പാപ്പരായേക്കാമെന്ന് എലോണ്‍ മസ്‌ക്…സീനിയര്‍ ഉദ്യോഗസ്ഥരുടെ രാജി തുടരുന്നു…
പ്രതിസന്ധിയൊഴിയാതെ ട്വിറ്റര്‍
ന്യൂയോര്‍ക്ക് : എലോണ്‍ മസ്‌ക് ഏറ്റെടുത്തതതിനെ തുടര്‍ന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് വിവാദത്തിലായ ട്വിറ്ററില്‍ പ്രതിസന്ധി തുടരുന്നു.ലോകത്തിലെ വന്‍കിട പട്ടികയില്‍പ്പെട്ട സോഷ്യല്‍ മീഡിയാ സ്ഥാപനം പാപ്പരാകാനുള്ള സാധ്യതയുണ്ടെന്ന മസ്‌കിന്റെ പ്രസ്താവനയാണ് അവശേഷിക്കുന്ന ജീവനക്കാരെയും ബിസിനസ് ലോകത്തെയും ഞെട്ടിച്ചിരിക്കുന്നത്.അതിനിടെ സ്ഥാപനത്തെ ഭാവിയില്‍ മുന്നോട്ടു നയിക്കുമെന്ന് കരുതിയിരുന്ന സീനിയര്‍ എക്സിക്യൂട്ടീവുകള്‍ രാജിവെച്ചതും സ്ഥിതി സങ്കീര്‍ണ്ണമാക്കി.ട്വിറ്ററിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സ്ഥാപനത്തെ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒക്ടോബര്‍ 27ന് 44ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ നാടകീയ സംഭവവികാസങ്ങള്‍.കൂട്ടപ്പിരിച്ചുവിടലും സീനിയര്‍ ഉദ്യോഗസ്ഥരുടെ രാജിയും പരസ്യവരുമാനത്തിലെ ഇടിവും മസ്‌കിന്റെ പ്രഖ്യാപനങ്ങളുമെല്ലാം ട്വിറ്ററിന്റെ ഭാവി പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്.സീനിയര്‍ ഉദ്യോഗസ്ഥരുടെ ഈ കൊഴിഞ്ഞുപോക്ക് ട്വിറ്ററിനെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പറഞ്ഞു.
സ്ഥാപനത്തിലെ നിര്‍ണ്ണായക വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ പ്രമുഖ പരസ്യദാതാക്കള്‍ ട്വിറ്ററിനെ കൈവിട്ടിരുന്നു. പരസ്യ വരുമാനത്തില്‍ പ്രതിദിനം 40 മില്യണ്‍ ഡോളറിന്റെ കുറവാണുണ്ടായത്. അതിനിടെയാണ് ബുധനാഴ്ച മസ്‌കുമായുള്ള ട്വിറ്റര്‍ സ്‌പേസ് ചാറ്റ് മോഡറേറ്റ് ചെയ്ത രണ്ട് സീനിയര്‍ എക്‌സിക്യൂട്ടീവുകളായ യോയല്‍ റോത്ത്, റോബിന്‍ വീലര്‍ എന്നിവര്‍ രാജിവെച്ചത്.മസ്‌ക് ഏറ്റെടുത്തതിന് ശേഷം പരസ്യങ്ങളുടെ ചുമതലയുള്ള സീനിയര്‍ ഉദ്യോഗസ്ഥനായിരുന്നു വീലര്‍. ട്വിറ്ററിലെ സുരക്ഷയുടെയും സമഗ്രതയുടെയും തലവനായിരുന്നു റോത്ത് .തുടര്‍ന്ന് ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ലിയ കിസ്‌നറും ചീഫ് പ്രൈവസി ഓഫീസര്‍ ഡാമിയന്‍ കീറന്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ മരിയാനെ ഫോഗാര്‍ട്ടി എന്നിവരും രാജിവച്ചു.എന്നാല്‍ ഫെഡറല്‍ കമ്മീഷന്റെ മുന്നറിയിപ്പിനോടോ പാപ്പരായേക്കാമെന്ന മസ്‌കിന്റെ വെളിപ്പെടുത്തലിനോടോ ട്വിറ്റര്‍ ഇനിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്ത വര്‍ഷം കമ്പനിക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടമാകുമെന്ന് മസ്‌ക് ട്വിറ്ററില്‍ വ്യക്തമാക്കി.ട്വിറ്ററിലൂടെ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിലാണ് മസ്‌ക് ഈ മുന്നറിയിപ്പ് നല്‍കിയത്. റിമോട്ട്് ജോലി സംവിധാനം ഇനി മുതല്‍ അനുവദിക്കില്ലെന്നും ആഴ്ചയില്‍ 40 മണിക്കൂറെങ്കിലും ഓഫീസിലുണ്ടാകണമെന്നും മസ്‌ക് നിര്‍ദ്ദേശിച്ചു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.