head3
head1

കോവിഡ് കാലത്തെ തൊഴില്‍ പ്രതിസന്ധി… അയര്‍ലണ്ടിന് 2.5 ബില്യണ്‍ യൂറോയുടെ വായ്‌പാ പദ്ധതിയുമായി ഇയു…

ഡബ്ലിന്‍ : ഹ്രസ്വകാല തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അയര്‍ലണ്ടിന് 2.5 ബില്യണ്‍ യൂറോ ലോണുമായി യൂറോപ്യന്‍ യൂണിയന്‍.

കോവിഡ് മഹാമാരി ബാധിച്ച അംഗരാജ്യങ്ങള്‍ക്ക് അടിയന്തിര സാഹചര്യങ്ങളിലെ തൊഴിലില്ലായ്മയുടെ അപകടസാധ്യത കുറയ്ക്കാന്‍ പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയുടെ (SURE) ഭാഗമായാണ് അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയന്‍ ലോണ്‍ നല്‍കുന്നത്.

നവംബര്‍ 13നാണ് കമ്മിഷന്‍ അയര്‍ലണ്ടിന് 2.5 ബില്യണ്‍ യൂറോയുടെ സാമ്പത്തിക സഹായം നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന്, തിങ്കളാഴ്ച രാവിലെ ഇയു കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അയര്‍ലണ്ടിന് വായ്പ ലഭ്യമാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

കോവിഡ് മഹാമാരിക്കാലത്തും ജനങ്ങള്‍ക്ക് ജോലി ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് ഹ്രസ്വകാല തൊഴിലുകള്‍ക്കായി പുതിയ പദ്ധതി നടപ്പാക്കിയതെന്നും അവര്‍ പറഞ്ഞു.

അതേസമയം, SURE പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിക്കുന്ന 18-ാമത് യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് അയര്‍ലണ്ട്.

ഇതുവരെ 90.3 ബില്യണ്‍ യൂറോയാണ് പദ്ധതി പ്രകാരം വിവിധ അംഗരാജ്യങ്ങള്‍ക്കുള്ള വായ്പയായി ഇയു അംഗീകരിച്ചത്.

ആദ്യഘട്ടത്തില്‍ ഇറ്റലി, സ്‌പെയിന്‍, പോളണ്ട് തുടങ്ങി രാജ്യങ്ങള്‍ക്കായി 17 ബില്യണ്‍ യൂറോ വിതരണം ചെയ്തു.

പൊതുചെലവിലെ പെട്ടെന്നുള്ള വര്‍ധനയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് 100 ബില്യണ്‍ യൂറോ വരെ ധനസഹായം ലഭ്യമാക്കാന്‍ പദ്ധതിയുടെ ഭാഗമായി യൂറോപ്യന്‍ യൂണിയന് സാധിക്കും.

അതേസമയം, യൂറോപ്യന്‍ യൂണിയന്റെ പുതിയ ലോണ്‍, പാന്‍ഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റിന് (പി.യു.പി) കൂടി വിനിയോഗിക്കാമെന്നാണ് ഐറിഷ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

സാമൂഹിക സംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുകള്‍ പ്രകാരം നവംബര്‍ 3വരെയുള്ള ആഴ്ചയില്‍ ഏകദേശം 330,000 പേര്‍ക്കാണ് അയര്‍ലണ്ടില്‍ പിയുപി ലഭിച്ചത്.

ഒരാഴ്ചയ്ക്കുള്ളില്‍ 34,000 പേരുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.