head3
head1

ഗോള്‍വേ ബിഷപ്പ് ബ്രെണ്ടന്‍ കെല്ലിക്ക് ഹൃദയപൂര്‍വം നന്ദി പറഞ്ഞ് സീറോ മലബാര്‍ സഭ

ഗോള്‍വേ: ഗോള്‍വേ സീറോ മലബാര്‍ സഭാ സമൂഹത്തിന് നല്‍കുന്ന കരുതലിനും സ്‌നേഹത്തിനും ഹൃദയപൂര്‍വ്വം നന്ദിപറഞ്ഞ് ബിഷപ്പ് ബ്രെണ്ടന്‍ കെല്ലിക്ക് സീറോ മലബാര്‍ സഭയുടെ യാത്രയയപ്പ്. പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ ഗോള്‍വേ ബിഷപ്പിന്റെ ഔദ്യോഗിക ചുമതലയില്‍ നിന്ന് പടിയിറങ്ങുന്ന ബിഷപ്പ് ബ്രണ്ടന്‍ കെല്ലിയാണ് സീറോ മലബാര്‍ സഭാ സമൂഹത്തിന്റെ ആത്മീയ ശുശ്രൂഷകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും മുഴുവന്‍ സമയ ചാപ്ലിന്റെ സേവനം ഒരുക്കുകയും ചെയ്തത്.

ഏപ്രില്‍ മൂന്ന് ഞായറാഴ്ച മെര്‍വ്യൂ ഹോളി ഫാമിലി ദേവാലയത്തില്‍ അര്‍പ്പിക്കപ്പെട്ട വി. കുര്‍ബാനയിലും നന്ദിയര്‍പ്പണ മീറ്റിംഗിലും സ്‌നേഹവിരുന്നിലും പങ്കെടുത്ത ബിഷപ്പ് ഗോള്‍വേയിലെ താമസക്കാരായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളെ യേശുവിന്റെ സ്‌നേഹ ഐക്യത്തില്‍ നിലനിര്‍ത്താനുള്ള എളിയ സേവനമായിരുന്നു തന്റെ അജപാലനം എന്ന് വ്യക്തമാക്കി. ഇന്ത്യന്‍ സമൂഹം പ്രത്യേകിച്ച് സീറോ മലബാര്‍ സമൂഹം നല്‍കുന്ന വിശ്വാസ സാക്ഷ്യത്തിനും, ചാപ്ലിന്‍ ഫാ. ജോസ് ഭരണികുളങ്ങരയുടെ സേവനത്തിനും വിശ്വാസികളുടെ സഹകരണത്തിനും പിതാവ് നന്ദി പറഞ്ഞു.

സമ്മേളനത്തില്‍ ജോബി പോള്‍ സ്വാഗതം പറഞ്ഞു. മെര്‍വ്യു ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ ഗ്ലിന്‍, ഫാ. സണ്ണി ജേക്കപ്പ് എസ്. ജെ. (ജസ്യൂട്ട് ഹോം. ഗാല്‍വേ) കൈകാരന്‍ ജിയോ ജോസഫ്, കാറ്റിക്കിസം കുട്ടികളുടെ പ്രതിനിധി അനിറ്റ മരിയ ജോ, മാതൃവേദിക്കു വേണ്ടി ജെറിന്‍ ജിനേഷ് എന്നിവര്‍ പിതാവിന് ജൂബിലി ആശംസകള്‍ അര്‍പ്പിച്ചു. സീറോ മലബാര്‍ സഭാ സമൂഹത്തിന്റെ സ്‌നേഹോപഹാരമായ് മൊമെന്റോ കൈക്കാരന്‍ ഷൈനി ജോണ്‍സന്‍ സമ്മാനിച്ചു.

വി. കുര്‍ബാനക്കും വിശ്വാസ പരിശീലന ക്ലാസ്സുകള്‍ക്കും എല്ലാ സൗകര്യങ്ങളും ഉള്ള മെര്‍വ്യു ദേവാലയം അനുവദിച്ച് നിര്‍ലോഭമായ സഹായങ്ങള്‍ ചെയ്തുതരുന്ന ഇടവക വികാരി ഫാ. മാര്‍ട്ടിന് നന്ദി പറഞ്ഞു.

മാതൃവേദി, പിതൃവേദി ഭക്തസംഘടനകളുടെ ഇടവകതല ഉല്‍ഘാടനം തിരിതെളിച്ച് ബിഷപ്പ് ബ്രണ്ടന്‍ നിര്‍വഹിച്ചു.

ജൂബിലി കൃതജ്ഞതാ വിശുദ്ധ ബലിയില്‍ കുട്ടികളുടെ കൊയര്‍ ആദ്യമായി ഭക്തിസാന്ദ്രമായി ഗാനങ്ങള്‍ ആലപിച്ചു.

ആള്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭ സംഘടിപ്പിച്ച ഗോറിയ 21 പ്രസംഗ മത്സരത്തില്‍ വിജയിയായ അനിറ്റ മരിയ ജോ ക്ക് സമ്മാനം നല്‍കി. പഠനം പൂര്‍ത്തിയാക്കിയ പന്ത്രണ്ടാം ക്ലാസിലെ വിശ്വാസ പരിശീല വിദ്യാര്‍ത്ഥികളെ തദ്ദവസരത്തില്‍ ആദരിച്ചു.

ഫാ. ജോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ പള്ളിക്കമ്മറ്റിയും, ഗായകസംഘം, കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ്,

മാതൃവേദി, പിതൃവേദി, എസ്. എം. വൈ. എം. എന്നിവരും പരിപാടിയുടെ വിജയത്തിനായ് പ്രവര്‍ത്തിച്ചു.

Wilson
Syro Malabar Community Galway

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.