head3
head1

വാറ്റ് കുറച്ചത് വിലക്കുറവിന് കാരണമാവും, മക്‌ഡൊണാള്‍ഡ്‌സിനെ സഹായിക്കാനാണെന്ന് ആരോപണം

ഡബ്ലിന്‍ : ഭക്ഷ്യ, കാറ്ററിംഗ് ബിസിനസുകള്‍, ഹെയര്‍ഡ്രെസ്സിംഗ് എന്നിവയ്ക്കുള്ള വാറ്റ് നിരക്ക് 13.5%ല്‍ നിന്ന് 9% ആയി കുറയും.എന്നിരുന്നാലും ഈ ഇളവ് 2026 ജൂലൈ ഒന്നുമുതലേ പ്രാബല്യത്തില്‍ വരൂ. 2026ല്‍ 232 മില്യണ്‍യൂറോയും മുഴുവന്‍ വര്‍ഷത്തില്‍ 681 മില്യണ്‍ യൂറോയുമാണ് ഇതിനായി സര്‍ക്കാര്‍ ഖജനാവ് നഷ്ടപ്പെടുത്തുന്നത്.

ഗവണ്‍മെന്റിനുള്ള പ്രോഗ്രാമിലെ വാഗ്ദാനമനുസരിച്ചാണ് വാറ്റ് വെട്ടിക്കുറച്ചത്.എന്നിരുന്നാലും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത ഈ മേഖലയിലെ സംഘടനകള്‍ ഇളവ് പ്രാബല്യത്തില്‍ വരുത്തുന്നതിലെ കാലതാമസത്തെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്.രാജ്യത്തുടനീളമുള്ള 1,50,000ലധികം ജോലികളെ പിന്തുണയ്ക്കുന്നതാണിതെന്ന് ധനമന്ത്രി പാസ്‌കല്‍ ഡോണോ വ്യക്തമാക്കുന്നു.
വര്‍ദ്ധിച്ച ചെലവുകള്‍ മൂലം സമ്മര്‍ദ്ദം നേരിടുന്ന സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നടപടിയെന്ന് മന്ത്രി ഡോണോ വിശദീകരിച്ചു.

അതേ സമയം,ചെറുകിട ബിസിനസുകളെ സഹായിക്കാനെന്ന പേരില്‍ വന്‍കിട കുത്തക കമ്പനികളെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആക്ഷേപവും പ്രതിപക്ഷമുന്നയിച്ചു. മക്ഡൊണാള്‍ഡ്‌സ്, സ്റ്റാര്‍ബക്‌സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കൊള്ളലാഭം നല്‍കാന്‍ വേണ്ടിയാണ് വാറ്റ് നിരക്ക് 9% ആയി കുറച്ചതെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്സ് ധനകാര്യ വക്താവ് സിയാന്‍ ഒ കാലഗന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മക്ഡൊണാള്‍ഡ്‌സ് അയര്‍ലന്‍ഡ് 42 മില്യണ്‍ യൂറോ ലാഭം നേടി. രാജ്യത്തുടനീളമുള്ള ചെറിയ ഹോസ്പിറ്റാലിറ്റി ബിസിനസല്ലിതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍ ഇതിനെ സര്‍ക്കാര്‍ തള്ളി.ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ള വാറ്റ് നിരക്ക് കുറയ്ക്കുന്നത് സ്ഥിരം നീക്കമാണെന്ന് എന്റര്‍പ്രൈസ് മന്ത്രി പീറ്റര്‍ ബര്‍ക്ക് പറഞ്ഞു.

പത്തില്‍ താഴെ ആളുകള്‍ ജോലിചെയ്യുന്ന 75% സ്ഥാപനങ്ങള്‍ക്കും ഈ ഇളവ് ഗുണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.കോര്‍പ്പറേഷനുകളെന്ന് വിമര്‍ശിക്കുന്ന ഫ്രാഞ്ചൈസികള്‍ നടത്തുന്നത് ഇവിടെയുള്ളവരാണ്. നമ്മുടെ കമ്മ്യൂണിറ്റിയിലെ ആളുകളാണ് അവിടെ ജോലിചെയ്യുന്നത്.

നികുതിയിളവ് നടപ്പാക്കുന്നതിലെ കാലതാമസം

അയര്‍ലന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് അഡ്രിയാന്‍ കമ്മിന്‍സ് സര്‍ക്കാര്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.കഴിഞ്ഞ ബജറ്റ് മുതല്‍ ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു.എന്നാല്‍ പുതിയ ഇളവുകള്‍ 2026 ജൂലൈ വരെ നടപ്പിലാക്കാത്തത് ബിസിനസുകള്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുമെന്ന് കമ്മിന്‍സ് പറഞ്ഞു.ജനുവരി ഒന്നിന് 6.5% അധിക പേറോള്‍ ചെലവ് ഉണ്ടാകും.ഇതാണ് ബുദ്ധിമുട്ടാണ്ടാക്കുകയെന്ന് ഇദ്ദേഹം പറഞ്ഞു.

ഐറിഷ് ഹെയര്‍ഡ്രെസ്സേഴ്‌സ് ഫെഡറേഷന്‍ (ഐ എച്ച് എഫ്) ഈ നീക്കത്തെ സ്വാഗതം ചെയ്തു.എന്നാല്‍ തീരുമാനം നടപ്പാക്കുന്നത് ജൂലൈ വരെ നീട്ടിയത് ശരിയായില്ലെന്നും സംഘടന പറഞ്ഞു.വാറ്റ് നിരക്ക് കുറയ്ക്കല്‍ നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഡബ്ലിനിലെ പബ്ലിക്കന്‍മാരുടെ സംഘടനയായ ലൈസന്‍സ്ഡ് വിന്റ്‌നേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നിരക്ക് കുറയ്ക്കല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഐറിഷ് ടൂറിസം ഇന്‍ഡസ്ട്രി കോണ്‍ഫെഡറേഷന്‍ (ഐടിഐസി) പറഞ്ഞു.ഏറ്റവും വലിയ തദ്ദേശീയ വ്യവസായമാണ് ടൂറിസം. ഏറ്റവും വലിയ പ്രാദേശിക തൊഴിലുടമയും ഇതു തന്നെ.വാറ്റ് കുറച്ചത് ഈ മേഖലയ്ക്കാകെ നല്ല രീതിയില്‍ ഗുണം ചെയ്യുമെന്ന് സി ഇ ഒ ഇയോഗന്‍ ഒ’മാര വാല്‍ഷ് പറഞ്ഞു.

അമിതമായി ഊതിപ്പെരുപ്പിച്ച സബ്‌സിഡിയാണ് വാറ്റ് കുറയ്ക്കലെന്ന് ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് സോഷ്യല്‍ അഫയേഴ്‌സ് ഓഫീസര്‍ ലോറ ബാംബ്രിക് പറഞ്ഞു.ഒട്ടും ന്യായീകരിക്കാനാകാത്തതാണിതെന്നും ഇവര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.