രാത്രി ഒരു മണിയാകും. ശനിയാഴ്ച്ച നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവർക്ക് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിയും വരും

മാര്‍ച്ച് 30 ഞായറാഴ്ച ആരംഭിച്ച സമ്മര്‍ ടൈം  ഇന്ന് കൊണ്ട് അവസാനിക്കും.

ഇടയ്ക്കിടെയുള്ള ‘ക്ലോക്ക് തിരിക്കല്‍’ പഴഞ്ചനെന്ന് :എം ഇ പിമാരുടെ കത്ത് ഇ യു കമ്മീഷന്
ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഇടയ്ക്കിടെയുള്ള സമയമാറ്റം കാലാനുസൃതമല്ലെന്നും ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി എം ഇ പിമാരുടെ കത്ത്.ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ പുറകോട്ട് പോകാനൊരുങ്ങുന്നതിനിടെയാണ് ഐറിഷ് എം ഇ പി ഷോൺ  കെല്ലി തയ്യാറാക്കിയ കത്ത് യൂറോപ്യന്‍ കമ്മീഷന് ലഭിക്കുന്നത്.

സ്വാഭാവിക വെളിച്ചം ഉപയോഗിക്കുന്നതിന് വര്‍ഷത്തില്‍ രണ്ടുതവണ അംഗരാജ്യങ്ങള്‍ ക്ലോക്കുകള്‍ മാറ്റണമെന്നാണ് നിലവിലെ നിയമം നിര്‍ദ്ദേശിക്കുന്നത്. ഇത് മാറ്റിയെഴുതണമെന്ന ആവശ്യമാണ് എം ഇ പിമാര്‍ ഉന്നയിക്കുന്നത്.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമാണ് സമയം മാറ്റുന്നത്. ഇത് കാലഹരണപ്പെട്ടതും ജനങ്ങളുടെ ആരോഗ്യം, സുരക്ഷ, മൊത്തത്തിലുള്ള ക്ഷേമം എന്നിവയ്‌ക്കെല്ലാം ദോഷകരവുമാണെന്ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലുള്‍പ്പെട്ട 67 എം ഇ പി മാര്‍ ഒപ്പിട്ട കത്ത് ആവശ്യപ്പെടുന്നു.

ക്ലോക്ക് മാറ്റം ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് ജനങ്ങളില്‍ ഹൃദയാഘാതം, സ്‌ട്രോക്കുകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നു. ട്രാഫിക് അപകടങ്ങള്‍ കൂടുന്നതിനും സമയമാറ്റം കാരണമാകുന്നു.

സമയമാറ്റം അവസാനിപ്പിക്കാന്‍ അംഗരാജ്യങ്ങളെ അനുവദിക്കുന്ന പ്രപ്പോസല്‍ 2019ല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ കൗണ്‍സിലിന്റെ അന്തിമ അനുമതി ഇനിയും ലഭിച്ചിട്ടില്ല.അതിനാല്‍ ഇത് നിയമമായില്ല.വരുന്ന പാര്‍ലമെന്ററി കാലയളവിലെ രാഷ്ട്രീയ അജണ്ടയില്‍ ഈ ക്ലോക്ക് മാറ്റം അവതരിപ്പിക്കാന്‍ കത്ത് ആവശ്യപ്പെടുന്നു.

യൂറോപ്പിലെ സമയമാറ്റസമ്പ്രദായം നിര്‍ത്തലാക്കണം എന്ന യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തിന് ഇതേ വരെ അംഗരാജ്യങ്ങളുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചിട്ടില്ല.അത് കൊണ്ട് തന്നെ  വിന്റര്‍ ടൈംചേയ്ഞ്ച് ഇല്ലാതെയാക്കും എന്ന മുന്‍ ധാരണ നടപ്പാക്കാന്‍ ഇടയില്ല.

അതേസമയം യൂറോപ്പിലെ എല്ലാരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ പല തവണ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ സമയ മാറ്റ സമ്പ്രദായം എത്രയും വേഗം അവസാനിപ്പിക്കണം എന്ന ആശയത്തിനാണ് ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ലഭിച്ചത്.

വിന്റര്‍ സമയത്തിലേക്ക്   ഞായറാഴ്ച സമയംമാറി കഴിയുമ്പോള്‍ അയര്‍ലണ്ടിലെ സമയവും ഇന്‍ഡ്യന്‍ സമയവുമായി ഇപ്പോഴുള്ള നാലരമണിക്കൂര്‍ സമയ വ്യത്യാസം ,അഞ്ചര മണിക്കൂറിന്റെ വ്യത്യാസമായി മാറും

 ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a</a

Leave A Reply

Your email address will not be published.