സീറോ മലബാര്‍ ക്രമത്തിലുള്ള ശുശ്രൂഷകള്‍ രാവിലെ 9.30 ന് ജോപ്പുവിന്റെയും റൂവന്റെയും വീടുകളില്‍ ആരംഭിക്കും.തുടര്‍ന്ന് 11 മണിയോടെ ഡെറിയിലെ സെന്റ് മേരീസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയും ,സമാപന ശുശ്രൂഷകളും നടത്തപ്പെടും.
ഇരുവരുടെയും ആത്മാവിന് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ഥിയ്ക്കാന്‍ ഇന്നലെ ഡെറിയില്‍ സം ഘടിപ്പിച്ച നൈറ്റ് വിജിലില്‍ നൂറുകണക്കിനാളുകള്‍ മെഴുകുതിരികള്‍ തെളിയിച്ചു.സ്ട്രാത്ത്ഫോയിലിലെ സെന്റ് ഒലിവര്‍ പ്ലങ്കറ്റ് പള്ളിക്ക് പുറത്ത് തദ്ദേശവാസികളും മലയാളികളും അടങ്ങുന്ന ജനസമൂഹം റൂവന്‍ സൈമണിന്റെയും ജോസഫ് സെബാസ്റ്റ്യന്റെയും സ്മരണയില്‍ നമ്രശിരസ്‌കരായി.
അയര്‍ലണ്ടിന്റേയും,യൂ കെയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികളോടൊപ്പം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ബിഷപ്പ്, പ്രൊട്ടസ്റ്റന്റ് രൂപതാ ബിഷപ്പ്, ലാറ്റിന്‍ കാത്തലിക് ബിഷപ്പ് എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഒട്ടേറെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഈ പരിപാടിയില്‍ പങ്കെടുത്തു. ഫോക് സംഘത്തിന്റെ പാട്ടുകളോടെയാണ് അനുസ്മരണചടങ്ങുകള്‍ ആരംഭിച്ചത്.ഇടവക വികാരി ഫാ. മീഹോള്‍ കാനി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.ദുഖത്തിലായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള അവസരമാണിതെന്ന് ഫാ.മീഹോള്‍ കാനി പറഞ്ഞു.
”ഈ കൊച്ചുകുട്ടികള്‍ നമ്മുടെ കമ്മ്യൂണിറ്റിയുടെ ഭാഗമാണ്. ഒരാള്‍ ഇന്ത്യയില്‍ ജനിച്ച് മൂന്ന് മാസമുള്ളപ്പോള്‍ ഇവിടെയെത്തിയതാണ്. മറ്റേയാള്‍ ഇവിടെയുള്ള പലരേയും പോലെ ആള്‍ട്ട്‌നാഗല്‍വിന്‍ ഹോസ്പിറ്റലിലാണ് ജനിച്ചത്’ ഫാ.മീഹോള്‍ കാനി പറഞ്ഞു.
ഇവിടെ ഇത്രയും കുടുംബങ്ങളെ ഒന്നിച്ചു കാണുന്നത് ഈ ദുഖത്തില്‍ ആശ്വാസം നല്‍കുന്നതാണെന്ന് ഡെറിയിലെ മേയര്‍ സാന്ദ്ര ഡഫി പറഞ്ഞു.വലിയൊരു ദുരന്തമാണ് അയര്‍ലണ്ടിന് സംഭവിച്ചതെന്ന് എസ് ഡി എല്‍ പി എം എല്‍ എ മാര്‍ക്ക് ദുര്‍ക്കന്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി എരുമേലി കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസ് (അജു)വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍ (16), കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രപ്പള്ളില്‍ ജോഷി സൈമണിന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ (16) എന്നിവര്‍ മുങ്ങി മരിച്ചത്. ഇരുവരും ഡെറി സെന്റ് കൊളംബസ് ബോയ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.