head3
head1

അയര്‍ലണ്ടില്‍ കൊടും ചൂട്, പെരുമഴയ്ക്ക് വഴിമാറുന്നു ?

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കാലാവസ്ഥ വീണ്ടും മാറുന്നു. കൊടുംചൂടില്‍ നിന്നും ഇടിമിന്നലോടു കൂടിയ പെരുമഴയിലേയ്ക്കാണ് കാലാവസ്ഥയുടെ ചുവടുമാറ്റം.

നിലവിലെ താപനിലയില്‍ പൊടുന്നനെ താഴ്ചയുണ്ടാവുമെന്നും കനത്ത ഇടിമിന്നലോടുകൂടിയ മഴയുണ്ടായേക്കാമെന്നും മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി.ഇടിമിന്നല്‍ ,വെള്ളപ്പൊക്കം,യാത്രാ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് ഇത് കാരണമായേക്കാം.ഔട്ട്ഡോര്‍ ഇവന്റുകളെയും ഇത് ബാധിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.അടുത്തയാഴ്ച കാലാവസ്ഥ കൂടുതല്‍ അസ്വസ്ഥമാകുമെന്നും കനത്ത മഴയും മേഘാവൃതമായ അന്തരീക്ഷവും പ്രതീക്ഷിക്കാമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.

കൊണക്ട് അടക്കമുള്ള പ്രദേശങ്ങളില്‍ മഴയെ മുന്‍നിര്‍ത്തി നല്‍കിയ യെല്ലോ അലേര്‍ട്ട് ഇന്ന് രാവിലെ 6 മണി വരെ പ്രാബല്യത്തിലുണ്ട്.മയോയില്‍ നേരത്തെ ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇത് ഇന്നലെ രാത്രി 10 മണിയോടെ അവസാനിച്ചു. അതേസമയം, ക്ലയര്‍, കെറി, ലിമെറിക്, കൊണക്ടിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും അവസാനിച്ചു.

അതിനിടെ വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന താപനില റോസ്‌കോമണിലെ മൗണ്ട് ഡില്ലണ്‍ കാലാവസ്ഥാ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയതായി മെറ്റ് ഏറാന്‍ പറഞ്ഞു. 31.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.കാര്‍ലോയിലെ ഓക്ക് പാര്‍ക്കില്‍ 30.1 ഡിഗ്രി സെല്‍ഷ്യസും വെസ്റ്റ്മീത്തിലെ മുള്ളിംഗറിലും ഷാനണ്‍ വിമാനത്താവളത്തിലും 30 ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി.

പൊരിയുന്ന ചൂടിനെ നേരിടാന്‍ ആളുകള്‍ കൂട്ടത്തോടെ ബീച്ചുകളില്‍

:പൊരിയുന്ന ചൂടിനെ നേരിടാന്‍ ആളുകള്‍ കൂട്ടത്തോടെ ഡബ്ലിനിലെ പ്രമുഖ ബീച്ചുകളിലെത്തിയത് വലിയ ഗതാഗതക്കുരുക്കിനും തിരക്കിനും കാരണമായി.ഡബ്ലിനിലെ ബറോ, ഡൊണാബേറ്റ് ബീച്ചുകളൊക്കെ ജനത്തെക്കൊണ്ട് നിറഞ്ഞു.

തിരക്കും ബഹളവുമൊക്കെ പരിഗണിച്ച് ബറോ ബീച്ച് ഒരു ഘട്ടത്തില്‍ അടച്ചിട്ടിരുന്നു.ഗതാഗതക്കുരുക്കിനെ തുടര്‍ന്നായിരുന്നു ആന്‍ ഗാര്‍ഡയുടെ നടപടിയെന്ന് ഇയര്‍റോഡ് ഏറാന്‍ പറഞ്ഞു.അതിനിടെ ആള്‍ക്കൂട്ടം ഉപയോഗിച്ചുപേക്ഷിച്ച പാഴ്വസ്തുക്കള്‍ കൊണ്ട് ബീച്ചുകള്‍ നിറഞ്ഞു. ഇവ നീക്കം ചെയ്യാന്‍ പ്രത്യേക ടീമുകളെയും നിയോഗിച്ചിരുന്നു.

വാരാന്ത്യത്തില്‍ പബ്ലിക് ഓര്‍ഡര്‍ യൂണിറ്റ് ഉള്‍പ്പെടെ സ്ഥിരം ഗാര്‍ഡകളെ ബറോ ബീച്ചില്‍ ആന്‍ ഗാര്‍ഡ നിയോഗിക്കാറുണ്ട്.ഇവയ്ക്ക് പുറമേ ബീച്ചുകളില്‍ കൂടുതല്‍ ഗാര്‍ഡയെയും ലൈഫ് ഗാര്‍ഡുകളെയും ഡ്യൂട്ടിയില്‍ നിയോഗിച്ചിരുന്നു.ഡൊണാബേറ്റ് ബീച്ചില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകള്‍ക്ക് ഗാര്‍ഡ പിഴ ചുമത്തി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.