head1
head3

വാട്ട്‌സാപ്പ് യൂറോപ്പില്‍ പ്രൈവസി പോളിസി അപ്‌ഡേറ്റ് ചെയ്തു

ഡബ്ലിന്‍ : വാട്ട്‌സാപ്പ് യൂറോപ്പില്‍ പ്രൈവസി പോളിസി അപ്‌ഡേറ്റ് ചെയ്തു. സ്വകാര്യത സംബന്ധിച്ച ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന അയര്‍ലണ്ടിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ (ഡിപിസി) കണ്ടെത്തലുകളെ തുടര്‍ന്നാണ് ഈ നടപടി. പുതിയ സ്വകാര്യതാ നയം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി വാട്സാപ്പ് അറിയിച്ചു.

സ്വകാര്യതാ ലംഘനത്തിന്റെ പേരില്‍ വാട്സാപ്പിന് ഡിപിസി 225 മില്യണ്‍ യൂറോ പിഴ ചുമത്തിയിരുന്നു. ഈ വിധിക്കെതിരെ ഐറിഷ് ഹൈക്കോടതിയിലും യൂറോപ്യന്‍ കോടതിയിലും അപ്പീല്‍ നല്‍കിയിരിക്കുകയാണ്. പിഴയ്ക്കൊപ്പം സ്വകാര്യത ഉറപ്പുവരുത്തുന്ന വിധത്തില്‍ സംവിധാനം അപ്ഡേറ്റ് ചെയ്യണമെന്നും ഡിപിസി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അയര്‍ലണ്ടിലെയും യൂറോപ്പിലെയും ഉപയോക്താക്കള്‍ക്കായി വാട്ട്‌സാപ്പ് അതിന്റെ സ്വകാര്യതാ നയം അപ്‌ഡേറ്റ് ചെയ്തത്.

പുനസ്സംഘടനയും കൂട്ടിച്ചേര്‍ക്കലുമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഒരുപിടി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാത്രമേ ബാധകമാകൂവെന്നും വാട്സാപ്പ് അറിയിച്ചു. യുഎസിലെയും വാട്സാപ്പ് ഉപയോഗിക്കുന്ന മറ്റ് പ്രദേശങ്ങളിലെയും ഉപയോക്താക്കള്‍ക്കുള്ള നയം പഴയപടിയില്‍ തുടരും.

മെറ്റാ പ്ലാറ്റ്‌ഫോമുകള്‍, ഫേയ്സ് ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ അവരുടെ സ്വകാര്യതാ സമ്പ്രദായങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ സുരക്ഷയോടുള്ള പ്രതിബദ്ധതയെക്കുറിച്ചും നിരന്തരമായ പരിശോധനകള്‍ നേരിടുന്നുണ്ട്.

ഒറ്റ ക്ലിക്കില്‍ അപ് ഡേറ്റ് അറിയാനാകും

ചെറുതും ഡിസ്മിസ് ചെയ്യാവുന്നതുമായ ഇന്‍-ആപ്പ് ബാനറില്‍ ക്ലിക്കുചെയ്താല്‍ ഉപയോക്താക്കള്‍ക്ക് ഈ നയം മാറ്റം കാണാനാകുമെന്ന് വാട്സാപ്പ് അറിയിച്ചു. മൊത്തം 35 പേജുകളുള്ളതാണ് പുതിയ അപ് ഡേറ്റിനുള്ളത്. എന്നാല്‍ ഉപഭോക്താക്കള്‍ പുതിയതായൊന്നും അംഗീകരിക്കുകയോ മറ്റ് അധിക നടപടികളെടുക്കുകയോ ചെയ്യേണ്ടതില്ല.

ചെറിയ മാറ്റങ്ങള്‍ മാത്രം…

അപ്‌ഡേറ്റ് അതിന്റെ പ്രക്രിയകളിലോ ഉപയോക്താക്കളുമായുള്ള കരാര്‍ ഉടമ്പടികളിലോ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അതിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും തുടരും- വാട്ട്‌സാപ്പ് പറഞ്ഞു. അതിനാല്‍ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത് തുടരുന്നതിന് ഉപയോക്താക്കള്‍ വീണ്ടും സമ്മതിക്കുകയോ നടപടിയെടുക്കുകയോ ചെയ്യേണ്ട ആവശ്യമില്ല.

വാട്ട്‌സാപ്പ് ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഡാറ്റയുടെ സംഭരണം, എപ്പോള്‍ അത് ഇല്ലാതാകുന്നു, മൂന്നാം കക്ഷികള്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളാണ് അപ് ഡേറ്റില്‍ ചേര്‍ത്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഡാറ്റ പങ്കിടുന്നത്, അതെങ്ങനെയാണ് സംരക്ഷിക്കപ്പെടുന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാറ്റ പ്രോസസ്സിംഗിനായി ഉപയോഗിക്കുന്ന നിയമപരമായ അടിത്തറകളും അപ് ഡേറ്റ് വിശദീകരിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.