head1
head3

കനലണയുന്നില്ല… യുദ്ധം ഒരാഴ്ച പിന്നിടുന്നു, ഇറാന് ബോധം വരുന്നതും കാത്ത് ട്രമ്പ്

ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ യുദ്ധം ഒരാഴ്ച തികച്ച പശ്ചാത്തലത്തില്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് യു എന്‍ ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) ഇസ്രയേലിനോട് നിര്‍ദേശിച്ചു.ഇറാന്‍ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐഎഇഎക്ക് ഉറപ്പുവരുത്താന്‍ കഴിയുമെന്നും ഏജന്‍സി ഡയറക്ടര്‍ റാഫേല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയില്‍ പറഞ്ഞു. അതിനിടെ, ടെഹ്റാനിലും റഷ്തിലും ഇസ്രയേലിന്റെ ബോംബുകള്‍ വീണു. ഇറാന്റെ ആണവായുധ ഗവേഷണ-വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രവും കെര്‍മന്‍ ഷാഹിനും തബ്രിസിനും അടുത്തുള്ള സേനാകേന്ദ്രങ്ങളും ആക്രമിച്ചെന്ന് ഇസ്രയേല്‍ പറഞ്ഞു.

ഇറാന് ‘വംശഹത്യ അജണ്ട’ ഉണ്ടെന്നും അത് തുടര്‍ച്ചയായ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡര്‍ ആരോപിച്ചു, ആണവ കേന്ദ്രങ്ങള്‍ ‘പൊളിക്കുന്നതുവരെ’ ഇസ്രായേല്‍ ലക്ഷ്യത്തിലേക്ക് യാത്ര തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലപാട് തുടര്‍ന്ന് ട്രമ്പ്

സാധ്യമായ അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഇറാന് ‘പരമാവധി’ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു, വ്യാഴാഴ്ച അദ്ദേഹം നിശ്ചയിച്ച 14 ദിവസത്തെ സമയപരിധിക്ക് മുമ്പ് തീരുമാനമെടുക്കാമെന്ന് നിര്‍ദ്ദേശിച്ചു.

‘ഞാന്‍ അവര്‍ക്ക് ഒരു സമയം നല്‍കുന്നു, പരമാവധി രണ്ടാഴ്ചയായിരിക്കും.,’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അവര്‍ക്ക് ബോധം വരുമോ ഇല്ലയോ എന്ന് നോക്കാം. അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ചെയ്യാന്‍ ഇറാന്‍

അതേ സമയം,ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും ആയിരത്തോളം പേരെ ഒഴിപ്പിക്കുന്നതിനായി അടച്ച വ്യോമാ തിര്‍ത്തി ഇന്ത്യക്കായി തുറന്ന് ഇറാന്‍. ഇറാന്‍ നഗരമായ മഹ്ഷദില്‍നിന്ന് ഭൂരിഭാഗവും വിദ്യാര്‍ഥികളടങ്ങുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനാണ് മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കുള്ള വ്യോമാതിര്‍ത്തി നിയന്ത്രണം ഇറാന്‍ നീക്കിയത്. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്തിന് സൗകര്യമൊരുക്കുമെന്ന് ഇറാന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മുഹമ്മദ് ജവാദ് ഹൊസൈനി പറഞ്ഞു.

ജറുസലേം/ടെഹ്റാന്‍ ഇസ്രയേലിന്റെ ആക്രമണം തുടരുമ്പോള്‍ ആണവ പരിപാടിയുടെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാകില്ലെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചി വെള്ളിയാഴ്ച പറഞ്ഞു. ഇസ്രയേലും ഇറാനും അന്യോന്യം നടത്തുന്ന ആക്രമണം അയവില്ലാതെ തുടരവേ, ആണവ നിര്‍വ്യാപന ചര്‍ച്ച പുനരാരംഭിക്കാന്‍ യൂറോപ്പ് ശ്രമിച്ച സാഹചര്യത്തിലാണ് പ്രതികരണം. എങ്കിലും ചര്‍ച്ചയ്ക്കായി അദ്ദേഹം സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലെത്തി.

വെള്ളിയാഴ്ച പുലര്‍ച്ചെ ബീര്‍ഷെബയിലും മണിക്കൂറുകള്‍ക്കുശേഷം ടെല്‍ അവീവ്, നെഗവ്, ഹൈഫ എന്നിവിടങ്ങളിലും ഇറാന്‍ ആക്രമണം നടത്തിയത്. അതിനിടെ, ഇസ്രയേലിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഇറാന്‍ ഭരണാധികാരികള്‍ക്ക് പിന്തുണയറിയിച്ചും ആയിരങ്ങള്‍ ടെഹ്റാനില്‍ റാലി നടത്തി. ഇറാനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരേ പുരോഹിതന്‍ മുഖ്താദ സദറിന്റെ ആയിരക്കണക്കിന് അനുയായികള്‍ ഇറാഖിലും പ്രതിഷേധ പ്രകടനം നടത്തി.

ഇസ്രയേല്‍ ശാസ്ത്രകേന്ദ്രത്തിന് പരിക്ക്

ടെല്‍ അവീവ് : വര്‍ഷങ്ങളായി ആണവശാസ്ത്രജ്ഞരെ ലക്ഷ്യമിടുന്ന ഇസ്രയേലിന്റെ സുപ്രധാന ശാസ്ത്രകേന്ദ്രത്തിന് പരിക്കേല്‍പ്പിച്ച് ഇറാന്‍. റെഹോവോത്തിലുള്ള വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ആരും മരിച്ചില്ലെങ്കിലും ഇവിടത്തെ പല ലാബുകള്‍ക്കും സാരമായ കേടുപറ്റിയെന്നും വര്‍ഷങ്ങളുടെ ഗവേഷണ ഫലങ്ങള്‍ ചാമ്പലായെന്നും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ടുചെയ്തു.അതിനിടെ, യുദ്ധത്തില്‍ ഇടപെടരുതെന്ന് ഹിസ്ബുള്ളയ്ക്ക് ഇസ്രയേല്‍ താക്കീതു നല്‍കി.

ഇസ്രയേല്‍ വഞ്ചന

ജനീവ :യു എസുമായുള്ള ഇറാന്റെ നയതന്ത്രശ്രമങ്ങളോട് ഇസ്രയേല്‍ കാണിച്ച വഞ്ചനയാണ് ആക്രമണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ജനീവയില്‍ പറഞ്ഞു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് യു എസുമായി നല്ലൊരു കരാറുണ്ടാക്കവെയിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രത്യേകദൂതന്‍ സ്റ്റീവ് വിറ്റ്കോഫും അരാഗ്ചിയുമായി ഈമാസം 15ന് ഒമാനില്‍ ചര്‍ച്ച നടക്കാനിരിക്കേയായിരുന്നു ഇസ്രയേലിന്റെ ആക്രമണം.
ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.