head3
head1

ബാക്കിയെല്ലാവരെയും ഒഴിവാക്കി, താരിഫ് പോരാട്ടത്തില്‍ യു എസിന്റെ ശത്രു ചൈന മാത്രം

വാഷിംഗ്ടണ്‍ : യു എസ് തുടങ്ങിവെച്ച ‘താരിഫ്’ ചൈന-അമേരിക്കന്‍ വ്യാപാരയുദ്ധമായി മാറുന്നതിന്റെ സൂചനകള്‍. ചൈനയ്ക്കെതിരെ ചുമത്തിയ താരിഫിന് ചൈന പകരച്ചങ്കത്തിലൂടെ വന്‍ തിരിച്ചടി നല്‍കിയിരുന്നു. ഇതിന് പ്രതികാര നടപടിയെന്ന നിലയില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് മേലുള്ള യു എസ് താരിഫ് 125%മായി വര്‍ദ്ധിപ്പിച്ചുള്ള പ്രഖ്യാപനമാണ് ഇന്നലെ വന്നത്. മറ്റു രാജ്യങ്ങള്‍ക്ക് മേലുള്ള താരിഫുകള്‍ 90 ദിവസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കാനും അത് 10% ആയി കുറയ്ക്കാനുമുള്ള തീരുമാനം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.ഈ നീക്കമാണ് ചൈന മാത്രമാണ് യു എസിന്റെ മുഖ്യ വ്യാപാര ശത്രു എന്ന നിരീക്ഷണത്തിന് കാരണമായത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നാടകീയ സംഭവവികാസങ്ങളാണ് അമേരിക്കന്‍ താരിഫുമായി ബന്ധപ്പെട്ട് ആഗോള വിപണിയില്‍ സംഭവിച്ചത്.ട്രംപിന്റെ ഈ നടപടികളെ തുടര്‍ന്ന് ആഗോള ഓഹരി വിപണി ഉണര്‍ന്നു. വാള്‍സ്ട്രീറ്റ് സൂചികകള്‍ കുതിച്ചുയര്‍ന്നു.

എല്ലാ രാജ്യങ്ങള്‍ക്കും താരിഫില്‍ ഇളവു നല്‍കിയപ്പോഴും ചൈനയെ വെറുതെ വിടാന്‍ ട്രംപ് തയ്യാറായില്ല. യുഎസ് ഇറക്കുമതികള്‍ക്ക് മേല്‍ ചൈന 84% താരിഫ് പ്രഖ്യാപിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. മാത്രമല്ല ലോക വ്യാപാരസംഘടനയില്‍ യു എസ് നടപടിയെ ചോദ്യം ചെയ്ത് പരാതി നല്‍കിയതും കലിപ്പുണ്ടാക്കി.

നിരവധി രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായതും യുഎസിനെതിരെ ഒരു വിധ പകരച്ചുങ്കവും ഉണ്ടാകില്ലെന്ന് അറിയിച്ചതുമാണ് താരിഫ് താല്‍ക്കാലികമായി നിര്‍ത്താനുള്ള തീരുമാനത്തിന് കാരണമായതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരിഫ് താല്‍ക്കാലികമായി നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.

എന്നിരുന്നാലും കാനഡ, മെക്സിക്കോ എന്നിവയ്ക്കുള്ള താരിഫുകളും അലുമിനിയം, സ്റ്റീല്‍, കാറുകള്‍ എന്നിവയുടെ താരിഫും ഇപ്പോഴും നിലവിലുണ്ട്. ചൈനയില്‍ ഇനി താരിഫ് ഉയര്‍ത്തില്ലെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു

90 ദിവസത്തെ താല്‍ക്കാലിക വിരാമം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുമെന്നും ഐറിഷ് വ്യാപാരി സമൂഹത്തിന് ആശ്വാസം നല്‍കുമെന്നും ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു. യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കുമായി താരിഫ് സംബന്ധിച്ച് സൈമണ്‍ ഹാരിസ് ചര്‍ച്ച നടത്തിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.