head1
head3

പാരിസ്ഥിതിക ഭീഷണികള്‍ തുറന്നുകാട്ടി യുഎന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട്,ഒത്തുകൂടി പരിസ്ഥിതി സ്നേഹികള്‍

ഡബ്ലിന്‍ : ലോകം നേരിടുന്ന പാരിസ്ഥിതിക ഭീഷണികള്‍ തുറന്നുകാട്ടി യുഎന്‍ കാലാവസ്ഥാ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടിലെ സൂചനകള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.തീവ്രമായ കാലാവസ്ഥാ വ്യതിയാനം വ്യാപകമായി അതിവേഗത്തില്‍ മുന്നോട്ടുപോവുകയാണെന്ന് 195 അംഗ രാജ്യങ്ങള്‍ അംഗീകരിച്ച യുഎന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ റിപ്പോര്‍ട്ട് പറയുന്നു.

ഭൂമിയുടെ നാശം നിയന്ത്രിക്കുന്നതിന് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്ഗമനം വന്‍തോതില്‍ കുറച്ചേ പറ്റൂവെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. ഐപിസിസിയുടെ ആറാം മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടിന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റാണ് പ്രസിദ്ധീകരിച്ചത്.

പ്രകൃതിയ്ക്കെതിരായ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതിനാല്‍ ഇനി ഇപ്പോള്‍ പ്രതി പ്രവര്‍ത്തനത്തിനുള്ള സമയമാണെന്നും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്തു.മീതെയ്ന്‍ ഉദ്ഗമനം ശക്തവും വേഗത്തിലും സുസ്ഥിരമായും കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടിനെ മനുഷ്യത്വത്തിനുള്ള ചുവപ്പ് കോഡ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ തലവന്‍ വിശേഷിപ്പിച്ചത്.

2050 ആകുമ്പോഴേക്കും ഹരിതഗൃഹ വാതക ഉദ്ഗമനം സീറോയിലെത്തിക്കുന്നത് ലക്ഷ്യമിടുന്ന കാലാവസ്ഥാ നിയമം ഒയ്റിചാസ് അടുത്തിടെ പാസാക്കിയിരുന്നു. 2030 ഓടെ 51% ഒമിഷന്‍ വെട്ടിക്കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.ഈ ലക്ഷ്യം നേടുന്നതിനുള്ള കര്‍മ്മ പദ്ധതികളും നടപടികളുമാണ് ഉണ്ടാകേണ്ടത്.

ഒത്തുകൂടി പരിസ്ഥിതി സ്നേഹികള്‍

റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി യുവാക്കളും പരിസ്ഥിതി സ്നേഹികളും ഡബ്ലിനിലെ ലെയ്ന്‍സ്റ്റര്‍ ഹൗസിന് പുറത്ത് ഒത്തുകൂടി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കര്‍ഷകരും കൗമാരക്കാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ മോശം ഫലങ്ങള്‍ ഒഴിവാക്കാനാകുമെന്ന് പതിനെട്ടുകാരിയായ ബെത്ത് ഡോഹെര്‍ട്ടി പറയുന്നു.കര്‍ഷകര്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഐറിഷ് കര്‍ഷകസംഘം പ്രസിഡന്റ് ടിം കള്ളിനന്‍ പറഞ്ഞു.എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്തുണ അനിവാര്യമാണെന്ന് ടിപ്പററിയിൽ നിന്നുള്ള കര്‍ഷകനായ ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സ്വാഗതം ചെയ്ത് പ്രതിപക്ഷം…വിമര്‍ശനമുണ്ട് എന്നാലും സഹകരിക്കും...
യുഎന്‍ റിപ്പോര്‍ട്ടിനെ പ്രതിപക്ഷ പാര്‍ട്ടികളും സ്വാഗതം ചെയ്തു.കാലാവസ്ഥാ വ്യതിയാനത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണത്തില്‍ വലിയ മാറ്റം ആവശ്യമാണെന്ന് സിന്‍ ഫെയ്ന്‍ പറഞ്ഞു. കൂട്ടുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ തയ്യാറാണെന്നും അവരെ ഏകോപിക്കുക മാത്രം ചെയ്താല്‍ മതിയെന്നും
ലെയിന്‍സ്റ്റര്‍ ഹൗസിനു മുന്നില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത പാര്‍ട്ടി വക്താവ് സെനറ്റര്‍ ലിന്‍ ബോയിലന്‍ പറഞ്ഞു.

അയര്‍ലണ്ടിന്റെ ക്ലൈമറ്റ് ആക്ഷന്‍ ബില്ലിന് പോരായ്മകളുണ്ടെന്നും അത് പരിഹരിക്കണമെന്നും സിന്‍ ഫെയ്നിന്റെ കാലാവസ്ഥാ വക്താവ് കൂടിയായ ഡാരെന്‍ ഒറൂര്‍ക്ക് ടിഡി പറഞ്ഞു.ആളുകളെ വാഹനം ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിക്കാന്‍ ഗ്രാമീണമേഖലയുടെ പൊതുഗതാഗതത്തില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് ഡാരെന്‍ ഒറൂര്‍ക്ക് ആവശ്യപ്പെട്ടു.

ക്ലൈമറ്റ് ആക്ഷന്‍ പ്ലാനില്‍, കാര്‍ബണ്‍ ഉദ്ഗമനം കുറയ്ക്കുന്നതിന് സമഗ്രവും വിശ്വസനീയവുമായ മാര്‍ഗ്ഗരേഖകളുണ്ടാകണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റുകളുടെ കാലാവസ്ഥാ വക്താവ് ജെന്നിഫര്‍ വിറ്റ്മോര്‍ പ്രസ്താവനയില്‍ പറഞ്ഞു.സര്‍ക്കാര്‍ വാചകമടിയില്‍ നിന്ന് കാലാവസ്ഥാ പ്രവര്‍ത്തനത്തിലേക്ക് മാറണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിസിസി റിപ്പോര്‍ട്ട് അന്തിമ ഉണര്‍ത്തുപാട്ടാണെന്ന് ഫ്രണ്ട്സ് ഓഫ് ദി എര്‍ത്ത് ഡയറക്ടര്‍ ഒയിസണ്‍ കോഗ്ലാന്‍ പറഞ്ഞു.

2013ലെ റിപ്പോര്‍ട്ട് കാലാവസ്ഥാ വ്യതിയാനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനെക്കുറിച്ച് അന്തിമമായിരുന്നില്ല.എന്നാല്‍ ഇപ്പോഴത്തേത് അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഈ റിപ്പോര്‍ട്ട് പ്രത്യേകിച്ച് പ്രാധാന്യമര്‍ഹിക്കുന്നതായി സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ. മീഹോള്‍ ബൈറണ്‍ പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖമുദ്രകള്‍ ഈ തീവ്ര സംഭവങ്ങള്‍ വഹിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അവസരങ്ങള്‍ തുറക്കുന്ന റിപ്പോര്‍ട്ടെന്ന് പരിസ്ഥിതി മന്ത്രി

യുഎന്‍ റിപ്പോര്‍ട്ട് വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും അവ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്  പരിസ്ഥിതി, കാലാവസ്ഥാ മന്ത്രി എമണ്‍ റയാന്‍ പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തിന് മനുഷ്യര്‍ കാരണമാകുന്നത് തടയുന്നതിന് ആദ്യം ചെയ്യേണ്ടത് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുക എന്നതാണെന്ന് മന്ത്രി പറഞ്ഞു.

നൈട്രജന്‍ അധിഷ്ഠിത രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് കൃഷിയിലെ കാര്‍ബണ്‍ ഉദ്ഗമനം കുറയ്ക്കാന്‍ സഹായിക്കും. വ്യത്യസ്തമായ പുല്ലുകള്‍ നട്ടുപിടിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ സംരംക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളാകേണ്ടത് കര്‍ഷകരാണെന്ന് ഗ്രീന്‍ പാര്‍ട്ടി ലീഡര്‍ പറഞ്ഞു.

ഒന്നും ചെയ്യാതിരിക്കുന്നതിന് വലിയ വില  നല്‍കേണ്ടി വരുമെന്നാണ്  റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അതിനാല്‍ ഒത്തു ചേര്‍ന്ന് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.