ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റുകളിലെ കാലതാമസം ലേണര്‍ ഡ്രൈവര്‍മാരെ വട്ടം കറക്കുന്നു.രാജ്യത്താകെ ലേണര്‍ ടെസ്റ്റ് പാസ്സായ 72000 പേരാണ് ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നത്. പത്ത് ആഴ്ച കാത്തിരിപ്പ് എന്ന വ്യവസ്ഥയൊന്നും പാലിക്കുന്നില്ല. എട്ടുമാസത്തിലേറെയായി കാത്തിരിക്കുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്.ഡ്രൈവിംഗ് പഠനച്ചെലവ് കൂട്ടുന്നതിനൊപ്പം കാത്തിരിപ്പിന്റെ ദുരിതവും നിരാശയും നേരിടുകയാണ് ലേണര്‍മാര്‍.
ഡ്രൈവിംഗ് പഠിക്കുന്നതിന് നിലവില്‍ ശരാശരി 3000 യൂറോയിലേറെ ചെലവാകുന്നുണ്ടെന്നാണ് കണക്ക്.ചെലവേറിയ ഇന്‍ഷുറന്‍സ് പോളിസികളില്‍ പഠിതാക്കളെ കുടുക്കാനുള്ള ശ്രമവും ഇതിനിടയില്‍ നടക്കുന്നതായി ആക്ഷേപമുണ്ട്.താല്‍ക്കാലിക ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരെയാണ് ഇപ്പോള്‍ അമിതമായി ആശ്രയിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. സ്ഥിരം ഇന്‍സ്ട്രക്ടര്‍മാരുടെ നിയമന പ്രക്രിയ വേഗത്തിലാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.ഇക്കാര്യത്തിലെല്ലാം റോഡ് സുരക്ഷാ അതോറിറ്റിയുടെ വീഴ്ച ഗൗരവതരമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിന്‍ഫെയിന്‍ ഡെയിലില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രമേയത്തെ പിന്താങ്ങി.കാലതാമസം അംഗീകരിക്കാനാവില്ലെന്നും സിന്‍ ഫീന്‍ പ്രമേയത്തെ എതിര്‍ക്കാനില്ലെന്നും ഗതാഗത മന്ത്രി ദാരാ ഒ ബ്രയന്‍ പറഞ്ഞു.ആര്‍ എസ് എയുമായി ഈ പ്രശ്നത്തില്‍ ബന്ധപ്പെടുമെന്നും മന്ത്രി അറിയിച്ചു.ഏറ്റവും കൂടുതല്‍ പേര്‍ വെയ്റ്റിംഗ് ലിസ്റ്റുകളുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു.
2024ല്‍ നടത്തിയത് 2,53,850 ടെസ്റ്റുകള്‍
68 ടെസ്റ്റ് കേന്ദ്രങ്ങളാണ് രാജ്യത്താകെയുള്ളത്.2024ല്‍ അയര്‍ലണ്ടില്‍ ആകെ 275,000 ടെസ്റ്റുകളാണ് ഉണ്ടായിരുന്നത്.2,53,850 ഡ്രൈവിംഗ് ടെസ്റ്റുകളാണ് ബുക്ക് ചെയ്തത്. 250,000 എണ്ണം നടത്തി.53.3% പേര്‍ ടെസ്റ്റ് വിജയിച്ചു-സി എസ് ഒ റിപ്പോര്‍ട്ട് പറയുന്നു. 2023നെ അപേക്ഷിച്ച് 41,325 ടെസ്റ്റുകള്‍ കൂടുതലായിരുന്നു കഴിഞ്ഞ വര്‍ഷം 2023ല്‍ വിജയ നിരക്ക് 51.6% ആയിരുന്നു.കഴിഞ്ഞ മാസം 18,500 ടെസ്റ്റുകളാണ് നടത്തിയത്. പകുതിയിലധികം പേര്‍ വിജയിച്ചു.
വിജയത്തില്‍ ടര്‍ലെസ്, തോല്‍വിയില്‍ ചാള്‍സ്ടൗണ്‍
ഡബ്ലിനിലെ ചാള്‍സ്ടൗണിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിജയം (31.5%). ടിപ്പററിയിലെ നീന (31.9%), കാര്‍ലോ (37.5%) എന്നിങ്ങനെയും ആളുകള്‍ ടെസ്റ്റ് പാസ്സാകാനുള്ള സാധ്യത കുറവാണ്..ഡബ്ലിനിലെ കില്ലെസ്റ്റര്‍ (38.9%), ന്യൂകാസില്‍ വെസ്റ്റ് (39.1%), താല (40.8%) എന്നിവിടങ്ങളിലും വിജയശതമാനം കുറവാണ്.
ടിപ്പററിയിലെ തര്‍ലെസ് (74.4%), മോനാഗന്‍ (72.4%), ക്ലെയറിലെ കില്‍റഷ് (66.1%), ഓഫാലിയിലെ ബിര്‍ (63.1%) എന്നിവയാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വിജയം നേടിയ ടെസ്റ്റ് സെന്ററുകള്‍. ഉയര്‍ന്ന വിജയം നേടിയ മറ്റ് കേന്ദ്രങ്ങള്‍: ഗോള്‍വേ ക്ലിഫ്ഡന്‍ (65.4%),വെക്സ്ഫോര്‍ഡ് ഗോറി (62.4%), ലോങ്ഫോര്‍ഡ് (58.6%)
വിമര്‍ശനവുമായി പ്രതിപക്ഷം
ആവശ്യകതയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരും ആര്‍ എസ് എയും പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും സിന്‍ഫെയിന്‍ വക്താവ് പാ ദാലി ആരോപിച്ചു.മാന്‍ഡേറ്റ്, റിസോഴ്‌സിംഗ്, വര്‍ക്കിംഗ് പ്രോഗ്രാം എന്നിവ അടിയന്തരമായി അവലോകനം ചെയ്യണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകളിലെ ഒഴിവുകള്‍ നികത്താന്‍ ആര്‍ എസ് എയെയും പൊതുമരാമത്ത് ഓഫീസിനെയും ചുമതലപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.പത്താഴ്ചയെന്ന സമയക്രമം പാലിച്ചില്ലെങ്കില്‍ ആര്‍ എസ് എ സൗജന്യമായി ടെസ്റ്റ് നല്‍കണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് ടിഡി ജെന്നിഫര്‍ വിറ്റ്മോര്‍ പറഞ്ഞു.
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നവര്‍ക്ക്
തിയറി ടെസ്റ്റ് നിര്‍ബന്ധിതമാക്കണം
ഡബ്ലിന്‍ : ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് തിയറി ടെസ്റ്റ് നിര്‍ബന്ധിതമാക്കണമെന്ന ആവശ്യവുമായി ലേബര്‍ പാര്‍ട്ടി.അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിന് ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തിലൊരിക്കല്‍ റിഫ്രഷര്‍ കോഴ്‌സുകള്‍ നല്‍കണമെന്നും പാര്‍ട്ടി വക്താവ് സിയാരന്‍ അഹേണ്‍ ടി ഡി പറഞ്ഞു.പത്ത് വര്‍ഷമാണ് ലൈസന്‍സ് കാലാവധി.
ഗ്രാമപ്രദേശങ്ങളില്‍ ഗതാഗത സൗകര്യം കുറവായതിനാല്‍ സ്‌കൂളിലേയ്ക്കും സര്‍വകലാശാലയിലേയ്ക്കും ജോലിയ്ക്കുമൊക്കെ പോകാന്‍ യുവാക്കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമാണ്.എന്നാല്‍ ലൈസന്‍സ് കിട്ടുന്നതിലെ കാലതാമസം ലേണേഴ്സിനെ വളരെ ദോഷകരമായി ബാധിക്കുന്നു. ആളുകള്‍ വാഹനവുമായി റോഡിലിറങ്ങുന്നു. പരിശോധിക്കാന്‍ ഗാര്‍ഡയോ മറ്റ് സംവിധാനങ്ങളോ ഇല്ല. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പരിചയസമ്പന്നരായ ഡ്രൈവര്‍മാരും വാഹനത്തിലുണ്ടാകില്ല. ഇത് അപകടമുണ്ടാക്കുന്നു.
ലൈസന്‍സ് പുതുക്കുന്നതിന് ഡ്രൈവര്‍മാര്‍ക്ക് തിയറി പരീക്ഷ നടത്തുന്നതുള്‍പ്പടെ റോഡുകളിലെ അവരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ ചെയ്യാമെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് അഹേര്‍ണ്‍ പറഞ്ഞു.റോഡുകളിലെ മരണനിരക്കുകള്‍ കണക്കിലെടുക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസനം ആവശ്യമാണെന്ന് മനസ്സിലാകുമെന്നും ടി ഡി പറഞ്ഞു.
അയര്‍ലണ്ടില്‍ മോശം ഡ്രൈവിംഗുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് ഡബ്ലിന്‍ സൗത്ത് വെസ്റ്റ് ടി ഡി പറഞ്ഞു. റോഡിലെ നിയമങ്ങള്‍ അറിയാമെന്ന് തെളിയിച്ചില്ലെങ്കില്‍ വാഹനമോടിക്കാന്‍ അനുവദിക്കേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും ടി ഡി പറഞ്ഞു.
ബുക്കിംഗിനും സിറ്റിംഗ് ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കും ഇടയിലുള്ള സമയമാണ് ലേണര്‍ ഡ്രൈവര്‍മാര്‍ നിയമം ലംഘിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് സ്ഥാപനമായ അവിവ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. യോഗ്യതയുള്ള ഡ്രൈവറുടെ കൂടെയില്ലാതെ വാഹനമോടിക്കുന്നതാണ് അപകടമുണ്ടാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഗ്രാമപ്രദേശങ്ങളില്‍ പൊതുഗതാഗത സൗകര്യമില്ലാത്തതും റോഡുകളിലെ ഗാര്‍ഡകളുടെ കുറവുമാണ് യുവാക്കളെ വാഹനമോടിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന മറ്റൊരു കാരണമായി കണ്ടെത്തിയത്.കടുത്ത പെനാല്‍റ്റികളും കനത്ത പിഴകളും നിയമലംഘനത്തിന് ചുമത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.