head3
head1

അള്‍സ്റ്റര്‍ ബാങ്കിന്റെ 88 ബ്രാഞ്ചുകള്‍ പൂട്ടുന്നു… 2500 ജീവനക്കാരെ പിരിച്ചു വിട്ടേക്കും…!

ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അള്‍സ്റ്റര്‍ ബാങ്ക് അടച്ചുപൂട്ടാനൊരുങ്ങുന്നു.

ബാങ്ക് അടച്ചുപൂട്ടാന്‍ ആലോചിക്കുന്നതായാണ് അതിന്റെ ബ്രിട്ടീഷ് ഉടമകളില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ബാങ്കിന്റെ 88 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതോടെ 2500 പേര്‍ക്ക് ജോലി നഷ്ടമാകും.

കോവിഡ് പ്രതിസന്ധിയില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അള്‍സ്റ്റര്‍ ബാങ്കിന് 276 മില്യണ്‍ യൂറോയാണ് നഷ്ടം.

കോവിഡിനെ തുടര്‍ന്നുണ്ടായ നഷ്ടം വീണ്ടെടുക്കാന്‍ ആറ് വര്‍ഷം വേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതിനാലാണ് ബാങ്ക് അടച്ചുപൂട്ടാനൊരുങ്ങുന്നത്.

ബാങ്ക് അടച്ചുപൂട്ടേണ്ടി വന്നാല്‍ രാജ്യത്തെ ബാങ്കിംഗ് മേഖലയില്‍ ഇത് കനത്ത ആഘാതം സൃഷ്ടിക്കും.

മാതൃകമ്പനിയായ നാറ്റ്‌വെസ്റ്റ് അള്‍സ്റ്റര്‍ ബാങ്കിനെ മറ്റൊരു ബാങ്കുമായി ലയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും അത് ഫലപ്രാപ്തിയിലെത്താന്‍ സാധ്യതയില്ല.

അടുത്തിടെ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡ് എന്ന് വിളിക്കുന്ന നാറ്റ് വെസ്റ്റ് അയര്‍ലണ്ടിലെ ബാങ്കിംഗ് പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രാഞ്ചുകള്‍ പൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കില്‍ ഉപഭോക്താക്കള്‍ സേവനത്തിനായി മറ്റൊരു ബാങ്ക് കണ്ടെത്തണമെന്നും റിപ്പോര്‍ട്ടുണ്ട്.

ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വന്നാല്‍ മോര്‍ട്ട്‌ഗേജുകള്‍ വില്‍ക്കാനാണ് സാധ്യത.

അതേസമയം, ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ അള്‍സ്റ്റര്‍ ബാങ്കോ നാറ്റ്‌വെസ്‌റ്റോ ഇതുവരെ തയ്യാറായിട്ടില്ല.

ബാങ്കിംഗ് വ്യവസായ രംഗത്തെ പ്രമുഖന്‍ റുവെയര്‍ ഓഫ്‌ലിനെ അള്‍സ്റ്ററര്‍ ബാങ്കിന്റെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുത്തിന് ശേഷമായിരുന്നു ബാങ്ക് അടച്ചുപൂട്ടുകയാണെന്ന വാര്‍ത്ത പരന്നത്.

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലുതുമായ ധനകാര്യ സ്ഥാപനങ്ങളിലൊന്ന് പൊളിച്ചുമാറ്റുക, വില്‍ക്കുക, അടച്ചുപൂട്ടുക തുടങ്ങിയ സങ്കീര്‍ണ്ണമായ ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള ചുമതലയായിരിക്കും ഇനി അദ്ദേഹം പ്രധാനമായും നേരിടേണ്ടി വരിക.

അതേസമയം, ബാങ്ക് അടച്ചുപൂട്ടല്‍ വക്കിലാണെന്ന വെളിപ്പെടുത്തലില്‍ ഞെട്ടിപ്പോയെന്നായിരുന്നു ഫിനാന്‍ഷ്യല്‍ സര്‍വീസസ് യൂണിയന്റെ (എഫ്എസ്‌യു) പ്രതികരണം.

ജോലി സുരക്ഷിതമാക്കുന്നതിനും ആവര്‍ത്തനം കുറയ്ക്കുന്നതിനും കഴിഞ്ഞ കുറച്ച് ആഴ്ചകളായി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് നാറ്റ് വെസ്റ്റ് അള്‍സ്റ്റര്‍ ബാങ്കിന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനാല്‍, ബാങ്കിന്റെ വടക്കന്‍ ഐറിഷ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പദ്ധതികളില്ലെന്ന് മനസ്സിലാക്കുന്നതായി എഫ്എസ്‌യു ജനറല്‍ സെക്രട്ടറി ജോണ്‍ ഓ കോണെല്‍ പറഞ്ഞു.

അള്‍സ്റ്റര്‍ ബാങ്കിനായി എല്ലാ ഓപ്ഷനുകളും പരിഗണിക്കുമെന്ന് ഓഗസ്റ്റില്‍ നാറ്റ്‌വെസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് അലിസണ്‍ റോസ് വ്യക്തമാക്കിയിരുന്നു.

സുരക്ഷിതമായി ബിസിനസ് മുന്നോട്ട് കൊണ്ട് പോകുന്നതില്‍ 2019ല്‍ നേട്ടങ്ങള്‍ കൈവരിച്ചതായും വ്യക്തിഗത മോര്‍ട്ട്‌ഗേജും വാണിജ്യ വിഹിതവും വളര്‍ത്തുന്നതില്‍ വിജയിച്ചതായും അവര്‍ പറഞ്ഞിരുന്നു.

അതേസമയം, ഒരു പതിറ്റാണ്ടിന് മുമ്പുണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അള്‍സ്റ്റര്‍ ബാങ്കിന് ബ്രിട്ടീഷ് രക്ഷകര്‍ത്താക്കളില്‍ നിന്ന് 15 ബില്യണ്‍ യൂറോയാണ് അന്ന് ജാമ്യം ലഭിച്ചത്.

അതിനുശേഷം കുടിശ്ശികയുള്ള നിരവധി മോര്‍ട്ട്‌ഗേജ് അക്കൗണ്ടുകള്‍ വിറ്റഴിക്കുകയും ജോലികള്‍ വെട്ടിക്കുറയ്ക്കുകയും ബ്രാഞ്ചുകള്‍ അടക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ബാങ്ക് വീണ്ടും അതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിയെത്തിയത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബാങ്കിന് നേരത്തെയുണ്ടായിരുന്ന ലാഭവിഹിതം തിരിച്ച് പിടിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്.

ഐറിഷ് മലയാളി ന്യൂസ്‌

Comments are closed.