head1
head3

ഫ്ളൂബോട്ട് സോഫ്ട് വെയര്‍ തട്ടിപ്പിനെതിരെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എന്‍ സി എസ് സി

ഡബ്ലിന്‍ : സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെ (എന്‍ സി എസ് സി) മുന്നറിയിപ്പ് .ഫ്ളൂബോട്ട് എന്ന സ്പൈ വെയര്‍ സോഫ്ട് വെയര്‍ ഉപയോഗിച്ച് അയര്‍ലണ്ടിലെ സ്മാര്‍ട്ട് ഫോണുകളെ ഹാക്ക് ചെയ്യുന്നതിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് സുരക്ഷ കേന്ദ്രം നല്‍കുന്നത്.

ഈ ‘ക്ഷുദ്ര ജീവിയെ’ ഉപയോഗിച്ച് പാസ്വേഡുകളും സാമ്പത്തിക വിവരങ്ങളടക്കമുള്ള സെന്‍സിറ്റീവ് ഡാറ്റകള്‍ മോഷ്ടിക്കാന്‍ കുറ്റവാളികള്‍ ശ്രമിക്കും.ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ സി എസ് സി പ്രസ്താവനയില്‍ പറഞ്ഞു. ത്രീ,വോഡഫോണ്‍, എയര്‍ എന്നീ മൊബൈല്‍ ഓപ്പറേറ്റര്‍മാരും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫോണിലെത്തുന്ന വ്യാജ ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യരുതെന്നും അവ ഡിലിറ്റ് ചെയ്യണമെന്നും കമ്പനികള്‍ ഓര്‍മ്മപ്പെടുത്തുന്നു.

സോഫ്ട് വെയര്‍ചാരന്മാരെത്തുന്നത് ഇങ്ങനെ

നഷ്ടമായ പാക്കേജ് ഡെലിവറിയുടെ വിശദാംശങ്ങള്‍ ആക്‌സസ് ചെയ്യാനെന്ന പേരില്‍ ഒരു സന്ദേശം ഉപയോക്താക്കള്‍ക്ക് ഹാക്കര്‍മാര്‍ അയച്ചുതരുമെന്ന് എന്‍ സി എസ് സി വിശദീകരിക്കുന്നു. ഇതിലെ ഒരു ലിങ്ക് ക്ലിക്കുചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെടും.

നിയമാനുസൃത ഡെലിവറി കമ്പനിയായ ഡി എച്ച് എല്ലിന്റെയും മറ്റും സൈറ്റിന് സമാനമായി തോന്നുന്ന ഒരു വ്യാജ വെബ്‌സൈറ്റിലേക്കാകും ഈ ലിങ്ക് നയിക്കുക.ഇവിടെ നിന്നും രണ്ട് ഫയലുകള്‍ ഡൗണ്‍ ലോഡ് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ടാകും.ഇത് ആപത്തുവരുത്തുന്ന സ്പൈ വെയറുകളാണ്. ഇവ ഫോണിലേക്ക് ഡൗണ്‍ലോഡുചെയ്യുന്നതോടെ ‘പണി’ തീരുമെന്ന് എന്‍ സി എസ് സി ഓര്‍മ്മപ്പെടുത്തുന്നു.അത്തരമൊരു സന്ദേശം ലഭിക്കുകയാണെങ്കില്‍ ലിങ്കില്‍ ക്ലിക്കുചെയ്യരുതെന്നും സന്ദേശം ഡിലീറ്റ് ചെയ്യണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.ഡെലിവറി പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അതിന്റെ നില പരിശോധിക്കണം. അല്ലാതെ ഇത്തരം വ്യാജ സന്ദേശങ്ങളെ വിശ്വസിക്കരുത്.

ഈ പ്രശ്നം നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും ആപ്പിള്‍ ഉപകരണങ്ങളെ ബാധിക്കില്ലെന്നും എന്‍സി എസ് സി പറയുന്നു.

അബദ്ധത്തില്‍ ക്ലിക്ക് ചെയ്തു പോയാല്‍…

വ്യാജ സ്പൈ ലിങ്കുകളില്‍ അബദ്ധത്തില്‍ ക്ലിക്ക് ചെയ്തു പോയാലും രക്ഷപ്പെടാന്‍ വഴിയുണ്ട്. അതും കേന്ദ്രം പറഞ്ഞുതരുന്നു. അബദ്ധത്തില്‍ ലിങ്കില്‍ ക്ലിക്കുചെയ്ത് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാളുചെയ്തിട്ടുണ്ടെങ്കില്‍, ഫോണ്‍ ഫാക്ടറി റിസെറ്റ് ആവശ്യപ്പെടും.ഡാറ്റ ബാക്കപ്പ് ചെയ്തിട്ടുണ്ടെങ്കില്‍, സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം ബാക്കപ്പുകളൊന്നും പുനസ്ഥാപിക്കരുതെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ അവരുടെ അക്കൗണ്ടുകളുടെ പാസ്വേഡുകള്‍ മാറ്റണമെന്നും എന്‍സിഎസ്സി നിര്‍ദ്ദേശിക്കുന്നു. സമാന പാസ്വേഡുകള്‍ മറ്റ് അക്കൗണ്ടുകളിലും ഉപയോഗിക്കുകയാണെങ്കില്‍, അവയും മാറ്റണം.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h

Comments are closed.