ലീമെറിക്ക് : നടന്നുനടന്നു ലിമെറിക്കിലെ ഇന്ത്യക്കാരന്‍ ‘ചെന്നെത്തിയത്’ ഗിന്നസ് റെക്കോഡില്‍. അയല്‍ രാജ്യങ്ങളിലേയ്ക്കൊന്നും പോകാതെ വീടിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ 1500 ദിവസം നടന്നാണ് ഇദ്ദേഹം ഭൂമിയുടെ ചുറ്റളവിന് തുല്യമായി നടന്നു തീര്‍ത്തത്. നാല് വര്‍ഷത്തെ ദൗത്യമാണ് ഇദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച പൂര്‍ത്തിയാക്കിയത്.
കാസ്റ്റ്ലെട്രോയിയില്‍ നിന്നുള്ള 70 കാരനായ വിനോദ് ബജാജ് 2016 ഓഗസ്റ്റ് 18 മുതല്‍ ശരീരഭാരം കുറയ്ക്കാനുള്ള തന്റെ ദൗത്യം തുടങ്ങിയത്. അങ്ങനെ നടന്നുതീര്‍ത്തത് 40,075 കിലോമീറ്ററുകള്‍. ഒടുവില്‍ ഗിന്നസ് റെക്കോര്‍ഡിലേയ്ക്കുമെത്തുകയാണ്.
വെറുതെ കൈയ്യുംവീശി നടക്കാനിറങ്ങുകയായിരുന്നില്ല ഇദ്ദേഹം ചെയ്തത്.നടപ്പിന്റെ അളവുംപുരോഗതിയും നിരീക്ഷിക്കുന്നതിനും അതിന്റെ വിവിധ ഘട്ടങ്ങള്‍ റെക്കോര്‍ഡുചെയ്യുന്നതിനും അദ്ദേഹം തന്റെ ഫോണില്‍ ഒരു ആക്റ്റിവിറ്റി ട്രാക്കര്‍ ഡൗണ്‍ലോഡുചെയ്തിതിന് ശേഷമാണ് ഇദ്ദേഹം ‘പണി’ക്കിറങ്ങിയത്.
12 ജോഡി ഷൂസുകളിലൂടെയാണ് ഈ നടപ്പുകാലം കടന്നുപോയത്. 1.568 ദശലക്ഷം കലോറി നഷ്ടപ്പെട്ടു. 8,322 മണിക്കൂറിനുള്ളില്‍ 54.6 ദശലക്ഷം ചുവടുകള്‍ നടന്നു.ഇദ്ദേഹത്തിന്റെ ഫോണില്‍ എല്ലാം റെക്കോര്‍ഡ് ചെയ്യപ്പെട്ടു.1500 ദിവസത്തിനുള്ളില്‍ ഭൂമിയുടെ ചുറ്റളവിന് തുല്യമായ ദൂരം നടന്ന ആദ്യത്തെ വ്യക്തിയാണ് താനെന്ന് അവകാശപ്പെട്ട് ഗിന്നസ് റെക്കോര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ഇദ്ദേഹം.12 ആഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തിന്റെ ക്ലെയിം പരിശോധിക്കുമെന്ന് ഗിന്നസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ആദ്യ വര്‍ഷത്തിനുശേഷം നടത്തിയ പരിശോധനയില്‍ അയര്‍ലണ്ടില്‍ നിന്ന് ജന്മനാടായ ഇന്ത്യയിലേയ്ക്കുള്ള അതേ ദൂരത്തേക്കാണ് താന്‍ നടന്നതെന്ന് അദ്ദേഹം കണ്ടെത്തി.അത് ആവേശം നല്‍കി.
‘ആദ്യ വര്‍ഷം 7,600 കിലോമീറ്ററാണ് നടന്നത്.അയര്‍ലണ്ടില്‍ നിന്നും ഇന്ത്യവരെയുള്ള ദൂരം നടന്നുവെന്നത് എന്നെത്തന്നെ അതിശയിപ്പിച്ചു’ – ഡെല്‍ കമ്പ്യൂട്ടേഴ്സിന്റെ മുന്‍ സീനിയര്‍ മാനേജര്‍ വിനോദ് ബജാജ് പറഞ്ഞു. കഴിഞ്ഞ 46 വര്‍ഷമായി അയര്‍ലന്‍ഡിലാണ് ഇദ്ദേഹം താമസിക്കുന്നത്.
രണ്ടാം വര്‍ഷം ചന്ദ്രന്റെ ചുറ്റളവിനേക്കാള്‍ (10,921 കിലോമീറ്റര്‍) കൂടുതല്‍ ദൂരം അതായത് 15,200 കിലോമീറ്റര്‍ നടന്നു.പിന്നീട് ചൊവ്വയെ ലക്ഷ്യമിട്ടായി നടത്തം.അങ്ങനെ ആ ദൂരവും പിന്നിട്ടു.ചൊവ്വയിലേയ്ക്കുള്ള ദൂരം 21,344 കിലോമീറ്ററാണ്. നമ്മുടെ നായകന്‍ അപ്പോഴേയ്ക്കും പിന്നിട്ടത് 40,075 കിലോമീറ്ററായിരുന്നു.
റിട്ട.എഞ്ചിനീയറും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അദ്ദേഹം തന്റെ വീടിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് നടന്നതത്രയും. പലപ്പോഴും ടോയ്‌ലറ്റില്‍ പോകുന്ന ചെറിയ ഇടവേളകളൊഴികെ ഒരു സമയം 10 മണിക്കൂര്‍ വരെയാണ് അദ്ദേഹം നടന്നത്. നട്ട്സും പഴവുമായിരുന്നു യാത്രയ്ക്കിടയിലെ ഭക്ഷണം.ചൂടുള്ള ദിവസങ്ങളില്‍ അദ്ദേഹം തന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഐസ്‌ക്രീം ആവശ്യപ്പെടുമായിരുന്നു.നടത്തത്തിനിടെ വീട്ടില്‍ നിന്നും അതും കഴിക്കും.നീണ്ട നടത്തത്തിനിടെ ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച് 55 കിലോമീറ്റര്‍ സഞ്ചരിച്ച ദിവസം.അദ്ദേഹം പായ്ക്ക് ചെയ്ത സാന്‍ഡ്വിച്ചുകളും കഴിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ കൊറോണ വൈറസ് ലോക്ക് ഡൗണിനിടയിലും വിനോദ് നടത്തം തുടര്‍ന്നു. സുരക്ഷാ ക്രമീകരണം പാലിച്ച് ഓരോ ദിവസവും രാവിലെ 5.30 ഓടെ നടത്തം തുടങ്ങും.നടത്തത്തിനിടയില്‍ ഹെഡ്‌ഫോണിലൂടെ ഇന്ത്യന്‍ വാര്‍ത്തകളും തുടര്‍ന്ന് രണ്ട് മണിക്കൂര്‍ മോര്‍ണിംഗ് അയര്‍ലന്‍ഡ് ആര്‍ടിഇ ന്യൂസും എസ്‌കെവൈ ന്യൂസും കേള്‍ക്കും. മറ്റെല്ലാവരും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരുന്നുവെന്ന് വിനോദ് പറയുന്നു.
എല്ലാത്തരം കാലാവസ്ഥയെയും അതിജീവിച്ച് മൊത്തം 40,107 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ സെപ്റ്റംബര്‍ 21 ന്വിനോദ് ബജാജ് തന്റെ ശ്രദ്ധേയ യാത്ര പൂര്‍ത്തിയാക്കി.
‘എന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് ഭയന്നതിനാല്‍ തുടക്കത്തില്‍ ഭാര്യക്ക് സന്തോഷമുണ്ടായിരുന്നില്ല. ഞാന്‍ തോറ്റുപോയേക്കാമെന്ന് അവര്‍ക്ക് തോന്നിയിരുന്നു. അതിനാല്‍ തുടക്കത്തില്‍ ഞാന്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല, ഒടുവില്‍ അവള്‍ സമ്മതിച്ചു.ഭൂമിയുടെ ചുറ്റളവില്‍ നടക്കാന്‍ പോവുകയാണെന്ന് ഞാന്‍ പറഞ്ഞിരുന്നെങ്കില്‍, അവള്‍ക്ക് ഹൃദയാഘാതം സംഭവിക്കുമായിരുന്നു’.അദ്ദേഹം പറഞ്ഞു.
നടത്തം പൂര്‍ത്തിയായപ്പോള്‍ വിനോദിന്റെ ഭാരം 81 കിലോയില്‍ നിന്നും 60 കിലോയായി കുറഞ്ഞു.’നടപ്പ് മനസ്സിനെ സ്വതന്ത്രമാക്കുന്നു.സമ്മര്‍ദ്ദ രഹിതമാക്കുന്നു.പുതിയ ആശയങ്ങള്‍ നല്‍കുന്നു.വളരെ ശാന്തത നല്‍കുന്നു’. വിനോദ് പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.