വാഷ്ംഗ്ടണ്‍ : അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രമ്പ് അധികാരമേറ്റു.തെക്കന്‍ അതിര്‍ത്തിയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതടക്കമുള്ള ഉത്തരവുകളുടെ പെരുമഴ തീര്‍ത്തുകൊണ്ടാണ് ട്രമ്പ് തന്റെ ആദ്യ ദിനം പൂര്‍ത്തിയാക്കിയത്.പൗരത്വവും കുടിയേറ്റവും അമേരിക്ക എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന സൂചന നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളാണ് പുറത്തിറക്കിയത്.
രണ്ട് ഇംപീച്ച്‌മെന്റുകള്‍,കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടല്‍ രണ്ട് കൊലപാതകശ്രമങ്ങള്‍, തിരഞ്ഞെടുപ്പ് പരാജയം എന്നിവയെ മറികടന്നാണ് ട്രമ്പിന്റെ രണ്ടാം വരവ്.തോറ്റതിന് ശേഷവും രണ്ടാം തവണ വിജയിച്ച 19ാം നൂറ്റാണ്ടിനുശേഷമുള്ള ആദ്യത്തെ യു എസ് പ്രസിഡന്റാണ് ട്രമ്പ്.2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ 1,500ലധികം പേരില്‍ മിക്കവര്‍ക്കും മാപ്പ് നല്‍കുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചു.കലാപം അന്വേഷിച്ച രാഷ്ട്രീയക്കാര്‍ക്കും കോണ്‍ഗ്രസ് ജീവനക്കാര്‍ക്കും സാക്ഷ്യപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ബൈഡന്‍ നേരത്തേ മാപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസിന്റെ ഇരുസഭകളിലും മൃഗീയ ഭൂരിപക്ഷമുള്ള ട്രമ്പ് പാര്‍ട്ടിക്കുള്ളിലെ വിമതരെ പൂര്‍ണ്ണമായും ഒഴിവാക്കി.വിശ്വസ്തരെ ഉദ്യോഗസ്ഥരായി നിയമിക്കാനുള്ള പദ്ധതികളും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.തിരഞ്ഞെടുപ്പില്‍ 250 മില്യണ്‍ ഡോളറിലധികം ചെലവഴിച്ച ലോകത്തിലെ ഏറ്റവും ധനികനായ എലോണ്‍ മസ്‌കും ട്രമ്പിനൊപ്പമുണ്ട്.
സിനിമാ നടിക്ക് രഹസമായി പണം നല്‍കിയത് മറച്ചുവെക്കാന്‍ വ്യാജമായി രേഖകള്‍ നിര്‍മ്മിച്ചതിന് ന്യൂയോര്‍ക്ക് ജൂറി ട്രമ്പിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വൈറ്റ് ഹൗസ് നേതാവായിരുന്നു ട്രമ്പ്.എന്നാല്‍ പ്രസിഡന്റാകാന്‍ പോകുന്ന ഒരാളെ ശിക്ഷിക്കാനാവില്ലെന്ന നിയമ വ്യവസ്ഥ ചൂണ്ടിക്കാട്ടി ജഡ്ജി ട്രമ്പിനെ കുറ്റവിമുക്തനാക്കി. സത്യപ്രതിജ്ഞ കാണാന്‍ ട്രമ്പിന്റെ ആരാധാകര്‍ വാഷിംഗ്ടണ്‍ ഡി സിയില്‍ തടിച്ചുകൂടിയിരുന്നു.
കുടിയേറ്റക്കാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് തുടക്കം
എല്ലാ നിയമവിരുദ്ധ കുടിയേറ്റങ്ങളും ഉടനടി നിര്‍ത്തലാക്കുമെന്ന് ട്രമ്പ് പറഞ്ഞു. ലക്ഷക്കണക്കിന് വിദേശികളായ ക്രിമിനലുകളെ അവര്‍ വന്ന സ്ഥലങ്ങളിലേക്ക് തിരികെ അയയ്ക്കും.വിനാശകരമായ അധിനിവേശത്തെ ചെറുക്കാന്‍ യു എസ്-മെക്സിക്കോ അതിര്‍ത്തിയിലേക്ക് സൈന്യത്തെ നിയോഗിക്കുമെന്ന് ട്രമ്പ് പറഞ്ഞു.
ജന്മാവകാശ പൗരത്വം അവസാനിപ്പിക്കും
യു എസില്‍ ജനിച്ച ഏതൊരാള്‍ക്കും സ്വയമേവ പൗരത്വം ലഭിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള രീതി അവസാനിപ്പിക്കുമെന്ന് നേരത്തേ ട്രമ്പ് പ്രഖ്യാപിച്ചിരുന്നു.അസൈലം അവസാനിപ്പിക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അന്ന കെല്ലിയും വ്യക്തമാക്കി.ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു.
നിലവില്‍ യു എസില്‍ ജനിച്ച ഏതൊരാള്‍ക്കും ഭരണഘടന പൗരത്വം നല്‍കുന്നു.ജന്മാവകാശ പൗരത്വത്തെ 14-ാം ഭേദഗതിയിലൂടെ കൈകാര്യം ചെയ്യുമെന്ന് കെല്ലി പറഞ്ഞു.നിയമവിരുദ്ധമായി കഴിയുന്ന വിദേശികളുടെ കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം ഫെഡറല്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു.
അതേ സമയം, ജന്മാവകാശ പൗരത്വം മാറ്റാനുള്ള ശ്രമം വെല്ലുവിളി നിറഞ്ഞതാകുമെന്ന് എമിഗ്രേഷന്‍ വിദഗ്ദ്ധര്‍ പറഞ്ഞു.നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജന്മാവകാശ പൗരത്വം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പ്രസിഡന്റിന് എടുത്തുകളയാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ എമിഗ്രേഷന്‍ കൗണ്‍സില്‍ പറയുന്നു.സിവില്‍ റൈറ്റ്സ് ഗ്രൂപ്പായ യൂണിഡോസ് യുഎസും ഈ നീക്കത്തെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കി.
കോവിഡ് സമയത്ത് പൊതുജനാരോഗ്യ കാരണങ്ങളാല്‍ രാജ്യത്തേക്കുള്ള എല്ലാ പ്രവേശനവും തടഞ്ഞുകൊണ്ട് നടപ്പിലാക്കിയ ടൈറ്റില്‍ 42 ഉള്‍പ്പടെയുള്ള ട്രമ്പിന്റെ ആദ്യ ടേം ഉത്തരവുകളില്‍ പലതും ബൈഡന്റെ ഭരണകൂടം റദ്ദാക്കിയിരുന്നു.ഇത് കുടിയേറ്റക്കാരുടെ ഒഴുക്കിന് കാരണമായിരുന്നു. അതിര്‍ത്തിയില്‍ ആയിരക്കണക്കിന് ആളുകള്‍ തിങ്ങിനിറഞ്ഞതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
30,000 അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കി
കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട നടപടികള്‍ പ്രോസസ്സ് ചെയ്യാന്‍ സഹായിക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്റെ കീഴില്‍ കൊണ്ടുവന്ന സി ബി പി വണ്‍ ആപ്പ് ട്രമ്പ് നിര്‍ത്തലാക്കി. ഷെഡ്യൂള്‍ ചെയ്തിരുന്ന 30,000 അപ്പോയിന്റ്മെന്റുകളും റദ്ദാക്കിയതായി യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സോഷ്യല്‍ മീഡിയയയുടെ വാതിലുകള്‍ അടച്ചതായി ട്രമ്പിന്റെ പ്രധാന ഉപദേഷ്ടാവും കടുത്ത കുടിയേറ്റ വിരുദ്ധനുമായ സ്റ്റീഫന്‍ മില്ലര്‍ പ്രഖ്യാപിച്ചു.
യു എസിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ നിയമവിരുദ്ധ വിദേശികളും പിന്മാറണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.അനുമതിയില്ലാതെ പ്രവേശിക്കുന്നവര്‍ക്ക് പ്രോസിക്യൂഷനും പുറത്താക്കലും നേരിടേണ്ടിവരുമെന്നും ഇദ്ദേഹം പറഞ്ഞു.ട്രംപിന്റെ ആദ്യ ഭരണകൂടത്തില്‍ നിലനിന്ന മെക്സിക്കോയില്‍ തന്നെ തുടരുക എന്ന നയം പുനസ്ഥാപിച്ചതായും കെല്ലി പറഞ്ഞു.
വധശിക്ഷ
കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പൗരന്മാരല്ലാത്തവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് കെല്ലി പറഞ്ഞു.ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും കെല്ലി പറഞ്ഞു.
ചൊവ്വയില്‍ പതാക നാട്ടും
രാജ്യം ചൊവ്വയില്‍ പതാക നാട്ടുമെന്നും ട്രമ്പ് പ്രഖ്യാപിച്ചു.അവിടേയ്ക്ക് അമേരിക്കന്‍ ബഹിരാകാശയാത്രികരെ അയക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ട്രമ്പ് പറഞ്ഞു.
ട്രാന്‌സ്‌ജെന്‌ഡേഴ്‌സ് മാത്രം
പുരുഷനും സ്ത്രീയും എന്ന രണ്ട് ലിംഗക്കാര്‍ മാത്രം എന്നതായിരിക്കും യു എസ് നയമെന്നും ട്രമ്പ് പറഞ്ഞു.ചില സാഹചര്യങ്ങളില്‍ തേര്‍ഡ് ജെന്റര്‍ ഓപ്ഷന്‍ നല്‍കുന്ന നിലവിലെ രീതി അവസാനിപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
പനാമ കനാല്‍ അമേരിക്ക തിരിച്ചുപിടിക്കുമെന്ന് ട്രമ്പ് പറഞ്ഞു. കരാറിന്റെ ഉദ്ദേശ്യവും ആര്‍ത്ഥവും പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടതായി ട്രമ്പ് പറഞ്ഞു.എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ല.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.