head3
head1

താരിഫ് യുദ്ധത്തില്‍ തിരിച്ചടിച്ച് ചൈന: യു എസ് ഇറക്കുമതികള്‍ക്ക് 34% അധിക നികുതി

ബെയ്ജിംഗ് : അമേരിക്ക തുടങ്ങിവെച്ച പകരച്ചുങ്ക യുദ്ധത്തില്‍ ചൈന തിരിച്ചടി തുടങ്ങി. യു എസ് ഇറക്കുമതികള്‍ക്ക് ചൈന 34% അധിക തീരുവ ചുമത്തി.ആഗോള വ്യാപാര യുദ്ധത്തിലെ ഏറ്റവും കടുത്ത വര്‍ദ്ധനവാണിത്.ഇതേ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് ഓഹരി വില കുത്തനെ ഇടിഞ്ഞു. യൂറോപ്യന്‍,ഏഷ്യന്‍ വിപണികളും തിരിച്ചടി നേരിട്ടു.

അതിനിടെ താരിഫ് യുദ്ധത്തിന് പരിഹാരമുണ്ടാക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ എം എഫ്) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിയേവ ട്രമ്പിനോട് ആവശ്യപ്പെട്ടു. ആഗോള വിപണി വന്‍ അപകടത്തിലേയ്ക്കാണ് നീങ്ങുന്നതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

തിരിച്ചടിക്കുന്ന ആദ്യ രാജ്യമായി ചൈന

അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുന്ന ആദ്യത്തെ പ്രമുഖ രാഷ്ട്രമായി മാറിയിരിക്കുകയാണ് ചൈന .ഇതോടെ യു എസിന് മേല്‍ ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയ രാജ്യമായി ചൈന.

യു എസ് പ്രസിഡന്റ് പ്രഖ്യാപിച്ച വമ്പന്‍ താരിഫുകള്‍ക്കെതിരെ ലോക വ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര ഫോറത്തില്‍ കേസും ഫയല്‍ ചെയ്യുമെന്നും ചൈന പ്രഖ്യാപിച്ചു.എന്നാല്‍ നയം തിരുത്തുന്ന പ്രശ്നമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ ട്രംപ് യുഎസ് ഫെഡറല്‍ റിസര്‍വിനോട് പലിശ നിരക്ക് കുറയ്ക്കാനും ആവശ്യപ്പെട്ടു.

ഏപ്രില്‍ 10 മുതല്‍ യു എസ് ഉല്‍പ്പന്നങ്ങളുടെ എല്ലാ ഇറക്കുമതികള്‍ക്കും 34% തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപനം.നിലവിലുണ്ടായിരുന്ന മുന്‍ താരിഫുകളെയെല്ലാം ഉള്‍പ്പെടുത്തി ട്രമ്പ് ബുധനാഴ്ച ചൈനയ്ക്ക് മേല്‍ 54% നികുതി ചുമത്തിയിരുന്നു.എം ആര്‍ ഐകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഗാഡോലിനിയം, ഉപഭോക്തൃ ഇലക്ട്രോണിക്സില്‍ ഉപയോഗിക്കുന്ന യിട്രിയം എന്നിവയുള്‍പ്പെടെ ഏഴ് അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും ചൈനയുടെ വാണിജ്യ വകുപ്പ് അറിയിച്ചു.

ആഗോള ഓഹരി വിപണി കൂപ്പുകുത്തി

ചൈനീസ് താരിഫ് നീക്കത്തെ തുടര്‍ന്ന് വാള്‍സ്ട്രീറ്റ് ഓഹരികള്‍ കുത്തനെ താഴെപ്പോയി. ആഗസ്റ്റിനുശേഷം ആദ്യമായി ബ്ലൂ-ചിപ്പ് ഡൗ 39,000 പോയിന്റില്‍ താഴെയായി.എസ് ആന്റ് പി 500 2020 ലെ കോവിഡ് പാന്‍ഡെമിക്കിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി.യൂറോപ്യന്‍ ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞു, ഫ്രാങ്ക്ഫര്‍ട്ടിലും ലണ്ടനിലും 5% കുറവുണ്ടായി.ഏഷ്യന്‍ ഓഹരി വിപണികളിലും ഇടിവ് തുടര്‍ന്നു. ജപ്പാന്റെ ബെഞ്ച്മാര്‍ക്ക് നിക്കി 225 വീണ്ടും 3.5% ഇടിഞ്ഞു, സിംഗപ്പൂരിന്റെ സ്ട്രെയിറ്റ്സ് ടൈംസ് സൂചിക 3% താഴ്ന്നു.

ചര്‍ച്ച നടത്തുമെന്ന് ട്രമ്പ്
താരിഫുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന കമ്പനികളില്‍ നിന്ന് യു എസിലേയ്ക്ക് ട്രില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപമെത്തുമെന്ന് ട്രമ്പ് അവകാശപ്പെട്ടു.അതോടെ ലോകം ഇവരമായി കരാര്‍ ഉണ്ടാക്കാന്‍ വഴി തേടും.ഇത്തരം രാജ്യങ്ങളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ട്രമ്പ് കൂട്ടിച്ചേര്‍ത്തു.ചര്‍ച്ച നടത്താമെന്ന നിലപാടിനെ യൂറോപ്യന്‍ നേതാക്കള്‍ സ്വാഗതം ചെയ്തു.ഈ നീക്കത്തെ അയര്‍ലണ്ടും സ്വാഗതം ചെയ്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.